Kozhikode Thonikadavu : കോവിഡ് കാലത്തിന്റെ വിരസത അകറ്റി മനസും ശരീരവും കുളിർപ്പിക്കാൻ കോഴിക്കോട്ടെ തോണിക്കടവിലേക്ക് പോകാം, കാണാം ചിത്രങ്ങൾ

1 /8

കോവിഡ് കാലത്തിന്റെ വിരസത അകറ്റി ഒരു യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്ക് മനസും ശരീരവും കുളിർപ്പിക്കാൻ തോണിക്കടവിലേക്ക് പോവാം. കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ പ്രകൃതിക്ക് ഒട്ടും പോറലേൽപ്പിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്താം.

2 /8

കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രം. ഇതിനടുത്തു തന്നെയാണ് വിദേശവിനോദസഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കരിയാത്തുംപാറയും. കല്യാണ ഫോട്ടോ ഷൂട്ടുകൾക്കും സിനിമ ഷൂട്ടിങ്ങിനും കുടുംബസമേതം സായാഹ്നങ്ങൾ ചെലവിടാനും അവധി ദിനങ്ങൾ ആഘോഷമാക്കാനും അനുയോജ്യമാണ്‌ തോണിക്കടവും കരിയാത്തുംപാറയും.

3 /8

കോവിഡ് കാലത്തെ അടച്ചിടലുകൾക്കൊടുവിൽ തോണിക്കടവിന്റെയും കരിയാത്തും പാറയുടെയും സൗന്ദര്യം ആസ്വദിക്കാൻ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി. മേഘങ്ങളെ തൊട്ടുനിൽക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പച്ചപ്പും ഹൃദയ ദ്വീപുമെല്ലാം കാഴ്ചക്കാർക്ക് നൽകുന്നത് ഹൃദ്യമായ അനുഭവമാണ്.

4 /8

കക്കയം മലനിരകളും, ബോട്ട് സർവീസിന് അനുയോജ്യമായ കുറ്റ്യാടി റിസർവോയറിൻ്റ ഭാഗമായ ജലാശയവുമാണ് തോണിക്കടവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കുട്ടികൾക്കുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ, കൂടാരങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികൾക്ക് പ്രവേശനം.

5 /8

കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പരവതാനി വിരിച്ചപോലെയാണ് കരിയാത്തും പാറയിലെ പുഴയോരം. വലിയ കാറ്റാടി മരങ്ങളും ഉണങ്ങിയൊടിഞ്ഞ മരത്തടികളും മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറക്ക് സൗന്ദര്യം കൂട്ടുന്നതാണ്. പാറക്കൂട്ടങ്ങളും ഉരുളൻ കല്ലുകളും തണുത്ത വെള്ളവും സഞ്ചാരികൾക്ക് നൽകുക മനസ് കുളിർപ്പിക്കുന്ന അനുഭവങ്ങളാണ്.

6 /8

താമരശ്ശേരി ഭാഗത്തുനിന്നും വരുന്നവർക്ക് എസ്റ്റേറ്റ്മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവർക്ക് കൂരാച്ചുണ്ട് വഴിയും കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് കുറ്റ്യാടി ചക്കിട്ടപാറ വഴിയും തോണിക്കടവിലേക്കെത്താം.

7 /8

രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്.

8 /8

ഇവിടേക്കെത്തുന്ന സഞ്ചാരികൾക്ക് ഒരു ദിവസം കൊണ്ട് തന്നെ അയൽവിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം എന്നിവിടങ്ങളിലും സന്ദർശനം നടത്താം.

You May Like

Sponsored by Taboola