മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള താരങ്ങളുടെ പട്ടിക നവംബർ 15ന് മുമ്പ് സമർപ്പിക്കണമെന്ന് പത്ത് ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകി സംഘാടക സമിതി. റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ മൂന്നാമത്തെ ആഴ്ചയിൽ അടുത്ത സീസണിന് മുന്നോടിയായിട്ടുള്ള താരലേലം സംഘടിപ്പിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. കഴിഞ്ഞ വർഷത്തെ പോലെ മെഗാ താരലേലമായിട്ടല്ല ഇത്തവണ ബിസിസിഐ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ താരങ്ങളെ നിലനിർത്താനുള്ള ലിമിറ്റും ഇത്തവണത്തെ ലേല നടപടികൾക്ക് ഇല്ല.
എല്ലാ ഫ്രാഞ്ചൈസികൾക്കും അധികം അഞ്ച് കോടി രൂപ ഇത്തവണ ചിലവാക്കാൻ ഐപിഎൽ അനുവദിക്കുന്നതാണ്. കൂടാതെ മെഗ താരലേലത്തിൽ ബാക്കി വന്ന തുകയും ടീമുകൾക്ക് ഐപിഎൽ താരലേലം 2023ൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അപ്പോൾ ആകെ ഒരു ടീമിന്റെ പഴ്സിൽ കാണുക 95 കോടി രൂപയായിരിക്കും. കഴിഞ്ഞ ലേലത്തിൽ ഏറ്റവും കൂടുതൽ തുക ബാക്കി വെച്ചത് പഞ്ചാബ് കിങ്സാണ്. 3.45 കോടി രൂപയാണ് പഞ്ചാബ് മെഗതാരലേലത്തിൽ ബാക്കി വെച്ചത്. ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് തങ്ങളുടെ പഴ്സ് കാലിയാക്കുകയും ചെയ്തിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് ബാക്കി വച്ചത് 2.95 കോടിയാണ് . പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (1.55കോടി), രാജസ്ഥാൻ റോയൽസ് (0.95കോടി), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (0.45കോടി), ഗുജറാത്ത് ടൈറ്റൻസ് (0.15കോടി), മുംബൈ ഇന്ത്യൻസ് (0.10കോടി), സൺറൈസേഴ്സ് ഹൈദരാബാദ് (0.10കോടി), ഡൽഹി ക്യാപിറ്റൽസ് (0.10കോടി) എന്നിങ്ങിനെയാണ് പണം ബാക്കിയുള്ളവരുടെ പട്ടിക.
ALSO READ : ആരാധന അതിര് കടന്നു;വിരാട് കോഹ്‌ലി ആരാധകൻ രോഹിത് ശർമ്മ ആരാധകനായ സുഹൃത്തിനെ തല്ലിക്കൊന്നു
നിലവിൽ എല്ലാവരും ലക്ഷ്യമിടുന്നത് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയാണ്. ചെന്നൈ സൂപ്പർ കിങ്സ് മാനേജുമെന്റുമായി ഇടഞ്ഞ് നിൽക്കുന്ന ജഡേജയെ സ്വന്തമാക്കാനുള്ള നടപടികൾ ഒന്ന് രണ്ട് ടീമുകൾ ശ്രമിച്ചതായി ക്രിക് ബസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത് ടൈറ്റൻസ് സിഎസ്കെയും താരങ്ങളെ തമ്മിൽ കൈമാറാൻ ചർച്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഗുജറാത്ത് തങ്ങളുടെ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ ദക്ഷിണേന്ത്യൻ ടീമിന് നൽകി ജഡേജയെ സ്വന്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചുയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉടലെടുത്ത റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ചുള്ള അഭ്യുഹങ്ങൾ ഇരു ടീമുകളും നിഷേധിച്ചിരുന്നു. ജിടിയെ കൂടാതെ ഡൽഹി ക്യാപിറ്റൽസും മുൻ ചെന്നൈ ക്യാപ്റ്റന് വേണ്ടി സിഎസ്കെയെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ജഡേജയുമായി പിരിയാൻ ടീം ഉദ്ദേശിച്ചിട്ടില്ലെന്ന് സിഎസ്കെ മാനേജ്മെന്റ് ഈ അഭ്യുഹങ്ങൾക്കെതിരായി അറിയിക്കുകയും ചെയ്തു.
ടീമുകൾ വിട്ട് നൽകുന്ന താരങ്ങൾക്ക് പുറമെ മറ്റ് വൻ താരങ്ങളും താരലേല പട്ടികയിൽ ഇത്തവണ ഉണ്ടായേക്കും. ഇംഗീഷ് താരങ്ങളായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് താരം കാമറൂൺ ഗ്രീൻ തുടങ്ങിയ വിദേശ താരങ്ങൾക്ക് ഫ്രാഞ്ചൈസികൾ കൂടുതൽ തുക കരുതിവെക്കേണ്ടി വന്നേക്കും. സിഎസ്കെയും ഡൽഹിയും എൽഎസ്ജിയും കഴിഞ്ഞ ലേലത്തിൽ ഏഴ് വിദേശ താരങ്ങളെ മാത്രമാണ് സ്വന്തമാക്കിയത്. ഇത്തവണ കൂടുതൽ പണമിറക്കി എട്ട് പരിധിയിലേക്കെത്തിക്കാനും സാധിക്കും.
ഇത്തവണ ഐപിൽ താരം ലേലം ഡിസംബർ 16ന് ബംഗളൂരുവിൽ വെച്ച് നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സീസണിന്റെ ലേലവും ബംഗളൂരുവിൽ വെച്ചായിരുന്നു നടത്തപ്പെട്ടത്. കൂടാതെ ഐപിഎൽ 2023 സീസൺ മാർച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് ക്രിക്കറ്റ് മാധ്യമമായ ക്രിക് ബസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ കോവിഡ് 19ന് മുമ്പുള്ള ഹോം എവെ മാച്ച് എന്നീ ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ടീമുകളെ അറിയിച്ചുയെന്ന് ക്രിക്കറ്റ് മാധ്യമം തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...