ദുബായ് : ഏഷ്യ കപ്പ് ടൂർണമെന്റിനിടെ പരിക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ താരം രവീന്ദ്ര ജഡേജയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന താരം ടൂർണമെന്റിൽ നിന്നും പിന്മാറുകയായിരുന്നു. ശേഷം നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുയെന്ന് അറിയിച്ചകൊണ്ട് താരം സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെക്കുകയും ചെയ്തു. എല്ലാവരുടെയും പ്രാർഥനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റിൽ താൻ ഉടൻ തിരിച്ച് വരുമെന്ന് താരം അറിയിച്ചു.
"ശസ്ത്രക്രിയ വിജയകരമായിരുന്നു. നൽകി പിന്തുണയക്ക് ഒരുപാട് പേർക്ക് നന്ദി അറിയിക്കാനുണ്ട്. ബിസിസിഐ, സഹതാരങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫ്, ഫിസിയോകൾ, ഡോക്ടർമാർ, ആരാധകർ അങ്ങനെ എല്ലാവർക്കും. റീഹാബിലേഷൻ ഉടൻ ആരംഭിക്കും. എനിക്ക് കഴിയും വിധം ഉടൻ തിരിച്ച് വരും. എല്ലാവരുടെ സ്നേഹം നിറഞ്ഞ ആശംസകൾക്ക് നന്ദി" ജഡേജ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഹോങ്കോങ്ങിനെതിരെയുള്ള മത്സരത്തിനിടെയാണ് ജഡേജയ്ക്ക് വലത് കാൽമുട്ടിന് പരിക്കേൽക്കുന്നത്. പകരം സ്റ്റാൻഡ്ബൈ താരം അക്സർ പട്ടേൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം നിർണായക ഇന്നിങ്സ് ജഡേജ പങ്കുവെച്ചിരുന്നു. നേരത്തെ ഐപിഎൽ മത്സരത്തിനിടെ പരിക്കിനെ തുടർന്ന് ജഡേജ ചെന്നൈ സൂപ്പർ കിങ്സിന്റെ ടീമിൽ നിന്നും പുറത്തായിരുന്നു. അന്ന് സിഎസ്കെയിൽ നിലനിന്നിരുന്ന ക്യാപ്റ്റൻസി പ്രശ്നത്തിനിടെയാണ് താരം പരിക്കിനെ തുടർന്ന് ടീമിൽ മാറി നിന്നത്.
അതേസമയം ജഡേജയുടെ അഭാവത്തിൽ സൂപ്പർ ഫോറിലെ ആദ്യമത്സരത്തിൽ ഇറങ്ങിയ ഇന്ത്യക്ക് പാകിസ്ഥാന്റെ മുന്നിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. അഞ്ച് വിക്കറ്റിനായിരുന്നു പാക് ടീം ഇന്ത്യയെ തോൽപ്പിച്ചത്. ഫൈനൽ പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടി സൂപ്പർ ഫോറിലെ രണ്ടമത്തെ മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടുകയാണ്. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.