മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ തൃഷയുടെ ക്യാരക്ടർ പോസ്റ്റാറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കുന്ദവൈ രാജകുമാരിയായാണ് തൃഷ ചിത്രത്തിലെത്തുന്നത്. പുരുഷന്മാരുടെ ലോകത്തെ ധൈര്യമുള്ള ഒരു സ്ത്രീ എന്ന ടാഗോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. വിക്രം, കാർത്തി, ഐശ്വര്യ റായ് തുടങ്ങിയവരുടെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. രണ്ട് ഭാഗങ്ങളായാണ് പൊന്നിയിൻ സെൽവൻ എത്തുന്നത്. ആദ്യ ഭാഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായ് എത്തുന്നത്. ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ആണ് സൂചന. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്.
In a world of men, a woman of courage. Presenting Princess Kundavai! #PS1 releasing in theatres on 30th September in Tamil, Hindi, Telugu, Malayalam and Kannada! @MadrasTalkies_ #ManiRatnam @arrahman pic.twitter.com/eoJOkSkegl
— Lyca Productions (@LycaProductions) July 7, 2022
മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ താരനിരയാണ് അണിനിരക്കുന്നത്.
പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ. പത്താം നൂറ്റാണ്ടിൽ , ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...