വിന്‍ഡിസ് ഏകദിന ടീമിലേക്ക് പൊള്ളാര്‍ഡിന്റെയും നരൈന്റെയും തിരിച്ചുവരവിനെച്ചൊല്ലി ട്വിറ്ററില്‍ താരങ്ങളുടെ പോര്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട സീനിയര്‍ താരങ്ങളായ ക്രിസ് ഗെയ്ല്, ബ്രാവോ, സമി എന്നിവരാണ് ടീം സെലക്ഷനെതിരെ ട്വിറ്ററില്‍ പരസ്യമായി രംഗത്തെത്തിയത്. ടീമില്‍ തിരിച്ചെത്തിയ പൊള്ളാര്‍ഡിനെയും നരൈനെയും അഭിനന്ദിച്ചും വെസ്റ്റിന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനെ പരിഹസിച്ചുമാണ് സീനിയര്‍ താരങ്ങളുടെ ട്വീറ്റ്.
ട്വന്റി-20 ലോകകപ്പില്‍ പരിക്കിന്റെ പേരില്‍ വിന്‍ഡീസിനായി കളിക്കാനിറങ്ങാതിരുന്ന താരമാണ് പൊളാര്‍ഡ്. അദ്ദേഹം ടീമില്‍ എത്തിയതില്‍ അഭിനന്ദിക്കുന്നു. സൂപ്പര്‍ 50 കപ്പിലോ (ആഭ്യന്തര ഏകദിന ടൂര്‍ണമെന്റ്) 2014ന് ശേഷം ഏകദിനത്തിലോ പൊളാര്‍ഡ് കളിച്ചിട്ടില്ല. പിന്നെങ്ങനെ പൊളാര്ഡിന് ടീമില്‍ ഇടം ലഭിക്കും? സമി ചോദിക്കുന്നു.
വിന്‍ഡീസ് സെലക്ടര്‍മാരുടെ തീരുമാനത്തെ. ഈ ദിവസത്തെ തമാശയെന്നാണ് ബ്രാവോ വിശേഷിപ്പിക്കുന്നത്. ഇതേ പൊളാര്ഡിനെയും നരെയ്നെയും കളിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ സെലക്ടര്‍മാര്‍ക്ക് ഒരു നിമിഷം കൊണ്ട് ബോധോദയം ഉണ്ടായോ എന്നും ബ്രാവോ ചോദിക്കുന്നു.
ഗെയ്ലും സെലക്ടര്‍മാരെ വെറുതെവിട്ടില്ല. ഇതെങ്ങനെ ശരിയാകുമെന്നു അദ്ദേഹം പരിതപിക്കുന്നു. സൂപ്പര്‍ 50 കപ്പില്‍ ബൗളിംഗ് ആക്ഷന്‍ ശരിയല്ലെന്നു പറഞ്ഞ് കളിക്കേണ്ടെന്ന് പറഞ്ഞു മടക്കിയതാണ് നരെയ്നെ. ഇപ്പോള്‍ അദ്ദേഹം ടീമില്‍!. ഇങ്ങനെ പോകുന്നു ഗെയ്ലിന്റെ കമന്റുകള്‍. ഏതായാലും പ്രശ്നങ്ങളൊഴിയാത്ത കരീബിയന്‍ ക്രിക്കറ്റില്‍ പുതിയ വിവാദങ്ങള്‍ക്കാണ് ടീം സെലക്ഷന് വഴിതെളിച്ചിരിക്കുന്നത്.