Kochi : ഒരുത്തീ നവ്യ നായരുടെ ഉജ്ജ്വലമായ തിരിച്ചുവരവാണെന്ന് നടി ഭാവന. ചിത്രം ഒരുപാട് ഇഷ്ടമായെന്നും, അതിനെ കുറിച്ച് പറയാൻ വാക്കുകൾ ലഭിക്കുന്നില്ലെന്നും ഭാവന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. വളരെയധികം ത്രില്ലടിച്ചാണ് ചിത്രം കണ്ട് തീർത്തതെന്നും ഭാവന പറഞ്ഞു. പത്ത് വർഷത്തിന് ശേഷമാണ് നവ്യാ നായർ ഒരുത്തീയിലൂടെ മലയാളം സിനിമ രംഗത്തേക്ക് തിരിച്ചെത്തിയത്. ഒരു സ്ത്രീയുടെ ആരും പറയാത്ത കഥയെന്ന് ടാഗ് ലൈനോട് കൂടിയായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ഭാവനയുടെ കുറിപ്പ്
"ഇന്നലെ രാത്രി ഒരുത്തീ കണ്ടു. ചിത്രത്തെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ലഭിക്കുന്നില്ല. വളരെ ത്രില്ലടിച്ചാണ് ചിത്രത്തിന്റെ അവസാന നിമിഷം വരെ കണ്ടിരുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് നവ്യയെ സ്‌ക്രീനിൽ കാണുന്നത്. നവ്യയുടെ വളരെ ഉജ്ജ്വലമായ ഒരു തിരിച്ചു വരവായിരുന്നു ഇത്. മലയാളത്തിലുള്ള മികച്ച നടിമാരിൽ ഒരാൾ തന്നെയാണ് നവ്യ എന്ന കാര്യത്തിലും തർക്കമില്ല. നവ്യ എങ്ങനെ രാധാമണിയെ അവതരിപ്പിച്ചുവെന്നതാണ് സിനിമയുടെ പ്രത്യേകത.
വിനായകനും, ആദിത്യയും, സൈജു കുറുപ്പും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. അവരെ പറ്റി പറയാതിരിക്കാൻ കഴിയില്ല. ചിത്രം ഒരുക്കിയതിന് വികെ പ്രകാശിന് അഭിനന്ദനങൾ. എല്ലാവരും കാണേണ്ട ചിത്രം തന്നെയാണ്. എനിക്ക് ചിത്രം ഏറെ ഇഷ്ടപ്പെട്ടു. എല്ലാവരും അടുത്തുള്ള തീയേറ്ററുകളിൽ പോയി കാണണം"
ALSO READ: Oruthee 2 : ഒരുത്തീ 2; നവ്യാ നായരുടെ ഒരുത്തീ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു
അതേസമയം ചിത്രത്തിൻറെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഒരുത്തീയുടെ അതേ അണിയറപ്രവർത്തകർ തന്നെയാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. ഒരുത്തീ മാർച്ച് 18 നാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമ മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററിൽ പ്രദർശനം തുടരുകയാണ്. വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയുടെ കഥ, തിരക്കഥ, സംഭാഷണം എസ്.സുരേഷ്‌ബാബുവിന്റേതാണ്.
ഒരു സ്ത്രീയും മകനും ഒരു കുറ്റകൃത്യത്തിനിടയിൽ പെട്ട്പോകുന്നതും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായരുടെ കഥാപാത്രം എത്തുന്നത്. ചിത്രത്തിൽ വിനായകൻ പൊലീസ് ഉദ്യോഗസ്ഥനായി ആണ് എത്തുന്നത്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഒരുത്തി നിർമ്മിക്കുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ് സ്ക്രിപ്റ്റ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചിരിക്കുന്നത്. തകര ബാൻറ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്.