അഹമ്മദാബാദ്: ഐപിഎൽ 2023ൽ ചരിത്രവിജയം നേടിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. വിജയത്തിന്റെ സന്തോഷത്തിനൊപ്പം മറ്റൊരു സന്തോഷവാർത്ത കൂടി സിഎസ്കെ ആരാധകർക്ക് ലഭിച്ചിരിക്കുകയാണ്. എംഎസ് ധോണിയുടെ വിരമിക്കൽ സംബന്ധിച്ചുള്ള പ്രഖ്യാപനം തന്നെയാണിത്. ആരാധകർ കേൾക്കാൻ കാത്തിരുന്ന വാക്കുകളാണ് മത്സരത്തിന് ശേഷം ധോണി പറഞ്ഞത്. അടുത്ത സീസണിലും കളിക്കാൻ താൻ ശ്രമിക്കുമെന്നാണ് തല പറഞ്ഞത്.
അഞ്ചാം ഐപിഎൽ കിരീടം നേടിയ ഈ സമയമാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ അനുയോജ്യമായ സമയം. പക്ഷേ തന്റെ ആരാധകരുടെ സ്നേഹം കാണുമ്പോൾ ബുദ്ധിമുട്ടേറിയതാണെങ്കിലും അടുത്ത 9 മാസക്കാല കഠിനാധ്വാനം ചെയ്ത് അടുത്ത സീസണിലും കളിക്കാൻ ശ്രമിക്കുന്നതാണ് അവർക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം എന്നായിരുന്നു ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് ധോണിയുടെ മറുപടി.
ധോണിയുടെ വാക്കുകൾ ഇങ്ങനെ:
''സാഹചര്യംവച്ച് നോക്കുമ്പോൾ ഇതാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. എന്നാല്‍ ഈ വര്‍ഷം ഞാന്‍ കളിച്ച ഇടങ്ങളിലെല്ലാം ആരാധകരില്‍ നിന്ന് എനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും കാണുമ്പോൾ... എല്ലാവരോടും നന്ദി പറഞ്ഞ് വിരമിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള കാര്യവും. പക്ഷേ ബുദ്ധിമുട്ടേറിയ കാര്യം എന്തെന്നാൽ അടുത്ത 9 മാസക്കാലം കഠിനാധ്വാനം ചെയ്ത് അടുത്ത ഐപിഎൽ സീസൺ കൂടി കളിക്കുക എന്നതാണ്. എന്നാല്‍ അത് ശാരീരികക്ഷമതയുൾപ്പെടെയുള്ള കാര്യങ്ങളെ ആശ്രയിച്ചാണ്. 6-7 മാസമുണ്ട് അതിൽ തീരുമാനമെടുക്കാൻ. ആരാധകരുടെ സ്നേഹത്തിന് എനിക്ക് നൽകാനാകുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും അത്. ''
ധോണിയുടെ ഈ വാക്കുകൾ കേട്ടതോടെ വലിയ ആരവമാണ് സ്റ്റേഡിയത്തിൽ നിന്ന് കേട്ടത്. കപ്പ് അടിച്ചതിന് പുറമെ ആരാധകർ കേൾക്കാൻ കാത്തിരുന്ന വാക്കുകളാണിത്. ഇരട്ടിമധുരമാണ് ചെന്നൈ ആരാധകർക്ക് ഇതോടെ ലഭിച്ചത്.
സാധാരണ ജയിച്ചാലും തോറ്റാലും അധികം ഇമോഷനുകൾ താങ്കൾ പ്രകടിപ്പിക്കാറില്ല, എന്നാൽ ഇന്ന് പതിവില്ലാത്ത വിധം വികാരാധീനനായോ എന്ന ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് അത് സ്വാഭാവികമാണെന്നായിരുന്നു ധോണിയുടെ മറുപടി. എന്‍റെ കരിറിലെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുകയാണ് ഞാനിപ്പോള്‍. എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്. അതുകൊണ്ടുതന്നെ ആരാധകര്‍ നല്‍കിയ സ്നേഹവും പിന്തുണയും കണ്ടപ്പോഴും സ്റ്റേഡിയം മുഴവന്‍ എന്‍റെ പേര് വിളിച്ചപ്പോഴും അവരെ നോക്കി നിന്ന നിമിഷം കണ്ണ് നിറഞ്ഞിരുന്നുവെന്ന് ധോണി പറഞ്ഞു.
കണ്ണു നിറഞ്ഞ ആ നിമിഷം ഡഗ് ഔട്ടില്‍ കുറച്ചു നേരം ഞാന്‍ നിന്നു. കരിയറിലെ അവസാന നിമിഷങ്ങളാണിത്, ഇത് ഞാന്‍ ആസ്വദിക്കുകയാണ് വേണ്ടതെന്ന് പിന്നെ ഞാന്‍ തിരിച്ചറിഞ്ഞു, ചെന്നൈയില്‍ അവസാന മത്സരം കളിച്ചപ്പോഴും അങ്ങനെതന്നെയായിരുന്നു. വീണ്ടും അവിടെയെത്തി കളിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും ധോണി പറഞ്ഞു.
Also Read: IPL 2023 Final: ഐപിഎല്ലിൽ ചരിത്രം സൃഷ്ടിച്ച് സിഎസ്‌കെ; കപ്പടിച്ചത് അഞ്ചാം തവണ
അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്നലെ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ആരാധകർ സാക്ഷ്യം വഹിച്ചത്. മഴ മൂലം കളി നിർത്തിവെച്ചെങ്കിലും മഞ്ഞപ്പടയുടെ മത്സരം കാണാൻ രാത്രി ഏറെ വൈകിയും ആരാധകർ സ്റ്റേഡിയത്തിൽ തന്നെ നിന്നു. മഴ മൂലം 15 ഓവറില്‍ 171 റൺസ് ലക്ഷ്യം എന്ന നിലയിലേക്ക് എത്തിയപ്പോൾ തുടക്കം മുതൽ ആവേശം നിറഞ്ഞ മത്സരമാണ് സിഎസ്കെ ബാറ്റർമാർ മുന്നോട്ട് വച്ചത്. ലക്ഷ്യത്തിലെത്താൻ, 2 ബോളിൽ 10 റൺസ് എന്ന നിലയിലേക്ക് എത്തിയപ്പോൾ സ്റ്റേഡിയം മുഴുവൻ മൗനമായിരുന്നു. മത്സരം തങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്ത് നിന്നാണ് ജഡേജയുടെ കൂറ്റൻ സിക്സും ഫോറും ചെന്നൈയെ അഞ്ചാം തവണയും ഐപിഎൽ കിരീടനേട്ടത്തിലേക്ക് എത്തിച്ചത്.
ഇതോടെ ഐപിഎൽ കിരീട നേട്ടത്തിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനൊപ്പമെത്തിയിരിക്കുകയാണ്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ 5 ഐപിഎൽ കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി ചെന്നൈ സൂപ്പർ കിങ്‌സ് താരം മഹേന്ദ്ര സിംഗ് ധോണി എത്തിയിരിക്കുകയാണ്. മികച്ച പ്രകടനമാണ് ഗുജറാത്തും കാഴ്ചവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...