കടുവയുടെ ഗംഭീര വിജയത്തിന് ശേഷം ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കാപ്പ. ചിത്രം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പാളയം വിജെടി ഹാളിൽ നടന്നു. എസ് എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. നടൻ ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവഹിച്ചു. ഷാജി കൈലാസ്, പൃഥ്വിരാജ്, ആസിഫ് അലി, നന്ദു, ജിനു വി എബ്രഹാം എന്നിവരും ചടങ്ങിൽ അണിനിരന്നു.
പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജുവാര്യർ എന്നിവർ കഥാപാത്രങ്ങളാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ (GR Indugopan) എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. കടുവയ്ക്ക് ശേഷം വീണ്ടും പൃഥ്വിരാജിനൊപ്പം എന്ന കുറിപ്പോടെ ഷൂട്ടിംഗ് തുടങ്ങുന്ന വിവരം ഷാജി കൈലാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
''കടുവക്ക് നിങ്ങൾ നൽകിയ സ്നേഹത്തിനും സ്വീകരണത്തിനും ശേഷം, വീണ്ടും പൃഥ്വിരാജ് സുകുമാരനൊപ്പം...കാപ്പ ഇന്നാരംഭിക്കുന്നു...പ്രാർഥനയും പിന്തുണയും എന്നുമുണ്ടാകുമെന്ന പ്രതീക്ഷയോടെ....''
Also Read: Pratap Pothen Death News: നടൻ പ്രതാപ് പോത്തൻ അന്തരിച്ചു
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ (FEFKA Writers Union) നിർമ്മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്രനിർമാണ സംരംഭമാണ് കാപ്പ. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ് ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് (Theatre Of Dreams) എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്നത്.
കൊട്ട മധു എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. വൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന കാപ്പയിൽ അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതോളം നടീനടന്മാർ അണിനിരക്കും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...