ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ജവാൻ. ചിത്രത്തിൽ നയൻതാരയാണ് നായിക. പ്രിയാമണി, യോഗി ബാബു, സന്യ മൽഹോത്ര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപിക പദുക്കോൺ അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. ഇപ്പോൾ ചിത്രത്തിനായി താരങ്ങൾ വാങ്ങിയ പ്രതിഫലമാണ് ചർച്ചയാകുന്നത്. ജവാനിലെ അണിയറപ്രവർത്തകരുടെ മുഴുവൻ ശമ്പള വിവരങ്ങളും പുറത്തുവിട്ടു.
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനിൽ ഷാരൂഖ് ഖാൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. 'ജവാൻ' സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനാണെങ്കിലും ചിത്രത്തിലെ ഭൂരിഭാഗം അഭിനേതാക്കളും ബോളിവുഡ് താരങ്ങളാണ്. ഷാരൂഖ് ഖാൻ, ദീപിക തുടങ്ങിയ ഉയർന്ന കളക്ഷൻ നേടിയ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇവരിൽ ഓരോരുത്തരുടെയും പ്രതിഫലം എത്രയാണെന്ന് അറിയാമോ?
ഷാരൂഖ് ഖാൻ: ബോളിവുഡിലെ സൂപ്പർ താരമാണ് ഷാരൂഖ് ഖാൻ. 50 രൂപ ശമ്പളത്തിൽ തന്റെ കരിയർ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളിൽ ഒരാളാണ്. അഞ്ച് വർഷം മുമ്പ് വരെ ഒരു സിനിമയ്ക്ക് 45-60 കോടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. 'പത്താൻ' ലോകമെമ്പാടുമായി 1000 കോടിയിലധികം കളക്ഷൻ നേടിയതിന് പിന്നാലെ ഷാരൂഖ് തന്റെ പ്രതിഫലം ഇരട്ടിയാക്കി വർധിപ്പിച്ചു. ജവാൻ എന്ന ചിത്രത്തിന് വേണ്ടി 100 കോടിയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ദീപിക പദുക്കോൺ: ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. 17 വർഷത്തിലേറെയായി ദീപിക സിനിമാരംഗത്തുണ്ട്. പ്രതിഫലം വാങ്ങാതെയാണ് ദീപിക ആദ്യ ചിത്രത്തിൽ അഭിനയിച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ ഇപ്പോൾ 15 മുതൽ 30 കോടി രൂപ വരെയാണ് താരം ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത്. ജവാനിൽ അതിഥി വേഷത്തിൽ എത്തുന്നതിനാൽ പ്രതിഫലത്തിൽ വ്യക്തതയില്ല.
നയൻതാര: മലയാളത്തിൽ നിന്ന് തമിഴ് സിനിമാ ലോകത്ത് ചുവടുറപ്പിച്ച നയൻതാര ലേഡി സൂപ്പർ സ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. തമിഴ് സിനിമകളിൽ ഒരു സിനിമയിൽ അഭിനയിക്കാൻ അഞ്ച് മുതൽ 10 കോടി രൂപ വരെയാണ് താരം പ്രതിഫലം വാങ്ങുന്നത്. ജവാൻ എന്ന ചിത്രത്തിലൂടെ നയൻതാര ബോളിവുഡിലും അരങ്ങേറ്റം കുറിയ്ക്കുകയാണ്. ജവാനിൽ താരം 11 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് സൂചന. ഈ ചിത്രത്തിലെ നായിക നയൻതാരയാണ്.
പ്രിയാമണി: തമിഴിൽ മാത്രമല്ല തെലുങ്ക്, കന്നഡ സിനിമകളിലും പ്രശസ്തയാണ് പ്രിയാമണി. ഹിന്ദിയിലും താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ ചിത്രം 'ചെന്നൈ എക്‌സ്പ്രസിലെ' 'വൺ ടു ത്രീ ഫോർ' എന്ന ഗാനത്തിൽ പ്രിയാമണി അഭിനയിച്ചിരുന്നു. അതിനുശേഷം ഷാരൂഖ് ഖാന്റെ നല്ല സുഹൃത്തുമാണ് താരം. ജവാനിൽ ഷാരൂഖ് ഖാന്റെ സ്ക്വാഡിൽ ഒരാളായി പ്രിയാമണിയും എത്തുന്നു. ഈ ചിത്രത്തിനായി ഒരു കോടി രൂപയാണ് താരം പ്രതിഫലം വാങ്ങിയത്.
വിജയ് സേതുപതി: 18 വർഷത്തോളം വിജയ് സേതുപതി സിനിമയിൽ സപ്പോർട്ടിംഗ് റോളിൽ അഭിനയിച്ചിരുന്നു. പതിയെ പതിയെ നായകനായി ഉയർന്ന് ആരാധകരുടെ ഇടയിൽ ‘മക്കൾ സെൽവൻ’ എന്ന വിശേഷണം നേടിയ താരമാണ് വിജയ് സേതുപതി. കോളിവുഡിനപ്പുറം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോളിവുഡിലെ ചില പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളിൽ വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. തന്റെ ആദ്യ സിനിമയിൽ ഏഴ് ലക്ഷം രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്. ഇപ്പോൾ ജവാനിലെ അദ്ദേഹത്തിന്റെ പ്രതിഫലം ഏകദേശം 21 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...