ലീഡ്സ്: ഇന്ത്യ - ഇംഗ്ലണ്ട് (India vs England) മൂന്നാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. ലീഡ്സിലെ (Leads) ഹെഡിങ്ലി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക. അഞ്ച് ടെസ്റ്റ് പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യ. ലോർഡ്സിൽ (Lords) നടന്ന രണ്ടാം ടെസ്റ്റിലെ ഗംഭീര വിജയത്തിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ലീഡ്സിൽ ഇറങ്ങുക. ലോർഡ്സിലേറ്റ പ്രഹരത്തിന് നായകൻ ജോ റൂട്ടിന്റെ (Joe Root) ഹോം ഗ്രൗണ്ടിൽ തിരിച്ചടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്.
രണ്ടാം ടെസ്റ്റിൽ വിജയം നേടിയ ടീമിൽ നിന്ന് മാറ്റങ്ങളിലാതെയാണ് മൂന്നാം ടെസ്റ്റിന് ഇന്ത്യൻ ടീമെത്തുക എന്ന് നായകൻ വിരാട് കോഹ്ലി വാർത്തസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. വിജയിച്ച ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കോഹ്ലി പറഞ്ഞത്. ആർക്കെങ്കിലും പരിക്കേറ്റാൽ മാത്രമേ മാറ്റങ്ങളുണ്ടാകു എന്നും നായകൻ കൂട്ടിച്ചേർത്തിരുന്നു. പ്രത്യേകിച്ച് രണ്ടാം ടെസ്റ്റില്‍ അസാധാരണ ജയം നേടിയ സാഹചര്യത്തില്‍, വിജയിച്ച ടീമിലെ കളിക്കാര്‍ കളത്തിലിറങ്ങാനുള്ള ആകാംക്ഷയിലായിരിക്കുമെന്നും കോഹ്ലി പറഞ്ഞു. ഇതോടെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ കളിക്കില്ലെന്ന് ഏകദേശം ഉറപ്പായി.
അങ്ങനെയെങ്കിൽ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായ നാല് പേസര്‍മാരും ടീമിൽ തുടരും. ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയും ടീമിൽ സ്ഥാനം നിലനിർത്തും കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരയുടെ പ്രകടനം മൂന്നാം ടെസ്റ്റിൽ നിർണായകമാകും. കോഹ്ലി-ചേതേശ്വര്‍ പുജാര-അജിന്‍ക്യ രഹാനെ ത്രയത്തിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം.
വിരാട് കോഹ്ലി അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ട് രണ്ട് വര്‍ഷത്തോളമായി. 2019 നവംബറിലാണ് ഇന്ത്യന്‍ നായകന്റെ അവസാന ശതകം. അതേസമയം ഓപണര്‍മാരായ രോഹിത് ശര്‍മയുടെയും കെ എൽ രാഹുലിന്റെയും ഫോം ടീമിന് ആത്മവിശ്വാസം പകരുന്നതാണ്. ബൗളർമാർക്ക് കൂടുതൽ പിന്തുണ നൽകുന്ന ഇംഗ്ലണ്ടിലെ പ്രയാസമേറിയ സാഹചര്യങ്ങളില്‍ മികച്ച ബാറ്റിങ്ങാണ് ഇരുതാരങ്ങളും കാഴ്ചവച്ചത്. ഇവർ നൽകുന്ന മികച്ച തുടക്കം ഇന്ത്യയുടെ ജയത്തിൽ പോലും നിർണായകമാകും.
ബൗളിങ്ങില്‍ ചതുര്‍മുനയുള്ള പേസാക്രമണമാണ് ഇന്ത്യയുടെ കരുത്ത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വൈവിധ്യവും മൂര്‍ച്ചയുമുള്ള ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി-ഇഷാന്ത് ശര്‍മ-മുഹമ്മദ് സിറാജ് കൂട്ടുകെട്ടാണ് ഇന്ത്യൻ ടീമിന്റെ നട്ടെല്ല്. എതിരാളിയുടേത് എത്ര ചെറിയ വിജയലക്ഷ്യമാണെങ്കിലും എറിഞ്ഞിടും എന്ന ആവേശം ടീമിന് പകരാൻ ഇന്ത്യൻ പേസർമാർക്ക് കഴിഞ്ഞിട്ടുണ്ട്.
ആദ്യ രണ്ട് ടെസ്റ്റിലും മാറ്റങ്ങൾ കൊണ്ടുവന്ന ഇംഗ്ലണ്ട് ടീം മൂന്നാം ടെസ്റ്റിലും മാറ്റങ്ങൾ കൊണ്ടുവന്നേക്കുമെന്നാണ് സൂചന. റോറി ബേണ്‍സിനൊപ്പം ഹസീബ് ഹമീദ് ഇന്നിംഗ്‌സ് തുറക്കാനെത്തിയേക്കും. മൂന്നാം സ്ഥാനത്തിനായി ഒലി പോപ്പും ഡേവിഡ് മലനും മത്സരിക്കുന്നു. പേസര്‍ മാര്‍ക് വുഡ് പരിക്കേറ്റ് പിന്‍മാറിയത് തിരിച്ചടിയാവും. പകരം സാഖിബ് മഹ്‌മൂദോ ക്രെയ്ഗ് ഒവേര്‍ട്ടനോ ടീമിലെത്തിയേക്കും. നായകൻ ജോ റൂട്ടിന്റെ ബാറ്റിംഗ് മികവ് തന്നെയാകും ഇക്കുറിയും ഇംഗ്ലണ്ടിന് നിർണായകം.
നായകന് ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ എല്ലാമെല്ലാം. 11 പേരോട് ഒറ്റക്ക് പൊരുതിനില്‍ക്കേണ്ട അവസ്ഥയിലാണ് റൂട്ട്. ഈ വര്‍ഷത്തെ റണ്‍വേട്ടക്കാരില്‍ പത്ത് ടെസ്റ്റില്‍ 1277 റണ്‍സുമായി ബഹുദൂരം മുന്നിലാണ് റൂട്ട്. എന്നാല്‍ റൂട്ട് പോയാല്‍ ആരുമില്ലാതെ നിലയില്ലാക്കയത്തിലേക്കു വീഴുകയാണ് ഇംഗ്ലണ്ട് ബാറ്റിങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...