വെറും മൂന്ന് ദിവസം കൊണ്ട് ആർക്കെങ്കിലും 15 ലക്ഷം പേരെ ചിരിപ്പിക്കാൻ സാധിക്കുമോ? സാധിക്കുമെന്ന് കാണിച്ച് തന്നിരിക്കുകയാണ് ഒരു കൂട്ടം ആൾക്കാർ. അത് മറ്റാരുമല്ല, ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളുമാണ്. റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് 15 ലക്ഷം പേരാണ് സിനിമ കണ്ടത്. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ചിത്രം. പ്രേമലു, ആവേശം എന്നീ സിനിമകൾക്ക് ശേഷം മലയാളത്തിൽ ചിരിവിരുന്നൊരുക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂരമ്പലനടയിൽ. പൃഥ്വിരാജ്, ബേസിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇരുവരുടെയും കോമ്പോ തകർപ്പനാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ആദ്യ ദിനം 3.65 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. രണ്ടാം ദിനം 3.75 കോടി നേടിയ ചിത്രം മൂന്നാം ദിനത്തിൽ 4.5 കോടി എന്ന കണക്കിലേക്ക് എത്തി. അങ്ങനെ മൂന്ന് ദിവസം കൊണ്ട് ചിത്രം ആകെ നേടിയത് 11.90 കോടി കളക്ഷനാണ്. ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന കളക്ഷനിൽ നിന്ന് തന്നെ മനസിലാക്കും സിനിമ പ്രേക്ഷകർക്ക് എത്രത്തോളം ഇഷ്ടമായി എന്ന്. മെയ് 16നാണ് ചിത്രം റിലീസ് ചെയ്തത്.
2 മണിക്കൂർ 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. യു/എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 90 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ് എന്നാണ് റിപ്പോർട്ട്. ആനന്ദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ആനന്ദിന്റെ അളിയൻ വിനു എന്ന കഥാപാത്രമായി ബേസിലും എത്തിയപ്പോൾ കോമഡി ഗംഭീരമായി വർക്കൗട്ട് ആയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പൃഥ്വിയുടെ പെങ്ങളായി എത്തിയത് അനശ്വര രാജൻ ആണ്. നിഖില വിമൽ ആണ് പൃഥ്വിയുടെ നായിക. ദീപു പ്രദീപ് ആണ് രചന നിർവഹിച്ചിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണം. അങ്കിത് മേനോൻ - സംഗീതം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy