ബാർബഡോസ്: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരം ഇന്ന്. ആദ്യ ഏകദിനം നടന്ന ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ സ്റ്റേഡിയത്തിൽ തന്നെയാണ് രണ്ടാം മത്സരവും അരങ്ങേറുക. ഇന്ത്യൻ സമയം രാത്രി 7 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് ബാർബഡോസിലേത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരുടെ പ്രകടനം മത്സരത്തിൽ നിർണായകമാകും. രണ്ടാം ഏകദിനത്തിൽ പിച്ചിൽ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. ഒന്നാം ഏകദിനത്തിലേതിന് സമാനമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പരീക്ഷണങ്ങൾക്ക് മുതിരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയെങ്കിലും 115 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റുകൾ നഷ്ടമാക്കിയിരുന്നു.
ALSO READ: സഞ്ജുവോ സൂര്യകുമാറോ? ഏകദിനത്തിൽ ആരാണ് കേമൻ? കണക്കുകൾ ഇങ്ങനെ
115 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ 5 വിക്കറ്റുകൾ നഷ്ടമായത് ചെറിയ ആശങ്കയാണെങ്കിലും ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തിയതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് യാഥാർത്ഥ്യം. ഓപ്പണറായി ഇറങ്ങേണ്ട രോഹിത് ശർമ്മ ഏഴാം നമ്പറിൽ ബാറ്റ് ചെയ്തപ്പോൾ വിരാട് കോഹ്‌ലിക്ക് ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിച്ചില്ല. ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ബാറ്റിംഗിൽ കൂടുതൽ ഓവറുകൾ നൽകാനാണ് ഇന്ത്യൻ മാനേജ്‌മെന്റ് ശ്രമിച്ചത്.
ഇഷാൻ കിഷൻ ഫിഫ്റ്റി നേടിയപ്പോൾ ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ പരാജയപ്പെട്ടു. ഗിൽ ഇന്നത്തെ മത്സരത്തിലും ടീമിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഹാർദിക് പാണ്ഡ്യയും ടീമിലുണ്ടാകും. സൂര്യകുമാർ യാദവിന് പകരം മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. സഞ്ജുവിന് പകരം സൂര്യകുമാറിന് വീണ്ടും അവസരം നൽകുന്നതിനെതിരെ വിമർശനവും ശക്തമായിരുന്നു.
ഏകദിനത്തിൽ 66 ശരാശരിയുണ്ടായിരുന്നിട്ടും പ്ലെയിംഗ് 11-ൽ സഞ്ജുവിന് ഇടം നൽകാത്തതിൽ സഞ്ജുവിന്റെ ആരാധകർ നിരാശയിലാണ്. ഇന്നത്തെ മത്സരത്തിൽ കൂടി സൂര്യകുമാറിന് അവസരം ലഭിക്കാനാണ് സാധ്യത. അവസാന മത്സരത്തിൽ ബെഞ്ചിലിരിക്കുന്ന താരങ്ങൾക്ക് കളിക്കാൻ അവസരം ലഭിച്ചേക്കും.
ഇന്ത്യയുടെ സാധ്യതാ ഇലവൻ : രോഹിത് ശർമ (C), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ഇഷാൻ കിഷൻ (WK), ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റ് ഇൻഡീസ് സാധ്യതാ ഇലവൻ: ബ്രാൻഡൻ കിംഗ്, അലിക്ക് അത്നാസെ, ഷായ് ഹോപ്പ് (C & WK), കീസി കാർട്ടി, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, റൊമാരിയോ ഷെപ്പേർഡ്, ഡൊമിനിക് ഡ്രേക്ക്സ്, യാനിക് കറിയ, ഗുഡകേഷ് മോട്ടി, ജെയ്ഡൻ സീൽസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...