ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന സാഫ് കപ്പിൻറെ കലാശപ്പോരാട്ടത്തിൽ കുവൈത്തിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ 9-ാം കിരീടം ചൂടിയത്. നിശ്ചിത സമയവും പെനാൾട്ടി ഷൂട്ടും കടന്ന് സഡൻ ഡെത്തിലേയ്ക്ക് നീങ്ങിയ വാശിയേറിയ മത്സരത്തിനൊടുവിലാണ് ഇന്ത്യ സാഫ് കിരീടത്തിൽ മുത്തമിട്ടത്. കുവൈത്തിൻറെ നിർണായകമായ കിക്ക് ഇന്ത്യൻ ഗോൾ കീപ്പർ തടുത്തിട്ടതിന് പിന്നാലെ കന്തീരവ സ്റ്റേഡിയം ആർത്തുവിളിച്ചു. വൈകാതെ തന്നെ ഗ്യാലറി ഒന്നടങ്കം ഒരേ സ്വരത്തിൽ വന്ദേ മാതരം പാടുകയും ചെയ്തു. ഇതിൻറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
Goosebumps guaranteed! #SAFFChampionship2023 #INDKUW pic.twitter.com/mVGzW47p3U
— FanCode (@FanCode) July 4, 2023
നിശ്ചിത സമയത്ത് ഒരു ഗോൾ വീതം നേടി ഇന്ത്യയും കുവൈത്തും സമനില പാലിച്ചതോടെയാണ് മത്സരം പെനാൾട്ടി ഷൂട്ടിലേയ്ക്ക് നീങ്ങിയത്. പെനാൾട്ടി ഷൂട്ടിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം (4-4) നിന്നു. ഇതോടെ വിജയിയെ കണ്ടെത്താനായി മത്സരം സഡൻ ഡെത്തിലേയ്ക്ക് നീങ്ങി. ആദ്യം കിക്ക് എടുത്ത ഇന്ത്യൻ താരം മഹേഷ് നോറെം ലക്ഷം കണ്ടു. എന്നാൽ, കുവൈത്തിൻറെ ഖലീദ് ഹാജിയയുടെ കിക്ക് തകർപ്പൻ സേവിലൂടെ തട്ടിയകറ്റിയ ഗോൾ കീപ്പർ ഗുർപ്രീത് സന്ധുവാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്.
ALSO READ: ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടാനാകാതെ വെസ്റ്റ് ഇൻഡീസ്; സ്കോട്ട്ലാൻഡിന് അട്ടിമറി ജയം
ഇതിന് പിന്നാലെ, കന്തീരവ സ്റ്റേഡിയത്തിൽ ആഹ്ലാദം അണപൊട്ടി ഒഴുകുന്ന കാഴ്ചയാണ് കാണാനായത്. എ.ആർ റഹ്മാൻ ഒരുക്കിയ വന്ദേ മാതരം എന്ന ഗാനം സ്റ്റേഡിയം ഒന്നടങ്കം ഏറ്റുപാടുന്ന രംഗങ്ങൾ ഏതൊരു ഇന്ത്യൻ ആരാധകനെയും രോമാഞ്ചം കൊള്ളിക്കുന്നതായിരുന്നു. വന്ദേ മാതരത്തിന് പുറമെ 'മാ തുജേ സലാം' എന്ന വരികളും ഗ്യാലറിയിൽ നിന്ന് മുഴങ്ങിക്കേട്ടു. മത്സരത്തിന് പിന്നാലെ ഗോൾ കീപ്പർ ഗുർപ്രീത് സന്ധുവും നായകൻ സുനിൽ ഛേത്രിയും വികാരാധീനരായാണ് കാണപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...