ഇരുട്ട് പേടിയുള്ളവരാണ് നമ്മളിൽ അധികം പേരും. ഇരുട്ട് നിറഞ്ഞ മുറിയിൽ പുറത്തിറങ്ങാനാകാതെ അകപ്പെടുന്നത് പലരെയും ഭയപ്പെടുത്തുന്ന ഒരു അനുഭവമാണ്. എന്നാൽ ഇരുട്ടിനെക്കാൾ ഭയാനകമാണ് വെള്ള നിറം എന്ന് പറഞ്ഞാൽ നിങ്ങൾക്കത് വിശ്വസിക്കാൻ സാധിക്കുമോ ? എന്നാൽ സത്യമാണ്. വെള്ള നിറത്തിന് മനുഷ്യനിൽ സൃഷ്ടിക്കാനാകുന്ന ഭയവും ആശങ്കയും മാനസിക പ്രശ്നങ്ങളും അടുത്തറിഞ്ഞാൽ പിന്നെ ഇരുട്ട് സൃഷ്ടിക്കുന്ന ഭയം ഒന്നുമല്ലെന്ന് നമുക്ക് മനസ്സിലാകും. എന്നാല്‍ പൊതുവെ സമാധാനത്തിന്റെ സൂചകമായി ഉപയോഗിക്കുന്ന വെള്ള നിറം എങ്ങനെയാണ് മനുഷ്യനിൽ ഭയം സൃഷ്ടിക്കുന്നത് ? ലോകത്തിൽ വച്ച് ഏറ്റവും ക്രൂരവും പൈശാചികവുമായ ശിക്ഷാ രീതിയായ വൈറ്റ് റൂം ടോർച്ചറിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. തടവുകാരനെ മാനസികമായി തളർത്തി അവനിൽ നിന്ന് വേണ്ട വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ശിക്ഷാ രീതിയാണ് വൈറ്റ് റൂം ടോർച്ചർ.
വൈറ്റ് റൂം ടോർച്ചർ അനുഭവിക്കേണ്ട വ്യക്തിയെ പൂർണമായും വെള്ള നിറത്തിലുള്ള ഒരു മുറിയിൽ അടച്ചിടും. ഈ മുറിയിലെ നിലം, ഭിത്തികൾ, മേൽക്കൂര, ഇരിപ്പിടം, കട്ടിൽ, അതിൽ വിരിച്ചിരിക്കുന്ന പുതപ്പ് തലയിണ തുടങ്ങി എല്ലാം വെള്ള നിറത്തിൽ ഉള്ളവ ആയിരിക്കും. ഇത് മാത്രമല്ല തടവുകാരന്റെ വസ്ത്രങ്ങളും ആ വ്യക്തിക്ക് ആഹാരം കൊടുക്കാനുപയോഗിക്കുന്ന പാത്രങ്ങളും ഉൾപ്പെടെ എല്ലാം വെള്ള നിറം ആയിരിക്കും. ഇവിടം കൊണ്ട് തീർന്നില്ല, തടവ്കാരന് കഴിക്കാൻ കൊടുക്കുന്ന ഭക്ഷണം പോലും വെള്ള നിറമാണ്. വെള്ള നിറമുള്ള അരി, മുട്ട, പാൽ തുടങ്ങിയവ മാത്രമേ തടവ്കാരന് കൊടുക്കാറുള്ളൂ. ഇത്തരത്തിൽ അതിനകത്ത് കിടക്കുന്ന ആളിന് കണ്ണ് കൊണ്ട് കാണാൻ സാധിക്കുന്ന എല്ലാം തന്നെ വെള്ള നിറത്തിലുള്ളവ ആയിരിക്കും.
ഇത് മാത്രമല്ല വൈറ്റ് റൂം ടോർച്ചറിനുപയോഗിക്കുന്ന മുറിക്കുമുണ്ട് ചില പ്രത്യേകതകൾ. ഈ മുറി പൂർണമായും സൗണ്ട് പ്രൂഫ് ആയിരിക്കും. അതായത് ഇതിനകത്ത് കിടക്കുന്ന തടവ്കാരന് അയാളുടെ സ്വന്തം ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും കേൾക്കാൻ സാധിക്കില്ല. വൈറ്റ് റൂമിന് പുറത്ത് കാവൽ നിൽക്കുന്ന കാവൽക്കാരുടെ കാലിലെ ബൂട്ടിനടിയിൽ പ്രത്യേക തരം പഞ്ഞി ഉപയോഗിച്ച് ആവരണം ചെയ്തിരിക്കും. ഇത് കാരണം കാവൽക്കാരുടെ ബൂട്ടിന്റെ അനക്കം പോലും തടവ്കാരന് കേൾക്കാൻ സാധിക്കില്ല. വൈറ്റ് റൂമിൽ ഒരിക്കലും ഓഫ് ചെയ്യാതെ എപ്പോഴും വെള്ള വെളിച്ചം ആകും തെളിഞ്ഞിരിക്കുന്നത്. ഒരിക്കലും ഒരു നിഴൽ പോലും വൈറ്റ് റൂമിനുള്ളിൽ പതിയാത്ത തരത്തിലാകും ഇതിനുള്ളിലെ വിളക്കുകൾ സജ്ജീകരിച്ചിട്ടുള്ളത്. ഇത്തരത്തിൽ വെള്ള വെളിച്ചമല്ലാതെ മറ്റൊന്നും കാണാനോ, സ്വന്തം ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനോ സാധിക്കാത്ത അവസ്ഥയിലാകും വൈറ്റ് റൂമിലെ തടവുകാരൻ.
ALSO READ: Rorschach Movie : വൈറ്റ് റൂം ടോർച്ചറിൽ മമ്മൂട്ടി; റോഷാക്കിന്റെ പുതിയ പോസ്റ്റർ
മാസങ്ങളോ അല്ലെങ്കിൽ വർഷങ്ങളോളമോ ആകും വൈറ്റ് റൂമിലെ തടവിന്റെ കാലാവധി. ഈ കാലയളവിൽ ഈ റൂമിൽ നിന്ന് പുറത്ത് പോകാൻ തടവുകാരന് അനുവാദമുണ്ടായിരിക്കുന്നതല്ല. ഇറാനിലാണ് പ്രധാനമായും വൈറ്റ് റൂം ടോർച്ചർ എന്ന ശിക്ഷാ രീതി ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയ തടവുകാരെയാണ് പ്രധാനമായും വൈറ്റ് റൂമിനുള്ളിലെ ശിക്ഷയ്ക്ക് വിധേയനാക്കുന്നത്. ഇത്തരത്തിൽ വൈറ്റ് റൂം ടോർച്ചർ എന്ന ശിക്ഷയ്ക്ക് വിധേയനായി പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട ഒരു ഇറാനിയൻ മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പിലൂടെയാണ് ഈ ശിക്ഷയുടെ തീവ്രത ലോകത്തിന് ബോധ്യമായത്. മൂന്ന് ദിവസം തികച്ച് വൈറ്റ് റൂമിനുള്ളിൽ നിൽക്കാൻ സാധിക്കില്ലെന്നാണ് വൈറ്റ് റൂം ടോർച്ചറിന് വിധേയനായ ഈ മാധ്യമ പ്രവർത്തകൻ പറയുന്നത്. ഒരാളെ ശാരീരികമായുള്ള പീഡനങ്ങള്‍ക്ക് വിധേയനാക്കി ശിക്ഷിക്കുന്നതിനേക്കാൾ ഫലപ്രദമാണ് വൈറ്റ് റൂം ടോർച്ചർ എന്നാണ് ഇറാനിയൻ ഭരണാധികാരികൾ അഭിപ്രായപ്പെടുന്നത്.
ചുരുക്കിപ്പറഞ്ഞാൽ കുറ്റവാളിയുടെ ശരീരത്തിൽ നിന്ന് ഒരിറ്റ് ചോര പൊടിക്കാതെ അയാളെ ഇഞ്ചിഞ്ചായി കൊല്ലുന്ന രീതി. വൈറ്റ് റൂം ടോർച്ചറിന് വിധേയനാകുന്ന ആൾ പതിയെ എല്ലാം മറക്കാൻ തുടങ്ങും. താൻ ആരാണെന്നോ എന്താണെന്നോ ഉള്ള ബോധം അയാൾക്ക് പതിയെ നഷ്ടപ്പെടാൻ തുടങ്ങും. സ്വന്തം മാതാപിതാക്കളുടെ മുഖവും മക്കളുടെ മുഖം പോലും ഈ ശിക്ഷയ്ക്ക് വിധേയനാകുന്നയാൾക്ക് പിന്നീട് ഓർമ്മയുണ്ടാകില്ല. ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത മാനസിക പ്രശ്നങ്ങളിലൂടെയാകും അയാൾ പിന്നീട് കടന്ന് പോകാൻ പോകുന്നത്. വൈറ്റ് റൂം ടോർച്ചറിന് വിധേയനാകുന്നയാൾ ആ റൂമിൽ കഴിയുന്ന സമയം വല്ലാതെ അക്രമാസക്തനും ആകാറുണ്ട്. വെള്ള അല്ലാതെ മറ്റൊരു നിറം കാണാൻ വേണ്ടി സ്വന്തം ശരീരം കടിച്ച് മുറിച്ച് രക്തം വരുത്താനും ഈ തടവുകാർ മടിക്കാറില്ല. ഇത്തരത്തിൽ ശിക്ഷ അനുഭവിക്കുന്നയാളുടെ മനോനിലയെ താളം തെറ്റിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ക്രൂരമായ ശിക്ഷാ രീതിയാണ് വൈറ്റ് റൂം ടോർച്ചർ.
വൈറ്റ് റൂം ടോർച്ചർ എന്ന ഈ ശിക്ഷാ രീതി ഇപ്പോൾ മലയാളികൾക്കിടയിൽ സജീവ ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന റൊഷാക് എന്ന ത്രില്ലർ ചിത്രത്തിന്റെ ട്രൈലറിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു വൈറ്റ് റൂമിൽ ഇരിക്കുന്ന രംഗം കാണിച്ചതോടെയാണ് വൈറ്റ് റൂം ടോർച്ചർ എന്ന ശിക്ഷാ രീതിയെപ്പറ്റി കേരളത്തിൽ സജീവ ചർച്ചകൾ ഉണ്ടാകുന്നത്. ഇതിന് പിന്നാലെ വൈറ്റ് റൂമിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ മുഖം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിടുകയുണ്ടായി. ഇന്ത്യൻ സിനിമയിൽ വൈറ്റ് റൂം ടോർച്ചർ എന്ന ശിക്ഷാ രീതി അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. റോഷാക് എന്ന ചിത്രത്തിൽ ഈ ക്രൂരമായ ശിക്ഷാ രീതി എങ്ങനെയാണ് അവതരിപ്പിക്കാൻ പോകുന്നത് എന്നുള്ളത് കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.