ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് നിർമാതാവായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണത്തിന് മറുപടിയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബാല പ്രതിഫലം വേണ്ടെന്ന് പറഞ്ഞിട്ടും രണ്ട് ലക്ഷം രൂപ നൽകിയെന്ന് ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ ലൈൻ പ്രൊഡ്യൂസറായ വിനോദ് മംഗലത്ത് മനോരമ ഓൺലൈനോട് പറഞ്ഞു, ചിത്രം വിജയമായതിനെ തുടർന്ന് കൂടുതൽ ലാഭം ലഭിച്ചതുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടാകുന്നതെന്ന് വിനോദ് അറിയിച്ചു.
ഉണ്ണി തന്റെ സഹോദരനാണെന്നും പ്രതിഫലം ഒന്നും വേണ്ടയെന്നുമായിരുന്നു ബാല തന്നോട് പറഞ്ഞത്. എന്നാൽ ചിത്രത്തിന്റെ ഡബ്ബിങ്ങിന് ശേഷം ബാലയ്ക്ക് രണ്ട് ലക്ഷം രൂപ അയച്ചു കൊടുത്തുയെന്ന് വിനോദ് മംഗലത്ത് പറഞ്ഞു. കൂടാതെ ചിത്രത്തിൽ പ്രവർത്തിച്ച ഒരാൾക്ക് പോലും പ്രതിഫലം നൽകാതിരുന്നിട്ടില്ലയെന്ന് വിനോദ് കൂട്ടിച്ചേർക്കുകയും ചെയ്തു.
ചിത്രത്തിൽ പ്രവർത്തിച്ച സംവിധായകർ ഉൾപ്പെടെയുള്ളവർക്ക് ഉണ്ണി മുകുന്ദൻ പണം നൽകിട്ടില്ലയെന്നാണ് ബാല ആരോപിക്കുന്നത്. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും പാവപ്പെട്ടവരായ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഉണ്ണി മുകുന്ദൻ പണം നൽകണമെന്നാണ് ബാല ആവശ്യപ്പെടുന്നത്. കൂടാതെ ചിത്രത്തിൽ അഭിനയിച്ച സ്ത്രീകൾക്ക് മാത്രമാണ് നിർമാതാവായ ഉണ്ണി മുകുന്ദൻ പണം നൽകിയതായി ബാല പറഞ്ഞു.
ഉണ്ണി മുകുന്ദൻ തന്നെ കേന്ദ്ര കഥാപാത്രമായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം നവംബർ 25 നാണ് തീയേറ്ററുകളിൽ എത്തിയത്. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാനും ചിത്രത്തിന് കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നടൻ ബാല ഈ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു ഗൾഫ്ക്കാരൻ നാട്ടിലേക്ക് വരുന്നതും പിന്നെ അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും അവന്റെ പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം. നവാഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തത്. സംവിധായകനും പ്രതിഫലം നൽകിയിട്ടില്ലെന്ന് ആരോപണം ഉണ്ട്.
ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രമെത്തിയത്. മേപ്പടിയാൻ എന്ന ചിത്രം ഇതിന് മുമ്പ് ഉണ്ണി മുകുന്ദൻ നിർമ്മിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...