ഇന്ത്യയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുകയാണ്. കുട്ടികൾ, ഗർഭിണികൾ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവരിൽ ഡെങ്കിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹമുള്ളവർക്ക് ഡെങ്കിപ്പനി ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഡെങ്കിപ്പനി ശരീരത്തിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു, അത് ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി ഉയർത്തും.
ഡെങ്കിപ്പനി ബാധിച്ചാൽ അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും. ഇത് ഡെങ്കി ഷോക്ക് സിൻഡ്രോം ഉണ്ടാക്കുകയും കരളിനെ തകരാറിലാക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും. പ്രമേഹരോഗികൾക്ക് ഡെങ്കപ്പനി ബാധിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകുക: ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് വിശ്രമം പ്രധാനമാണ്. ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകാൻ ശ്രദ്ധിക്കുക.
സമീകൃതാഹാരം കഴിക്കുക: പ്ലേറ്റ്ലെറ്റുകൾ വർധിപ്പിക്കുന്നതിന് പോഷകങ്ങൾ, വിറ്റാമിൻ സി, വിറ്റാമിൻ എ, ആന്റിഓക്സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ കഴിക്കണം. കിവി, പ്ലം, ചെറി, പപ്പായ, ആപ്പിൾ, മാതളനാരങ്ങ, ബ്രൊക്കോളി, ബീറ്റ്റൂട്ട് മുതലായവ മികച്ചതാണ്.
ജലാംശം വർധിപ്പിക്കുക: ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക എന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മാർഗമാണ്. തേങ്ങാവെള്ളം കുടിക്കുന്നത് ഇലക്ട്രോലൈറ്റുകളുടെ എണ്ണം സന്തുലിതമാക്കാൻ സഹായിക്കും.
ഉയർന്ന പനി: പ്രമേഹരോഗികളിലെ പനി നിസാരമായി കാണരുത്. പ്രത്യേകിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ചിരിക്കുകാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.
ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക: മഴക്കാലത്ത് കൊതുകുകടിയോ മറ്റേതെങ്കിലും പ്രാണികളുടെ കടിയോ ഏൽക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കേണ്ടത് പ്രധാനമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക: അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഗ്ലൂക്കോസ് അളവ് സൂക്ഷ്മമായി നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.