ഇന്ന് കേരളക്കരയാകെ ഉയർന്ന് കേൾക്കുന്ന ഒരു ചിത്രമാണ് മാളികപ്പുറം. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും, ഇന്ത്യക്ക് പുറത്തുമൊക്കെ ചിത്രം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തെ സ്വീകരിച്ചു കഴിഞ്ഞു. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ എന്ന നടനെ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തിരിക്കുകയാണ്. മാളികപ്പുറമായെത്തിയ ദേവനന്ദയും ശ്രീപദും എല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിത്രം.
ഇപ്പോഴിത ചിത്രത്തിന്റെ തിരക്കഥാകൃത്ത് പങ്കുവെച്ച ഒരു കുറിപ്പാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. അഭിലാഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ട്.
അഭിലാഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്:
''സിനിമ കണ്ട പലരും ചോദിച്ച ചോദ്യം മാളികപ്പുറത്തിന്റെ കഥ യഥാർത്ഥ കഥയാണോ,കല്ലു യഥാർത്ഥ കഥാപാത്രം ആണോ എന്ന് അതിനുള്ള ഉത്തരം, ഈ സിനിമ ഷൂട്ട് ചെയ്‌തിരിക്കുന്നത് ഞാൻ ജനിച്ചു വളർന്ന നാട്ടിലാണ് ( കോന്നി പത്തനംതിട്ട ) ഇതിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവരാണ്, കാണാമറയത്ത് ഉണ്ട് അജയനും, കല്ലുവും, സൗമ്യയും, പീയുഷും, ഉണ്ണിയും, പട്ടടയും പിന്നെ അയ്യപ്പനും
Nb: മാളികപ്പുറത്തിന്റെ കഥയും കഥാപാത്രങ്ങളും കഴിഞ്ഞിട്ടില്ല പറയാൻ ബാക്കി വെച്ചത് ഇനിയും തുടരും ''
മാളികപ്പുറത്തിന്റെ കഥയും കഥാപാത്രങ്ങളും കഴിഞ്ഞിട്ടില്ല പറയാൻ ബാക്കി വെച്ചത് ഇനിയും തുടരും എന്ന അഭിലാഷിന്റെ വരികളാണ് പ്രേക്ഷകരിൽ മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം എന്ന ആശയം ഉണ്ടാക്കിയെടുത്തത്. നിരവധി പേരാണ് അഭിലാഷിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു..എന്നാണ് മിക്കവരും കമന്റ് ചെയ്തത്. ഒരുപാട് പേർ അഭിലാഷിനെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്. ജനിച്ചു വളർന്ന നാട്ടിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും ഇതിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവരാണ്, കാണാമറയത്ത് ഉണ്ടെന്നും അദ്ദേഹം കുറിച്ചത്.
ഡിസംബർ 30നാണ് മാളികപ്പുറം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ വളരെ മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. വിഷ്ണു ശശിശങ്കര്‍ തന്നെയാണ് എഡിറ്റിംഗും നിർവഹിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...