കൊച്ചി : ഐപിഎൽ താരലേലം 2022ൽ മുൻ ഇന്ത്യൻ താരം ശ്രീശാന്തിനെ അവഗണിച്ചതിന് മലയാളി താരവും രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനുമായ സഞ്ജു സാംസണിനെതിരെ ശ്രീയുടെ സഹോദരൻ ദീപു ശാന്തൻ. സഞ്ജുവിന്റെ പേരെടുത്ത് പറയാതെയാണ് ദീപു വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ വിമർശനം ഉയർത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്യുന്നു. ദീപുവിനെ കൂടാതെ സഞ്ജുവിന്റെ ആദ്യകാല ബാറ്റിങ് കോച്ചായിരുന്നു ബിജു ജോജർജും പ്രതികരിച്ചിട്ടുണ്ട്.
"മല്ലു ക്യാപ്റ്റനെ സംബന്ധിച്ചടത്തോളം മലയാളികൾ ആരും തന്നെ മികച്ചവരല്ല. നിങ്ങൾ എവിടെ നിന്നാണ് വന്നതെന്നും നിങ്ങളെ ആരാണ് മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് സഹായിച്ചതെന്നും ഓർക്കണം" ദീപു വാട്സ്ആപ്പ് സ്റ്റാറ്റസിൽ കുറിച്ചെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്യുന്നു.
2021 ലെ ലേലത്തിലെ അന്തിമ പട്ടികയിൽ പോലും ഇടം നേടാൻ സാധിക്കാത്ത ശ്രീശാന്ത് ഇത്തവണ ലേലത്തിനുള്ള 590 പേരുടെ പട്ടികയിലെത്തിയത് താരം വീണ്ടും ഐപിഎല്ലിൽ പന്തെറിയുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ശ്രീശാന്തിന്റെ പേര് ലേലത്തിനായി പോലും വിളിച്ചില്ല എന്ന കാര്യം അവരെ വിഷമത്തിലാക്കി.
ALSO READ : IPL Auction 2022 | 'ഇതുകൊണ്ടൊന്നും തളരില്ല' താരലേലത്തിൽ നിരാശ പാട്ടും പാടി മറികടന്ന് ശ്രീശാന്ത്
ദീപുവിനെ പുറമെ സഞ്ജുവിന്റെ മുൻ പരിശീലകനായ ബിജു ജോർജും രാജസ്ഥാൻ ക്യാപ്റ്റനെതിരെ പ്രതികരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്യുന്നു. സഞ്ജുവിന്റെ പേരെടുത്ത് പരാമർശിക്കാതെയാണ് ബിജു ജോർജിന്റെയും പ്രതികരണം
"ഇന്ന് ദൈവം നിങ്ങളെ നല്ലൊരു നിലയിൽ എത്തിച്ചു, വലിയ പദവികളിൽ എത്തിയാൽ മറ്റുള്ളവരെ സഹായിക്കണം. ഇന്ന് നിങ്ങൾ സൂപ്പർസ്റ്റാറും അതിസമ്പന്നനുമായിരിക്കാം. നാളെ നിങ്ങൾ ആരാവും എന്ന് ആർക്കും പറയാനാവില്ല" എന്ന് മുൻ ഇന്ത്യൻ വനിതാ ടീമിന്റെ കോച്ച് പ്രതികരിച്ചുയെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്യുന്നു.
ശ്രീശാന്ത് ഉൾപ്പെടെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ 13 താരങ്ങളാണ് താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത്. എന്നാൽ ശ്രീശാന്ത് ഉൾപ്പെടെ 7 താരങ്ങളുടെ പേര് ലേലത്തിൽ വിളിച്ചില്ല. അക്സലറേറ്റഡ് ഓക്ഷനിൽ ടീമുകൾ താൽപര്യം പ്രകടിപ്പിക്കാതെ വന്നതോടെയാകാം ശ്രീശാന്ത് ഉൾപ്പെടെയുള്ള മലായളി താരങ്ങൾക്ക് അവസരം നിഷേധിച്ചത്.
ALSO READ : IPL 2022 Auction | രാജസ്ഥാന് വേണ്ടത് ടീമിനൊപ്പം നിൽക്കാൻ കഴിയുന്നവരെ : സഞ്ജു സാംസൺ
കെസിഎയുടെ നാല് താരങ്ങൾക്കാണ് 2022 ഐപിഎൽ സീസണിലേക്കുള്ള ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. മലയാളി താരങ്ങളായ വിഷ്ണു വിനോദ്, ബേസിൽ തമ്പി, കെ.എം അസിഫ് എന്നിവരെയും കേരളത്തിന്റെ അതിഥി താരമായ റോബിൻ ഉത്തപ്പയ്ക്കുമാണ് ലേലത്തിലൂടെ ഐപിഎൽ ടീമുകളുടെ ഭാഗമാകാൻ സാധിച്ചിരിക്കുന്നത്.
50 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വിഷ്ണുവിനെ സ്വന്തമാക്കിയപ്പോൾ അടിസ്ഥാന തുകയ്ക്കാണ് ബേസിലിനെയും (30 ലക്ഷം) അസിഫിനെയും (20 ലക്ഷം) ഉത്തപ്പയെയും (2 കോടി) മറ്റ് ടീമുകൾ സ്വന്തമാക്കിയത്. അടിസ്ഥാന തുരകയ്ക്ക് ബേസിൽ മുംബൈയുടെ ഭാഗമായപ്പോൾ ഉത്തപ്പയെയും അസിഫിനെയും ചെന്നൈ ലേലത്തിലൂടെ നിലനിർത്തുകയായിരുന്നു.
ഇവർക്ക് പുറമെ രണ്ട് മലയാളി താരങ്ങളും ലേലത്തിലൂടെ ഐപിഎല്ലിന്റെ ഭാഗമായിട്ടുണ്ട്. കർണാടകയുടെ മലയാളി താരങ്ങളായ ദേവദത്ത് പടിക്കല്ലും കരുൺ നായരും സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 7.75 കോടിക്കാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുന്റെ ഓപ്പണറെ രാജസ്ഥാൻ സ്വന്തമാക്കിയത്. രണ്ടാം അവസരത്തിൽ 1.4 കോടി രൂപ നൽകിയാണ് റോയൽസ് കരുൺ നായരെ തങ്ങൾക്കൊപ്പം കൂട്ടിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.