Aniesh Upasana: 'ആരും 2018 ഓളം എത്തില്ലായിരിക്കും, എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ...' തുറന്ന കത്തുമായി അനീഷ് ഉപാസന

പല വാതിലുകളിൽ മുട്ടിയിട്ടും ഒന്നും സാധ്യമാകാത്ത കൊണ്ടാണ് ഇങ്ങനൊരു തുറന്ന കത്ത് എഴുതുന്നതെന്നാണ് അനീഷ് ഉപാസന കുറിച്ചത്. ജാനകി ജാനേ ഉൾപ്പെടെയുള്ള സിനിമകളുടെ ഷോ ടൈം മാറ്റുന്നതിനെതിരായാണ് കത്ത്.

Written by - Zee Malayalam News Desk | Last Updated : May 18, 2023, 07:38 AM IST
  • 2018ന് വേണ്ടി മറ്റ് ചിത്രങ്ങളുടെ പ്രദർശന സമയങ്ങള്‍ തിയേറ്ററുകാര്‍ തോന്നിയതുപോലെ മാറ്റുന്നുവെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന.
  • പ്രദർശന സമയം മാറ്റുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ അനീഷ് സംവിധാനം ചെയ്യുന്ന ജാനകി ജാനേ എന്ന ചിത്രവും ഉൾപ്പെടുന്നു.
  • മെയ് 12നാണ് നവ്യാ നായർ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ജാനകി ജാനേ റിലീസ് ചെയ്തത്.
Aniesh Upasana: 'ആരും 2018 ഓളം എത്തില്ലായിരിക്കും, എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ...' തുറന്ന കത്തുമായി അനീഷ് ഉപാസന

തിയേറ്ററുകൾ വൻ വിജയം നേടിക്കൊണ്ടിരിക്കുകയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമ. മലയാളികൾ നേരിട്ട മഹാപ്രളയത്തിന്റെ ദൃശ്യവത്ക്കരണമാണ് ഈ സിനിമ. മെയ് 5ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകൾ നിറഞ്ഞാണ് പ്രദർശനം തുടരുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആ​ഗോളതലത്തിൽ 100 കോടി കളക്ഷൻ നേടി പല റെക്കോർഡുകളും തകർക്കുകയാണ് 2018. 

എന്നാൽ 2018ന് വേണ്ടി മറ്റ് ചിത്രങ്ങളുടെ പ്രദർശന സമയങ്ങള്‍ തിയേറ്ററുകാര്‍ തോന്നിയതുപോലെ മാറ്റുന്നുവെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന. പ്രദർശന സമയം മാറ്റുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ അനീഷ് സംവിധാനം ചെയ്യുന്ന ജാനകി ജാനേ എന്ന ചിത്രവും ഉൾപ്പെടുന്നു. മെയ് 12നാണ് നവ്യാ നായർ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ജാനകി ജാനേ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയിട്ടും ചിത്രത്തിന് ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ ലഭിക്കുന്നില്ലെന്ന് സംവിധായകൻ പറയുന്നു. സിനിമയുടെ വിജയത്തിന് അത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. 

Also Read: Jackson Bazaar Youth Movie : ഇന്ദ്രൻസും ലുക്‌മാനും നേർക്ക്നേർ; ജാക്സൺ ബസാർ യൂത്ത്‌ ടീസർ

ഇക്കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് 2018 സിനിമയുടെ സംവിധായകനെയും നിര്‍മ്മാതാക്കളെയും തിയേറ്റര്‍ ഉടമകളെയും സംബോധന ചെയ്തുകൊണ്ട് അനീഷ് ഉപാസന ഒരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ്. 2018 എന്ന സിനിമ കാരണമാണ് തിയേറ്ററുകൾ പലതും ഉണർന്നതെന്നും എന്നാൽ തങ്ങളുടെ കൊച്ചു പടങ്ങളുടെ പ്രദർശന സമയം മാറ്റുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നുമാണ് കത്തിൽ അനീഷ് പറയുന്നത്. നെയ്മർ, അനുരാ​ഗം എന്നീ സിനിമകൾ നേരിടുന്ന ബുദ്ധിമുട്ടുകളും കൂടി ചേർത്താണ് അനീഷ് ഉപാസനയുടെ കത്ത്. 

അനീഷ് ഉപാസനയുടെ കത്ത്

''അന്റോജോസെഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയറ്റർ ഉടമകൾക്കുമായി 
ഒരു തുറന്ന കത്ത് 

ഞാൻ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സൻ സംവിധാനം ചെയ്ത നെയ്മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തീയറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ..

2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം.

ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും( working days) ചെയ്യുന്ന തീയറ്ററുകാരുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..

എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല..തീയറ്ററുകൾ ഉണർന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. .സംശയമില്ല..
അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച്‌ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..
ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും..പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തീയറ്ററിൽ നിറയണമെങ്കിൽ 1st ഷോയും 2nd ഷോയും വേണം..ദയവ് ചെയ്ത് സഹകരിക്കണം..

2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്..
ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്..
പലവാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന്  കത്തെഴുതുന്നത്..

പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്..

ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്നകാര്യമാണ്
മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം..

ജാനകി ജാനേയും സിനിമ തന്നെയാണ് ...
ഇനി വരാൻ പോകുന്നതും കൊച്ച് സിനിമകളാണ് 
2018 ഉം സിനിമയാണ് 

എല്ലാം ഒന്നാണ് 
മലയാള സിനിമ. .!
മലയാളികളുടെ സിനിമ..!

ആരും 2018 ഓളം എത്തില്ലായിരിക്കും..
എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ...

അനീഷ് ഉപാസന''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News