കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. കേപ്ടൗണില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 4.30 നാണ് മത്സരം. ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്നാം ജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.
ഡര്‍ബനിലും സെഞ്ചൂറിയനിലും നേടിയ മികച്ച ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കൊഹ്‌ലിയും സംഘവും ഇന്നുമിറങ്ങുന്നത്. ടെസ്റ്റിലെ തോല്‍വിക്ക് ഏകദിന പരമ്പരയിലൂടെ മറുപടി നല്‍കാനാണ് ഇന്ത്യയുടെ പദ്ധതി. ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര ജയത്തിലൂടെ ഇന്ത്യക്ക് പുതിയ ചരിത്രവും എഴുതിച്ചേര്‍ക്കാം.
ബാറ്റ്‌സ്മാന്മാരേക്കാള്‍ ബൗളര്‍മാരുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം. പേസര്‍മാരും സ്പിന്നര്‍മാരും ഒത്തിണക്കത്തോടെ കളിക്കുന്നു. യുസ്‌വേന്ദ്ര ചഹലിന്‍റെ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചത്.
ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, കുല്‍ദീപ് യാദവ് എന്നിവരും നന്നായി പന്തെറിയുന്നവരാണ്. ബാറ്റിങ്ങില്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ ഫോം വീണ്ടെടുത്തിട്ടില്ല. കൊഹ്‌ലിയും ധവാനും രഹാനെയും കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റിങ്ങ് കാഴ്ചവെച്ചു. ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ കൂടി ചേരുമ്പോള്‍ ടീം ശക്തമാകുന്നു.
അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് കരകയറണം. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. പ്രധാന താരങ്ങളെല്ലാം പരിക്കിന്‍റെ പിടിയിലാണ്.
എബിഡി വില്യേഴ്‌സ്, നായകന്‍ ഫാഫ് ഡ്യൂപ്ലസിസ് എന്നിവര്‍ക്ക് പുറമെ, വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീ കോക്കും പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ കളിച്ചേക്കില്ല. എയ്ഡന്‍ മക്രാമാണ് ടീമിനെ നയിക്കുന്നത്. ജെ പി ഡുമിനി, ഹാഷിം ആംല, ഡേവിഡ് മില്ലര്‍, ഇംറാന് താഹിര്‍, ക്രിസ് മോറിസ്, കഗിസോ റബാഡ, ലുങ്കി എങ്കിഡി തുടങ്ങിയവരെല്ലാം കളിക്കുമെന്നുറപ്പാണ്.