കൊച്ചി: ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണത്തിൽ പ്രതികരിച്ച് നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ. ബാലക്ക് പണം നൽകിയെന്ന് കൊച്ചിയിൽ നടത്തിയ പ്രസ് മീറ്റിൽ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. തെളിവായി ബാങ്ക് രേഖകളും ഉണ്ണി മുകുന്ദൻ പരസ്യപ്പെടുത്തി. 20 ദിവസം ചിത്രത്തിൽ ജോലിചെയ്തതിനd രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി. ഒരു ദിവസത്തിന് 10,000 രൂപ എന്നായിരുന്നു കണക്ക്. ട്രോളുകൾ കാെണ്ട് ഹിറ്റായി എന്നത് കാെണ്ട് കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
പണം ലഭിക്കാതെ ആരും സിനിമയിൽ ജോലി ചെയ്തിട്ടില്ല. താൻ പറഞ്ഞതിന്റെ പേരിലാണ് സംവിധായകന് എതിർപ്പുണ്ടായിട്ടും സിനിമയിലേക്ക് ബാലയെ തിരഞ്ഞെടുത്തത്. ഡബ്ബിങ് പൂർത്തിയാകാത്തതിനാൽ മിമിക്രി താരങ്ങളെ ഉപയോഗിച്ച് ബാലയ്ക്കു വേണ്ടി മൂന്ന് സീനുകൾ ഡബ്ബ് ചെയ്യേണ്ടി വന്നു. ബാലയുടെ ഒരു ചിത്രത്തിൽ താൻ പ്രതിഫലം ഇല്ലാതെ അഭിനയിച്ചുവെന്നും ബാലയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തത് താൻ മാത്രമായിരുന്നു എന്നും ഉണ്ണിമുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ പ്രതികരിച്ച് നടൻ മിഥുൻ രമേശ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി എന്നാണ് ചിത്രത്തിൻറെ സംവിധായകൻ അനൂപ് പന്തളം പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിന്റെ കമന്റായി മിഥുൻ രമേശ് പറഞ്ഞത്. സിനിമയുടെ സംവിധായകൻ അനൂപ് പന്തളത്തിനും പ്രതിഫലം നൽകിയിരുന്നില്ലെമ്മ് ആരോപണം ഉണ്ടായിരുന്നു. എന്നാൽ തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് അറിവെന്നുമാണ് അനൂപ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
സംഭവത്തിൽ പ്രതികരിച്ച് ചിത്രത്തിൻറെ ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത് രംഗത്തെത്തിയിരുന്നു. ബാല പ്രതിഫലം വേണ്ടെന്ന് പറഞ്ഞിട്ടും രണ്ട് ലക്ഷം രൂപ നൽകിയെന്ന് വിനോദ് മംഗലത്ത് മനോരമ ഓൺലൈനോട് പറഞ്ഞു. ചിത്രം വിജയമായതിനെ തുടർന്ന് കൂടുതൽ ലാഭം ലഭിച്ചതുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടാകുന്നതെന്ന് വിനോദ് അറിയിച്ചു.
ഉണ്ണി തന്റെ സഹോദരനാണെന്നും പ്രതിഫലം ഒന്നും വേണ്ടയെന്നുമായിരുന്നു ബാല തന്നോട് പറഞ്ഞത്. എന്നാൽ ചിത്രത്തിന്റെ ഡബ്ബിങ്ങിന് ശേഷം ബാലയ്ക്ക് രണ്ട് ലക്ഷം രൂപ അയച്ചു കൊടുത്തുയെന്ന് വിനോദ് മംഗലത്ത് പറഞ്ഞു. കൂടാതെ ചിത്രത്തിൽ പ്രവർത്തിച്ച ഒരാൾക്ക് പോലും പ്രതിഫലം നൽകാതിരുന്നിട്ടില്ലയെന്ന് വിനോദ് കൂട്ടിച്ചേർക്കുകയും ചെയ്തു. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും പാവപ്പെട്ടവരായ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഉണ്ണി മുകുന്ദൻ പണം നൽകണമെന്നാണ് ബാല ഒരു ഓൺലൈൻ മാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...