State Film Award Controversy: 'സർക്കാർ ഇടപെടണം, ഇല്ലെങ്കിൽ മറ്റ് നടപടികളിലേക്ക് നീങ്ങും'; രഞ്ജിത്തിനെതിരെ കടുപ്പിച്ച് വിനയൻ

അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നും, ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് യോ​ഗ്യനല്ലെന്നും നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 11:53 AM IST
  • വിവിധ അവാർഡുകൾക്കായി വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനെ പരി​ഗണിച്ചെങ്കിലും രഞ്ജിത് ഇടപെട്ട് അതെല്ലാം ഒഴിവാക്കാൻ ശ്രമം നടത്തിയെന്നാണ് വിനയൻ ആരോപിച്ചത്.
  • സം​ഗീത സംവിധാനം, ​ഗായിക, ഡബ്ബിങ് എന്നിവയ്ക്കാണ് പത്തൊൻപതാം നൂറ്റാണ്ടിന് ഇത്തവണ അവാർഡ് ലഭിച്ചത്.
  • ഇതും തിരുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും വിനയൻ ആരോപിച്ചു.
State Film Award Controversy: 'സർക്കാർ ഇടപെടണം, ഇല്ലെങ്കിൽ മറ്റ് നടപടികളിലേക്ക് നീങ്ങും'; രഞ്ജിത്തിനെതിരെ കടുപ്പിച്ച് വിനയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന ആവശ്യം കടുപ്പിച്ച് സംവിധായകൻ വിനയൻ. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ഇല്ലെങ്കിൽ മറ്റ് നടപടികളിലേക്ക് നീങ്ങേണ്ടതായി വരുമെന്നും വിനയൻ പറയുന്നു. സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാൻ ആഗ്രഹിക്കുന്നുള്ളു എന്നാണ് വിനയൻ ഫേസ്ബുക്കിൽ കുറിച്ചത്.

സംസ്ഥാന ചലച്ചിത്രം അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന  ജൂറി അംഗം നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം ഇന്നലെ വിനയൻ പുറത്തുവിട്ടിരുന്നു. ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലെന്ന് ഓഡിയോ സന്ദേശത്തിൽ അദ്ദേഹം പറയുന്നുണ്ട്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതിന് തെളിവുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ജൂറി അംഗത്തിന്റെ തന്നെ ഓഡിയോ സന്ദേശം വിനയൻ പുറത്തുവിട്ടത്.

വിവിധ അവാർഡുകൾക്കായി വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനെ പരി​ഗണിച്ചെങ്കിലും രഞ്ജിത് ഇടപെട്ട് അതെല്ലാം ഒഴിവാക്കാൻ ശ്രമം നടത്തിയെന്നാണ് വിനയൻ ആരോപിച്ചത്. സം​ഗീത സംവിധാനം, ​ഗായിക, ഡബ്ബിങ് എന്നിവയ്ക്കാണ് പത്തൊൻപതാം നൂറ്റാണ്ടിന് ഇത്തവണ അവാർഡ് ലഭിച്ചത്. ഇതും തിരുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും വിനയൻ ആരോപിച്ചു. വിവാദം സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായെങ്കിലും ചലച്ചിത്ര അക്കാദമിയോ, രഞ്ജിത്തോ, സർക്കാരോ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേമം പുഴ്ചപരാജിന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടു കൊണ്ടുള്ള വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്;

''ഇത്തവണത്തെ സ്റ്റേറ്റ് ഫിലിം അവാർഡിൻെറ മെയിൻ ജൂറി മെമ്പറും
പ്രാഥമിക ജൂറിയുടെ ചെയർമാനുമായിരുന്ന
ശ്രീ നേമം പുഷ്പരാജിൻെറ വാക്കുകളാണ്  ഇവിടെ കൊടുത്തിരിക്കുന്നത്..
   ഒരു  മാദ്ധ്യമ പ്രവർത്തകനോടാണ് അദ്ദേഹം സംസാരിക്കുന്നത്.. ഒരു സർക്കാർ ജുറി മെമ്പർ എന്ന നിലയിൽ പരിമിതികളുള്ളപ്പോൾ തന്നെ അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്
    ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത്  പദവി ദുരുപയോഗം ചെയ്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു എന്ന് കഴിഞ്ഞ ദിവസം ഞാൻ ഇവിടെ പോസ്റ്റുചെയ്തിരുന്നു.. അതിനു കൃത്യമായ തെളിവുകൾ എൻെറ കൈയ്യിലുണ്ടന്നും... ധാർമ്മികത ഉണ്ടങ്കിൽ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വയ്കണമെന്നും ഞാൻ പറഞ്ഞിരുന്നു..
 എൻെറ വാക്കുകൾക്ക് അടിവരയിട്ടുകൊണ്ട് ചെയർമാൻ സ്ഥാനത്തിരിക്കാൻ
  രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജ് ഇപ്പോൾ പറയുന്നു.. അക്കാദമി ചെയർമാൻ എന്നനിലയിൽ അവാർഡു നിണ്ണയത്തിൽ അനാവശ്യ ഇടപെടൽ നടത്തി എന്നു വ്യക്തമായി ഒരു സീനിയർ ജൂറി മെമ്പർ പറഞ്ഞു കഴിഞ്ഞാൽ..  ഇനി മറുപടി പറയേണ്ടത്  അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ്..
   ശ്രീ നേമം പുഷ്പരാജ് ഈ ശബ്ദരേഖയിൽ പറയുന്നതു കൂടാതെ അവാർഡു നിർണ്ണയത്തിൽ നടന്ന പല വൃത്തികെട്ട ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും  ഒക്കെ ഞെട്ടിക്കുന്ന  വിവരങ്ങൾ വിശദമായി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. അത് ആവശ്യമുള്ള ഘട്ടത്തിൽ മാത്രം വെളിപ്പെടുത്താം..
  ഇപ്പോൾ എനിക്കു ചോദിക്കാനുള്ളത് ഇ ജൂറിമെമ്പറുടെ വെളിപ്പെടുത്തലിനു ശേഷം നിയമപരമായോ ധാർമ്മികമായോ ആ പദവിയിലിരിക്കാൻ ശ്രീ രഞ്ജിത്തിന് അവകാശമുണ്ടോ?
  ഈ വിവരം അവാർഡു നിർണ്ണയ സമയത്തു തന്നെ അറിഞ്ഞിരുന്ന സാംസ്കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ?

   നേരത്തെ സർക്കാരിൻെറ  PRD യുടെ കീഴിലായിരുന്നു ഈ അവാർഡു നിർണ്ണയവും മറ്റും നടത്തിയിരുന്നത്.. 1996ലെ അവാർഡു നിർണ്ണയത്തിൽ ഗുരുതരമായ ക്രമക്കേടു നടന്നു എന്നു കാണിച്ച് ഹൈക്കോടതിയിൽ കേസു പോകുകയുണ്ടായി
 ദേശാടനം എന്ന സിനിമയേ മനപ്പുർവം ഒഴിവാക്കി എന്നതായിരുന്നു പ്രശ്നം.. അന്ന് ബഹുമാന്യനായ ജസ്റ്റീസ് നാരായണക്കുറുപ്പ് അവാർഡ് നിർണ്ണയത്തിൽ പക്ഷപാതമുണ്ട് സുതാര്യത ഇല്ലായിരുന്നു എന്നു കണ്ടെത്തുകയും സത്യസന്ധമായി അവാഡു നിർണ്ണയം നടക്കുവാനായി PRD യിൽ നിന്നു മാറ്റി ചലച്ചിത്ര അക്കാദമി രൂപീകരിക്കുവാനും അക്കാദമി ജൂറിയെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അവരിൽ യാതൊരു ഇടപെടലും ഉണ്ടാകാതെ അവാർഡു നിർണ്ണയം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിടുകയും ഉണ്ടായി.. അന്ന് സാംസ്കാരിക വകുപ്പു മന്ത്രി ആയിരുന്ന അന്തരിച്ച ടി കെ രാമകൃഷ്ണൻ സാറാണ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര അക്കാദമിരൂപീ കരിച്ചത്..ശ്രീ ഷാജി എൻ കരുണായിരുന്നു ആദ്യത്തെ ചെയർമാൻ എന്നാണെൻെറ ഒാർമ്മ.. അതിനു ശേഷവും പല സർക്കാരുകളും അവാർഡുകൾ പലപ്പോഴും വീതം വയ്കുകയായിരുന്നു എന്ന സത്യം നിഷേധിക്കാൻ കഴിയില്ല.. പക്ഷേ അതിനൊക്കെ ഒളിവും മറവും ഉണ്ടായിരുന്നിരിക്കാം.. തെളിവ് ഇല്ലായിരുന്നിരിക്കാം... ഇത്ര ധ്രാഷ്ടൃത്തോടെ തനിക്കാരെയും പേടിക്കേണ്ട കാര്യമില്ല എന്ന മാടമ്പിത്തരത്തോടെ അവാർഡു നിർണ്ണയത്തിൽ കൈ കടത്തിയ ആദ്യത്തെ ചെയർമാൻ ശ്രീ രഞ്ജിത്താണ് എന്നകാര്യം യാതൊരു സംശവുമില്ല.. എവിടുന്നാണ് ഇതിനുള്ള ധൈര്യം അദ്ദേഹത്തിന് ലഭിച്ചത്... സർക്കാരിനെ പ്രതിക്കുട്ടിൽ നിർത്തുന്ന ഈ ഗൂഡാലോചനക്കു പിന്നിൽ മറ്റാരൊക്കെയാണ്...  ശക്തമായ ഒരന്വേഷത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്തരവിടുകയും.. കുറ്റവാളികളേ കണ്ടെത്തുകയും ചെയ്യുമെന്നു കരുതുന്നു.. അല്ലങ്കിൽ ഈ വീതം വയ്കൽ നയം ഇടതുപക്ഷ സർക്കാരിൻെറ അറിവോടെയാണന്ന് പൊതുജനം ചിന്തിച്ചു പോകും.. എനിക്കൊരാവാർഡു കിട്ടാനോ എൻെറ സിനിമയ്ക് അവാർഡു കിട്ടാനോ വേണ്ടിയല്ല ഞാനിതിന് ഇറങ്ങി തിരിച്ചതെന്ന് ദയവായി കരുതരുത്... ഞാനീ അവാർഡുകൾക്കു വേണ്ടി സിനിമ എടുക്കുന്ന ആളല്ലാ.. അതിൻെറ പുറകെ പോയിട്ടുമില്ല, ഇഷ്ടക്കാർക്ക് അവാഡ് വീതം വച്ച രഞ്ജിത്തിൻെറ ഈ പരിപാടി സിനിമയേ പാഷനായി കാണുന്ന... അതിനു വേണ്ടി ജീവൻകളഞ്ഞു നിൽക്കുന്ന.. ഒരു വലിയ കൂട്ടം കലാകാരന്മാരോടു ചെയ്യുന്ന ചതിയാണ്.. കൊല്ലാക്കൊലയാണ്..
എന്തു കഷ്ടപ്പാടും സഹിച്ച് സിനിയെടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ മനസ്സു മടുപ്പിക്കുന്ന ക്രൂരതയാണ്..
  ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാൻ ആഗ്രഹിക്കുന്നുള്ളു..''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News