ഐപിഎൽ 16-ാം സീസൺ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഉദ്ഘാടന മത്സരത്തിലും ഒന്നാം ക്വാളിഫയറിലും ഏറ്റുമുട്ടിയ ടീമുകൾ തന്നെ ഫൈനലിലും നേർക്കുനേർ വരുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. എന്നാൽ അഹമ്മദാബാദിൽ നിലനിൽക്കുന്ന മഴ ഭീഷണി മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.
മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അഹമ്മദാബാദിലെ താപനില രാത്രിയിൽ ഏകദേശം 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 2 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന മഴ പെയ്യാനാണ് സാധ്യത. ഞായറാഴ്ച വൈകുന്നേരത്തോടെ അഹമ്മദാബാദിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് 61% സാധ്യതയാണ് കാണുന്നത്.
ALSO READ: പെരിയ വിസിലോ ഗില്ലാട്ടമോ? ഗുജറാത്തും ചെന്നൈയും നേർക്കുനേർ; ഐപിഎൽ ചാമ്പ്യൻമാരെ ഇന്ന് അറിയാം
മഴ കളി തടസപ്പെടുത്തിയാൽ 5 ഓവറുകൾ വീതമുള്ള മത്സരത്തിനായി കാത്തിരിക്കേണ്ടി വരും. അതും സാധ്യമായില്ലെങ്കിൽ ഫൈനൽ മത്സരം റിസർവ് ഡേയിലേയ്ക്ക് മാറ്റി വെയ്ക്കും. അങ്ങനെയെങ്കിൽ മെയ് 29 തിങ്കളാഴ്ചയാകും നടക്കുക. കളിയുടെ ഇടയിൽ മഴ വില്ലനായി എത്തിയാൽ റിസർവ് ഡേയിൽ മത്സരം പുന:രാരംഭിക്കും.
തുടർച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. ഓപ്പണർ ശുഭ്മാൻ ഗില്ലിലാണ് ഗുജറാത്ത് പ്രതീക്ഷ അർപ്പിക്കുന്നത്. ഈ സീസണിൽ ഇതിനോടകം തന്നെ ഗിൽ ഓറഞ്ച് ക്യാപ് നേടിക്കഴിഞ്ഞു. മൂന്ന് സെഞ്ച്വറികളാണ് ഗിൽ അടിച്ചുകൂട്ടിയത്. ഗില്ലിനെ പിടിച്ചുകെട്ടാനായാൽ ചെന്നൈയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.
നാല് തവണ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇത്തവണ യുവ ബൗളിംഗ് യൂണിറ്റുമായാണ് കളത്തിൽ ഇറങ്ങിയത്. പരിചയക്കുറവുള്ള ബൗളർമാരെ പരിചയ സമ്പന്നനായ ധോണി ഫലപ്രദമായി ഉപയോഗിക്കുന്ന കാഴ്ചയാണ് ഈ സീസണിൽ ഉടനീളം കണ്ടത്. ഇന്ന് ഗില്ലിനെതിരെ ധോണി എന്ത് തന്ത്രം മെനയും, അത് ആര് നടപ്പാക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ചെന്നൈയെ സംബന്ധിച്ചിടത്തോളം സീസണിലുടനീളം ശിവം ദുബെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ചെപ്പോക്കിൽ നടന്ന ആദ്യ ക്വാളിഫയറിൽ ഗുജറാത്തിൻ്റെ സ്പിൻ കുരുക്കിൽ കുടുങ്ങിയിരുന്നു. എന്നാൽ, ഇത്തവണ ബാറ്റ്സ്മാൻമാരുടെ പറുദീസയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അതിനാൽ തന്നെ ദുബെയിൽ നിന്ന് തകർപ്പൻ പ്രകടനമാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്.
ശ്രദ്ധിക്കേണ്ട പ്രധാന കളിക്കാർ
ഗുജറാത്ത്: ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവരാണ് ടൈറ്റൻസിന്റെ മൂന്ന് പ്രധാന താരങ്ങൾ. ഈ മൂന്ന് പേരും ഒരുപോലെ ഫോമിലേയ്ക്ക് ഉയർന്നാൽ ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല.
ചെന്നൈ: ധോണിയുടെ നേതൃത്വം, ജഡേജയുടെ ഓൾറൗണ്ട് മികവ്, ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ എന്നിവരുടെ ഓപ്പണിംഗ് സ്‌പെൽ. ഇതിനെല്ലാം മുകളിലായി കോൺവെ-റുതുരാജ് ഓപ്പണിംഗ് കൂട്ടുകെട്ടും ചെന്നൈയ്ക്ക് നിർണായകമാകും.
സാധ്യതാ ടീം
ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ടീം : വൃദ്ധിമാൻ സാഹ (WK), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ (C), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മോഹിത് ശർമ്മ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി.
ചെന്നൈ സൂപ്പർ കിംഗ്‌സ് സാധ്യതാ ടീം : റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി (C & WK), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...