ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ട് ഇന്ത്യ. നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ വെസ്റ്റ് ഇന്‍ഡീസ് 8 വിക്കറ്റിന് വിജയിച്ചു. ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് 18 ഓവറില്‍ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ 3-2ന് സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നാലാം മത്സരത്തിലെ മികവ് പുലര്‍ത്താനായില്ല. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിനും (5) ശുഭ്മാന്‍ ഗില്ലിനും (5) തിളങ്ങാനാകാതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 45 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ യാദവ് 4 ബൗണ്ടറികളുടെയും 3 സിക്‌സറുകളുടെയും അകമ്പടിയോടെ 61 റണ്‍സ് നേടി. നാലാം വിക്കറ്റില്‍ തിലക് വര്‍മ്മ - സൂര്യകുമാര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 49 റണ്‍സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
ALSO READ: ഋഷഭ് പന്ത് പരിശീലനം തുടങ്ങി; 140 കി.മീ വേഗവും പ്രശ്‌നമല്ല, അമ്പരന്ന് മെഡിക്കല്‍ സ്റ്റാഫ്
മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് അഞ്ചാം ടി20യിലും കാണാനായത്. പതിവ് പോലെ മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ സഞ്ജുവിനായില്ല. 9 പന്തില്‍ 13 റണ്‍സ് നേടി സഞ്ജു പുറത്തായി. നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും (18 പന്തില്‍ 14) നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ സ്‌കോര്‍ 165ല്‍ ഒതുങ്ങി.
മറുപടി ബാറ്റിംഗില്‍ കൈല്‍ മയേഴ്‌സിനെ (10) രണ്ടാം ഓവറില്‍ തന്നെ പുറത്താക്കാനായെങ്കിും മൂന്നാമനായി ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ 35 പന്തില്‍ 47 റണ്‍സ് നേടി. ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗ് ഫോമിലായതോടെ വിന്‍ഡീസ് സ്‌കോര്‍ അതിവേഗം ലക്ഷ്യത്തിലേയ്ക്ക് അടുത്തു. ഷായ് ഹോപ് 13 പന്തില്‍ 22ഉം ബ്രാണ്ടന്‍ കിംഗ് 55 പന്തില്‍ 85 റണ്‍സും നേടി പുറത്താകാതെ നിന്നതോടെ പരമ്പര വിന്‍ഡീസ് സ്വന്തമാക്കി. നിക്കോളാസ് പൂരനാണ് പരമ്പരയിലെ താരം. 7 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് എതിരെ വെസ്റ്റ് ഇന്‍ഡീസ് ഒരു ടി20 പരമ്പര സ്വന്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...