സിറിയയിൽ വിമതർ അധികാരം പിടിച്ചെടുത്തതോടെ ആയിരക്കണക്കിന് തടവുകാരെയാണ് സെയ്ദിനിയ ജയിലിൽ നിന്ന് മോചിപ്പിച്ചത്. എന്നാൽ, ഇനിയും ധാരാളം പേർക്ക് ഇതിൽ നിന്ന് പുറത്തിറങ്ങാനായിട്ടില്ല.
സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്തതോടെ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരും വിമതരും മോചിതരായെങ്കിലും ഇവിടുത്തെ ഏറ്റവും ഭയാനകമായ സെയ്ദ്നിയ ജയിലിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ ജയിൽ ഭൂമിക്കടിയിലാണ് നിർമിച്ചിരിക്കുന്നത്. ഇതാണ് തടവുകാരെ മോചിപ്പിക്കാൻ വെല്ലുവിളിയാകുന്നത്.
ഭൂഗർഭ ജയിലായ സെയ്ദ്നിയയിൽ നിരവധി സെല്ലുകളുണ്ട്. പൂർണ്ണമായും ഇരുട്ടുമൂടിയ ഈ സെല്ലുകളിലാണ് ആളുകളെ തടവിലാക്കിയിരിക്കുന്നത്. ഇലക്ട്രോണിക് വാതിലുകളും പൂട്ടുകളും ഉള്ള ഇവ തുറക്കാൻ സാധിച്ചിട്ടില്ല.
ബാഷർ അൽ അസദ് ഭരണകൂടത്തിൻറെയും ക്രൂരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പ്രതീകമാണ് സെയ്ദ്നിയ ജയിൽ. രാഷ്ട്രീയ എതാരളികളെയും വിമതരെയും പീഡിപ്പിക്കുന്നതിനാണ് സെയ്ദ്നിയ ജയിൽ ഉപയോഗിച്ചിരുന്നത്.
സിറിയയിലെ സെയ്ദ്നിയ ജയിൽ വളരെ അപകടകരമാണ്. മരണ ക്യാമ്പ്, കോൺസൺട്രേഷൻ ക്യാമ്പ് എന്നിങ്ങനെയാണ് ഈ ജയിൽ അറിയപ്പെടുന്നത്. ഭൂഗർഭ ജയിലിൽ കഴിയുന്ന ആളുകളെ സിസിടിവി ദൃശ്യങ്ങളിലൂടെ മാത്രമേ കാണാനാകൂ. ഇവരെ ഇപ്പോഴും പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. ഈ ജയിൽ എത്ര ഭീകരമാണെന്ന കാര്യം ഇതിൽ നിന്നു തന്നെ വ്യക്തമാകും.
സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്ത ശേഷം ബാഷർ അൽ അസദിൻറെ ക്രൂരമുഖമാണ് ലോകത്തിന് മുന്നിൽ വെളിപ്പെടുന്നത്. രഹസ്യ ജയിലിൽ കുട്ടികൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം തടവുകാരുണ്ടായിരുന്നെന്നാണ് വിവരം. തടവുകാരെ കൊല്ലാൻ ഉപയോഗിച്ചിരുന്ന ഭൂഗർഭ മനുഷ്യ അറവുശാലകളും ജയിലുകളിൽ കണ്ടെത്തിയിട്ടുണ്ട്.
സെയ്ദ്നിയ ജയിലിൻറെ മതിൽ തകർത്താണ് തടുവാരെ പുറത്തെത്തിച്ചത്. ഇവിടെ നിന്ന് മോചിതരായ തടവുകാരുടെ എണ്ണവും രേഖകളും സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. നിരവധി രാഷ്ട്രീയ തടവുകാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.