കോഴിക്കോട്: മാസങ്ങളായി ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും ലോക ശ്രദ്ധ നേടിക്കഴിഞ്ഞു...
കര്‍ഷക സമരത്തില്‍ അമേരിക്കന്‍ പോപ്പ് ഗായിക റിഹാനയുടെ ഒറ്റ ചോദ്യത്തിലൂടെയുള്ള പ്രതികരണം വന്‍ വിമര്‍ശനത്തിന് ഇടയാക്കി. നമ്മള്‍ ഇത് എന്തുകൊണ്ട് സംസാരിക്കുന്നില്ല ? എന്ന് കര്‍ഷക സമരത്തെ (Farmers protest) മുന്‍നിര്‍ത്തി റിഹാന (Rihanna) ട്വീറ്റിലൂടെ ചോദിച്ച ചോദ്യം രാജ്യത്തെ അടിമുടി ഇളക്കിയിരിയ്ക്കുകയാണ്
റിഹാനയുടെ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍, നേതാക്കള്‍, അഭിനേതാക്കള്‍, ക്രിക്കറ്റ് താരങ്ങള്‍, സ്പോര്‍ട്സ് താരങ്ങള്‍ തുടങ്ങി വിവിധ മേഘലകളിലെ പ്രമുഖര്‍ പ്രതികരണവുമായി രംഗത്ത് എത്തി... ചിലര്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍ ചിലര്‍ കൈയടി നേടുകയാണ്...
അതിനിടെ, മലയാളികളുടെ പ്രിയപ്പെട്ട താരം സലീംകുമാറും (Salim Kumar) തന്‍റെ അഭിപ്രായം വെളിപ്പെടുത്തുകയാണ് ...
കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയും കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കിയ സെലിബ്രിറ്റികളെ വിമര്‍ശിച്ചുമാണ് നടന്‍ സലീം കുമാര്‍ നടത്തിയ പ്രതികരണം.. പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കുമെന്നും അതിനു രാഷ്ട്ര, രാഷ്ട്രിയ, വര്‍ഗ്ഗ, വര്‍ണ്ണ വരമ്പുകളില്ല എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പമാണെന്നും സലീം കുമാര്‍ പറഞ്ഞു. ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തില്‍ രാജ്യഭേദമന്യേ വര്‍ഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. അക്കൂട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായി നിന്നാല്‍ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്‍റെ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും പറഞ്ഞില്ല. അമേരിക്കക്കാര്‍ക്ക് നഷ്ടപ്പെടാത്ത എന്താണ് റിഹാനയെയും, ഗ്രെറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടത്? സലീം കുമാര്‍ ചോദിച്ചു.
Also read: Violation of Rules: Twitter Kangana Ranautന്റെ വിവാദ ട്വീറ്റുകൾ ഡിലീറ്റ് ചെയ്‌തു
പോപ് താരം റിഹാനയും കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിഷയം ആഗോള ശ്രദ്ധയില്‍ എത്തുന്നത്.
സലീം കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
അമേരിക്കയില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു വെളുത്തവന്‍ തന്‍റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോര്‍ജ് ഫ്‌ലോയിഡിന്‍റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്‍റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു.
അതിനെതിരെ രാജ്യഭേദമന്യേ വര്‍ഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാല്‍ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്‍റെ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും പറഞ്ഞില്ല.
പകരം ലോകപ്രതിഷേധത്തെ അവര്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കന്‍ പോലീസ് മേധാവി മുട്ടുകാലില്‍ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മള്‍ കണ്ടു. അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപെട്ടത്.
പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വര്‍ഗ്ഗ വരമ്പുകളില്ല, വര്‍ണ്ണ വരമ്പുകളില്ല.
എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പം.
#IStandwithFarmers#FarmersagainstPropagandistGovernment#FarmerLivesMatter