ഐപിഎല്ലിൻറെ 16-ാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഐപിഎൽ ചരിത്രത്തതിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നായാണ് ചെന്നൈ വിലയിരുത്തപ്പെടുന്നത്. എന്നാൽ, ആദ്യ സീസണിൽ തന്നെ കപ്പടിച്ച ഗുജറാത്ത് ഇതിനോടകം തന്നെ കരുത്ത് തെളിയിച്ച് കഴിഞ്ഞു. ചാമ്പ്യൻമാർ നേർക്കുനേർ വരുന്ന പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദിയാകുക.
പോരാട്ട ചരിത്രം
കഴിഞ്ഞ സീസണിൽ ചെന്നൈയും ഗുജറാത്തും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് സമ്പൂർണ ആധിപത്യമാണ് പുലർത്തിയത്. രണ്ട് മത്സരങ്ങളിലും ചെന്നൈയെ പരാജയപ്പെടുത്തിയ ഗുജറാത്ത് ഇത്തവണയും വലിയ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തിൽ 3 വിക്കറ്റിനായിരുന്നു ഗുജറാത്തിൻ്റെ ജയമെങ്കിൽ രണ്ടാം മത്സരത്തിൽ 7 വിക്കറ്റിനാണ് ഹാർദ്ദിക് പാണ്ഡ്യയും സംഘവും വിജയിച്ചത്.
ALSO READ: ഐപിഎൽ ഉദ്ഘാടന ചടങ്ങ്; എപ്പോൾ, എവിടെ, എങ്ങനെ സൗജന്യമായി കാണാം?
ഐപിഎൽ 2022
കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ സമ്പൂർണ ആധിപത്യമായിരുന്നു ടൂർണമെൻറിൽ ഉടനീളം കാണാനായത്. 14 മത്സരങ്ങളിൽ 10 എണ്ണത്തിലും വിജയിച്ചാണ് പാണ്ഡ്യയും സംഘവും കരുത്ത് തെളിയിച്ചത്. മറുഭാഗത്ത് ചെന്നൈ സൂപ്പർ കിംഗ്സാകട്ടെ ഐപിഎല്ലിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലാണ് സീസൺ പൂർത്തിയാക്കിയത്. 14 മത്സരങ്ങൾ കളിച്ച ചെന്നൈയ്ക്ക് വെറും 4 മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. 10 മത്സരങ്ങളിലും അടിതെറ്റി വീണ ചെന്നൈ 9-ാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.
ഇത്തവണ മികച്ച ടീമിനെയാണ് ഇരു ടീമുകളും കളത്തിലിറക്കുന്നത്. ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ക്യാപ്റ്റനായ ബെൻ സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയിരുന്നു. മറുഭാഗത്ത് ഓൾ റൗണ്ട‍് പ്രകടനമാണ് ഗുജറാത്തിൻ്റെ കരുത്ത്. ഇന്ത്യയുടെ ഭാവി നായകനെന്ന വിശേഷണം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കാൻ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് വീണ്ടും ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. അതേസമയം, ആദ്യ മത്സരത്തിൽ ചെന്നൈ നായകൻ എം.എസ് ധോണി കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പരിശീലനത്തിനിടെ ധോണിയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. അങ്ങനെയെങ്കിൽ കണക്ക് തീർക്കാനിറങ്ങുന്ന ചെന്നൈയുടെ പ്രതീക്ഷകൾക്ക് അത് വലിയ തിരിച്ചടിയായി മാറും. ധോണിയുടെ അഭാവത്തിൽ ബെൻ സ്റ്റോക്സാകും ചെന്നൈയെ നയിക്കുക. ഡെവോൺ കോൺവെ വിക്കറ്റ് കീപ്പറായേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...