മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ട് ആയ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം പൊന്നിയിൻ സെൽവൻ 2 ഒടിടി സ്ട്രീമിങ് തുടങ്ങി. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരുന്നത്. ജൂൺ 2 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി കഴിഞ്ഞു. പ്രേക്ഷകർക്ക് ഫ്രീയായി തന്നെ ഇനി പിഎസ് 2 കാണാൻ സാധിക്കും. ചിത്രം നേരത്തെ തന്നെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. എന്നാൽ ആമസോൺ പ്രൈം റെന്റൽസിലാണ് ചിത്രം എത്തിയിരുന്നത്. നിശ്ചിത തുക അടച്ച് മാത്രമെ ഇതുവരെ പിഎസ് 2 കാണാൻ സാധിച്ചിരുന്നുള്ളൂ. 399 രൂപ അടച്ചാൽ മാത്രമെ ചിത്രം കാണാൻ കഴിയുമായിരുന്നുള്ളൂ.
ഏപ്രിൽ 28നായിരുന്നു പിഎസ് 2 തിയേറ്ററിൽ റിലീസ് ചെയ്തത്. ചിത്രം ഫ്രീയായി ഒടിടിയിൽ കാണാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഇനി പിഎസ് 2 പ്രേക്ഷകർക്ക് ഫ്രീയായി തന്നെ കാണാം. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.
step into the world of grandeur and intrigue as this epic saga continues! #PS2onPrime, watch now
Available in Tamil, Telugu, Kannada and Malayalamhttps://t.co/6lYhjbXDZJ pic.twitter.com/DTUFwPQRky— prime video IN (@PrimeVideoIN) June 1, 2023
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ചിത്രത്തിന്റെ ആദ്യഭാഗമായ പൊന്നിയിൻ സെൽവൻ 1 തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൻറെ ആദ്യഭാഗത്തിന് ബോക്സ്ഓഫീസിൽ വൻ വിജയം നേടാൻ കഴിഞ്ഞിരുന്നു. പൊന്നിയിൻ സെൽവൻ 2വും വൻ വിജയമായിരുന്നു. ടൈറ്റിൽ കഥാപാത്രമായി എത്തിയിരിക്കുന്നത് ജയം രവിയാണ്. കാർത്തി, വിക്രം, ജയറാം, തൃഷ, ഐശ്വര്യ റായ്, പ്രഭു, പാർഥിപൻ, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ശോഭിതാ ധുലിപാല തുടങ്ങി വൻതരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിച്ചിരിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തിയത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ഐശ്വര്യ റായും കുന്ദവൈ രാജകുമാരിയായി തൃഷയും ചിത്രത്തിൽ അഭിനയിക്കുന്നു.
പത്താം നൂറ്റാണ്ടിൽ , ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. ഇതാണ് രണ്ട് ഭാഗങ്ങളിലായി 5-6 മണിക്കൂറിനുള്ളിൽ മണിരത്നം ദൃശ്യവിസ്മയം ഒരുക്കിയത്. ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയ ഗാനങ്ങളും പിഎസ് 2ൽ ഉൾപ്പെടുത്തിയിരുന്നു. എആർ റഹ്മാന്റെ സംഗീതത്തിൽ ചിത്രത്തിലെ ഓരോ പാട്ടുകളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറി. ലൈക്കാ പ്രൊഡക്‌ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിർമിച്ചത്. രവി വർമ്മൻ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിർവഹിച്ചു. നോവലിലെ ഉള്ളടക്കത്തിന് ഉപരി കഥയിലെ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഒട്ടേറെ പഠനങ്ങൾ നടത്തിയ ശേഷമാണ് മണിരത്നം തൻ്റെ സ്വപ്ന പദ്ധതിയായ ഈ സിനിമക്ക് തിരക്കഥ തയ്യാറാക്കിയതും ദൃശ്യാ വിഷ്‌ക്കാരമേകിയതും. അതുകൊണ്ടു തന്നെ നോവലിൽ ഇല്ലാത്ത ചില സംഭവങ്ങളും സിനിമയിലുണ്ട് എന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...