സെൻ്റ് ലൂസിയ: ടി-20 ലോകകപ്പ് സെമിയിൽ കടന്ന് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ 24 റൺസിൻ്റെ ജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തപ്പോൾ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുക്കാനെ കഴിഞ്ഞുളളു. സൂപ്പർ എട്ടിൽ മൂന്ന് ജയത്തോടെ ഗ്രൂപ്പ് വിന്നറായാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചത്. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ജൂൺ 27നാണ് സെമിപോരാട്ടം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നായകൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മികച്ച സ്കോർ സമ്മാനിച്ചത്. 41 പന്തിൽ 92 റൺസ് എടുത്ത രോഹിത് സെഞ്ച്വറിക്ക് അരികെ വീഴുകയായിരുന്നു. തുടക്കം മുതൽ ആക്രമിച്ച് കളിച്ച രോഹിത് ശർമ്മ 19 പന്തിലാണ് അർധ സെഞ്ച്വറി നേടിയത്. ഏഴ് ഫോറും എട്ട് സിക്സും അടങ്ങിയതാണ് രോഹിതിൻ്റെ ഇന്നിങ്സ്. തകർച്ചയോടെയാണ് ഇന്ത്യ ഇന്നിങ്സ് ആരംഭിച്ചത്. സ്‌കോർ ബോർഡിൽ ആറ് റൺസുള്ളപ്പോൾ കോഹ്ലി മടങ്ങി. അഞ്ച് പന്തുകൾ നേരിട്ട കോഹ്ലിക്ക് റൺസൊന്നും നേടാനായില്ല. പിന്നീട് രോഹിത് - റിഷഭ് പന്ത് സഖ്യം 87 റൺസ് കൂട്ടിചേർത്തു. എന്നാൽ പന്തിന് 14 പന്തിൽ 15 റൺസ് മാത്രമെടുക്കാനെ കഴിഞ്ഞുള്ളു.
പിന്നീട് സൂര്യകുമാർ യാദവിനൊപ്പം (16 പന്തിൽ 31) 34 റൺസ് കൂടി ചേർത്തിട്ടാണ് രോഹിത് മടങ്ങിയത്. സൂര്യക്ക് പിന്നാലെ ശിവം ദുബെയും (22 പന്തിൽ 28) പുറത്തായി. ഹാർദിക് പാണ്ഡ്യ (17 പന്തിൽ 27), രവീന്ദ്ര ജഡേജ (5 പന്തിൽ 9) എന്നിവർ പുറത്താവാതെ നിന്നു. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്കും മാർക്കസ് സ്റ്റോയിണിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടീമിൽ ഒരു മാറ്റവുമില്ലാതെയാണ് ഇന്ത്യ ഇന്നും ഇറങ്ങിയത്. അതേസമയം ഓസ്ട്രേലിയ സ്റ്റാർ ബൗളറായ മിച്ചൽ സ്റ്റാർക്കിനെ തിരിച്ച് ടീമിലെത്തിച്ചു. രണ്ട് വിക്കറ്റ് നേടിയെങ്കിലും സ്റ്റാർക്ക് റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ചില്ല.
Also Read: Kerala Weather: നാല് ദിവസം കൂടി അതിശക്തമായ മഴ: ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
206 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് ആദ്യ ഓവറിൽ തന്നെ ഡേവിഡ് വാർണറുടെ (ആറ്) വിക്കറ്റ് നഷ്ടമായി. അർഷദീപിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ ട്രാവിസ് ഹെഡ് - മിച്ചൽ മാർഷ് സഖ്യം നല്ല പ്രകടനം കാഴ്ചവച്ച് ഓസീസിന് പ്രതീക്ഷ നൽകിയെങ്കിലും മിച്ചൽ മാർഷിനെ (37) എട്ടാം ഓവറിൽ കുൽദീപ് യാദവ് പുറത്താക്കി അതിന് തടയിട്ടു. പിന്നീട് എത്തിയ ഗ്ലെൻ മാക്സ്വെൽ (20), മാർക്കസ് സ്റ്റോയിണിസ് (രണ്ട്) തുടങ്ങിയവർക്ക് വേഗം വിക്കറ്റ് നഷ്ടമായി. ഒരറ്റത്ത് ഓപ്പണറായ ട്രാവിസ് ഹെഡ് പിടിച്ചുനിന്നെങ്കിലും 16ാം ഓവറിൽ ബുമ്രയുടെ പന്തിൽ രോഹിതിന് ക്യാച്ച് നൽകി പുറത്തായി. ഇതായിരുന്നു ഇന്ത്യയുടെ ബ്രേക്ക് ത്രൂ. 43 പന്തിൽ 76 റൺസാണ് ഹെഡ് നേടിയത്.
അടുത്ത ഓവറിൽ വേഡിനെയും (ഒന്ന്) ഓസ്ട്രേലിയക്ക് നഷ്ടമായി. ടിം ഡേവിഡ് (15) ഓസ്ട്രേലിയക്ക് നേരിയ പ്രതീക്ഷ നൽകിയെങ്കിലും ഓസ്ട്രേലിയയെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. 11 റൺസുമായി പാറ്റ് കമ്മിൻസും നാല് റൺസുമായി മിച്ചൽ സ്റ്റാർക്കും പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി അർഷദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുമ്രയും അക്ഷർ പട്ടേലും ഒരു വിക്കറ്റ് വീതം വീഴ്ത്തി. ഗംഭീര ബാറ്റിങ് പ്രകടനം കാഴ്ചവച്ച രോഹിത് ശർമ്മയാണ് കളിയിലെ താരം.
തോൽവിയോടെ ഓസ്ട്രേലിയയുടെ സെമി പ്രവേശനം അത്ര എളുപ്പമല്ലാതെയായി. മൂന്ന് മത്സരങ്ങളിൽ രണ്ട് പോയിന്റാണ് ഓസീസ് നേടിയത്. ഇന്ന്, ജൂൺ 25ന് നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ നാല് പോയിൻ്റോടെ അഫ്ഗാൻ സെമിയിൽ കടക്കുകയും ഓസ്ട്രേലിയ സെമി കാണാതെ പുറത്താവുകയും ചെയ്യും. ബംഗ്ലാദേശ് കൂറ്റൻ മാർജിനിൽ ജയിച്ചാൽ മാത്രമെ സെമിയിൽ കടക്കൂ. അതേസമയം ഓസ്ട്രേലിയക്ക് ഇനി സെമി ടിക്കറ്റ് കിട്ടണമെങ്കിൽ ബംഗ്ലാദേശുമായി അഫ്ഗാൻ തോൽക്കുകയും എന്നാൽ ബംഗ്ലാദേശ്, ഓസ്ട്രേലിയയുടെ നേറ്റ് റൺറേറ്റ് മറിടകടക്കുകയും ചെയ്യരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy