മെറ്റയുടെ ഉത്പന്നങ്ങളായ ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം എന്നിവയുടെ ഉപയോക്താക്കൾക്ക് സ്വകാര്യതാ നയത്തില്‍ പുതിയ മാറ്റം പ്രഖ്യാപിച്ച് കമ്പനി. ഉപയോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ലഭിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്. ഈ പ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവിന്‍റെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന മാറ്റങ്ങൾ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മെറ്റ വ്യക്തമാക്കുന്നത്.
നേരത്തെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗത്തിന്‍റെ പേരില്‍ മെറ്റ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇത് തിരുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. എന്നാല്‍ മെറ്റയുടെ കീഴിലുള്ള വാട്ട്‌സ്ആപ്പിന് പുതിയ അപ്ഡേറ്റ് ബാധകമല്ല. പുതിയ രീതി അനുസരിച്ച് ഉപയോക്താവിന്‍റെ ഡാറ്റ ശേഖരിക്കാനോ ഉപയോഗിക്കാനോ പങ്കിടാനോ വലിയ നിയന്ത്രണമൊന്നും മെറ്റയ്ക്ക് ഉണ്ടാകുന്നില്ല. എന്നാല്‍ ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്ന് നിയന്ത്രിക്കാൻ കഴിയുന്ന രീതിയിലുള്ള രണ്ട് മാറ്റങ്ങളാണ് മെറ്റ വരുത്തുന്നത്.
പുതിയ ക്രമീകരണത്തിൽ ആളുകൾക്ക് ഡിഫോൾട്ടായി അവരുടെ പോസ്റ്റുകൾ ആർക്കൊക്കെ കാണാനാകുമെന്നതിൽ കൂടുതൽ നിയന്ത്രണം നൽകാൻ സാധിക്കും .ഒപ്പം ഉപയോക്താക്കൾക്ക് കാണാനാകുന്ന പരസ്യങ്ങളുടെ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരൊറ്റ ഇന്റർഫേസിലേക്ക് ഏകീകരിക്കുകയും ചെയ്യുന്നു. കൂടാതെ ഏതെങ്കിലും അവസരത്തിൽ കമ്പനി ഏതെങ്കിലും അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ആ അക്കൗണ്ടിന് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും മെറ്റനല്‍കുന്നുണ്ട്. ഒപ്പം മെറ്റ വിവരങ്ങൾ പങ്കിടുകയും, അത് സ്വീകരിക്കുകയും ചെയ്യുന്ന മൂന്നാം കക്ഷികളെക്കുറിച്ചുള്ള വിവരങ്ങും നൽകുന്നു. ഒരോ പ്ലാറ്റ്ഫോമിലും ഡാറ്റ എങ്ങനെ പങ്കിടുന്നു എന്നതിനെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ നൽകുമെന്നും മെറ്റാ വ്യക്തമാക്കുന്നു.
ജൂലൈ 26 മുതൽ പുതിയ അപ്ഡേറ്റുകള്‍ നിലവില്‍ വരുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇത് അവതരിപ്പിക്കുന്ന സങ്കീര്‍ണ്ണത കുറയ്ക്കാനാണ് മെറ്റയുടെ പുതിയ അറിയിപ്പ്. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അടക്കം സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വകാര്യ നയങ്ങള്‍ ശക്തമാക്കുന്നതോടെ ഈ പുതിയ അപ്ഡേറ്റുകള്‍ മാത്രം മതിയാകില്ല എന്ന വെല്ലുവിളിയും മെറ്റ നേരിടുന്നു. ഒപ്പം റെഗുലേറ്റർമാരിൽ നിന്ന് ഉപയോക്തൃ ഡാറ്റ എങ്ങനെ കൈകാര്യം ചെയ്യുന്നു, സംരക്ഷിക്കുന്നു എന്നതില്‍ മെറ്റയ്ക്ക് മുകളിലുള്ള നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...