തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയുകയാണ്. മേളയെ വരവേൽക്കാൻ ഒരു മാസം മുമ്പേ തന്നെ തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 15 തിയേറ്ററുകളിലാണ് പ്രദർശനം. പതിനായിരത്തോളം ഡെലിഗേറ്റുകൾ സിനിമ കാണാനായി എത്തുന്നുണ്ട്.
ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തുന്ന ഡെലിഗേറ്റുകൾക്കായി നിരവധി സൗകര്യങ്ങളാണ് ചലച്ചിത്ര അക്കാദമി ഒരുക്കിയിട്ടുള്ളത്. കോവിഡ് സാഹചര്യം മുൻ നിർത്തിയുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഡെലിഗേറ്റുകൾ പാലിക്കേണ്ടതുണ്ട്. മേള വിജയകരമായി പൂർത്തിയാക്കാൻ ഈ നിർദേശങ്ങൾ പാലിക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്..
*ഫെസ്റ്റിവൽ പരിസരങ്ങളിൽ ഫേസ് മാസ്ക് കൃത്യമായി ധരിക്കുക.
*റിസർവേഷൻ ഉള്ളവരെ മാത്രമേ തിയറ്ററിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.
*ഡെലിഗേറ്റ് പാസ് ഉള്ളവരെ മാത്രമേ ഹാളിനുള്ളിൽ പ്രവേശിപ്പിക്കുകയുള്ളു.
*സ്ക്രീനിംഗിന്റെ തലേ ദിവസം രാവിലെ 8 മണി മുതൽ റിസർവേഷൻ ആരംഭിക്കും.
*ക്യാൻസലേഷൻ സൗകര്യം ഉണ്ടായിരിക്കില്ല.
*റിസർവേഷൻ ചെയ്ത ഡെലിഗേറ്റുകൾ ഷോ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പ് തിയറ്ററുകളിൽ പ്രവേശിക്കണം.
വൈകിട്ട് അഞ്ചരയോടെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. രഹന മറിയം നൂർ എന്ന ചിത്രത്തോടെയാണ് മേള തുടങ്ങുന്നത്. അബ്ദുള്ള മുഹമ്മദ് സാദാണ് ചിത്രത്തിന്റെ സംവിധായകൻ. രഹ്ന മറിയം നൂർ ഉൾപ്പടെ പ്രദർശിപ്പിക്കുന്ന 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...