പൃഥിരാജ് നായകനായ ആക്ഷൻ ചിത്രം കടുവ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസാണ്. ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററിൽ ലഭിച്ച ഗംഭീര വിജയത്തിന് നന്ദി അറിയിച്ച് കൊണ്ട് പൃഥ്വിരാജ് തന്നെയാണ് ഈ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ജൂലൈ 7 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കടുവ. തീയേറ്ററുകളിൽ വൻ വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. അതെ സമയം ചിത്രത്തിനെതിരെ ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവാച്ചൻ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ ഒടിടി റീലസ് തടയണമെന്നാവശ്യപ്പെട്ടും ഇന്ത്യക്ക് പുറത്ത് വിദേശ രാജ്യങ്ങളിൽ കോടതി വിധി ലംഘിച്ച് നായകന് കുറുവച്ചൻ എന്ന യഥാർഥ പേര് നൽകിയാണ് റിലീസ് ചെയ്തതെന്നും അറിയിച്ചകൊണ്ടാണ് ജോസ് കുരുവിനാക്കുന്നേൽ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
സിനിമയുടെ അണിയറപ്രവർത്തകരുമായി നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ചിത്രത്തിൽ ഉപയോഗിച്ചിരുന്ന കുറുവച്ചൻ എന്ന പേര് കുര്യാച്ചൻ എന്നതിലേക്ക് മാറ്റിയത്. നിയമപ്പോരാട്ടത്തെ തുടർന്ന് ചിത്രത്തിന്റെ തിയറ്റർ റിലീസ് വൈകുകയും സെൻസർ ബോർഡ് കോടതി നിർദേശത്തെ തുടർന്ന് നായക കഥാപാത്രത്തിന്റെ പേരിൽ മാറ്റം വരുത്തി ജൂലൈ ഏഴിന് റിലീസ് ചെയ്യുകയായിരുന്നു. പിന്നീട് സിനിമ കാണാൻ സാക്ഷാൽ കുറുവച്ചൻ എത്തുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധി പ്രകാരം ലോകത്തെവിടെ റിലീസ് ചെയ്താലും അതിൽ തന്റെ യഥാർഥ പേര് ഉണ്ടാകാൻ പാടില്ലയെന്നാണ്, ആ ഉത്തരവിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ലംഘനം നടത്തിയെന്നാണ് കുറുവച്ചൻ പരാതി നൽകിയത്.
ALSO READ: Kaduva Movie: സംയുക്ത മേനോനും കുട്ടിപട്ടാളവും; 'കടുവ'യുടെ പുതിയ പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ്
ഷാജി കൈലാസിൻറെ സംവിധാന തികവിൽ പൃഥിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സംയുക്ത മേനോൻ, വിവേക് ഒബ്റോയി, പ്രിയങ്ക, റീനു മാത്യൂസ്, മീനാക്ഷി, അർജുൻ അശോകൻ, സച്ചിൻ ഖദേക്കർ, സുദേവ് നായർ, രാഹുൽ മാധവ്, ദിലീഷ് പോത്തൻ, അജു വർഗ്ഗീസ്സ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജേക്ക്സ് ബിജോയ്, എസ് താമൻ എന്നിവർ ചേർന്നാണ്. ജിനു എബ്രഹാമാണ് 'കടുവ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് ജിനു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...