ലോകമെമ്പാടും പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. അതിവേഗം 50 കോടി ക്ലബിൽ കയറിയ ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബിൽ കയറിയത്. ചിത്രത്തിന്റെ മൊത്തം ബിസിനസ് എന്ന് പറയുന്നത് 112 കോടി രൂപയാണ്. ബോക്സ് ഓഫീസ് കളക്ഷൻ ഉൾപ്പെടെയുള്ള കണക്കാണിത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറഞ്ഞ ചിത്രമാണ് കുറുപ്പ്. ഇപ്പോഴിത ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് സീ കമ്പനി. ദുൽഖർ സൽമാനാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. നാല് ഭാഷകളിലെ സാറ്റ്ലൈറ്റ് അവകാശമാണ് സീ സ്വന്തമാക്കിയത്.
കുറുപ്പിന്റെ നാല് ഭാഷകളിലെ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ) സാറ്റ്ലൈറ്റ് അവകാശത്തിനായി വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ൻമെന്റ്‌സും സീ കമ്പനിയുമായി കരാർ ഒപ്പിട്ട കാര്യം അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു റെക്കോർഡ് ബ്രേക്കിംഗ് ഡീലാണ്, അത് നിങ്ങൾ എല്ലാവരും സിനിമയ്ക്ക് നൽകിയ സ്നേഹത്തിന്റെ സാക്ഷ്യമാണെന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. സിനിമ വിജയമാക്കിയ പ്രേക്ഷകർക്ക് ദുൽഖർ നന്ദി പറയുകയും ചെയ്തു.
35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. മികച്ച പ്രീ-ബുക്കിങ് പ്രതികരണം ലഭിച്ച സിനിമ കൂടിയാണ് 'കുറുപ്പ്'. 8.1 ആണ് നിലവില്‍ ചിത്രത്തിന്റെ IMDB റേറ്റിംഗ്. ദുൽഖറിന്റെ കരിയറിലെ ആദ്യ ചിത്രമായ സക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകൻ. നവംബർ 12ന് 505 തിയറ്ററുകളിലായ വേൾഡ് വൈഡ് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 6 കോടി സ്വന്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ലഭിച്ച സ്വീകാര്യതയിൽ ചിത്രത്തിന്റെ പ്രദർശനം 550 സ്ക്രീനുകളിലേക്കായി ഉയർത്തി. കേരളത്തിന് പുറത്ത് ഇന്ത്യയിൽ തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലും വൻ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. കൂടാതെ യൂഎഇയിൽ ഏറ്റവും ഗ്രോസ് കളക്ഷൻ ലഭിക്കുന്ന ചിത്രമെന്ന് റിക്കോർഡും കുറുപ്പിന് ലഭ്യമായി.
Also Read: Kurup Movie | 75 കോടിയും കടന്ന് 'കുറുപ്പിന്റെ' ജൈത്രയാത്ര തുടരുന്നു...
കേരള പോലീസും ഇന്റർപോളും പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ച സുകുമാര കുറുപ്പിനെ ആസ്പദമാക്കിയാണ് ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയിരിക്കുന്നത്. ജിതിൻ കെ ജോസ് എഴുതിയ തിരക്കഥയ്ക്ക് സംഭാഷണം നൽകിയത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, Sunny Wayne, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...