നടി മഞ്ജിമ മോഹൻ വിവാഹിതയായി. ചെന്നൈയിലായിരുന്നു വിവാഹം. നടൻ ഗൗതം കാർത്തിക്കാണ് വരൻ. 1997 ലെ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ മഞ്ജിമ മോഹൻ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായി വളർന്നത്. മയിൽപീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്.
2016 ൽ ചിമ്പുവിനൊപ്പം അച്ചം എൻപത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ മഞ്ജിമ തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി. ‘ദേവരാട്ടം’ എന്ന സിനിമയിൽ ഗൗതം കാർത്തിക്കും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. താനാണ് ആദ്യമായി പ്രണയം പ്രകടിപ്പിച്ചതെന്ന് കാർത്തിക് പറയുന്നു. ഞാൻ ആദ്യം മഞ്ജിമയോട് വിവാഹാഭ്യർത്ഥന നടത്തി. മഞ്ജിമയുടെ തീരുമാനം എന്നോട് പറയാൻ രണ്ട് ദിവസമെടുത്തു. ആ രണ്ടു ദിവസം എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു, പക്ഷേ മഞ്ജിമ ഓക്കെ പറഞ്ഞു. അങ്ങനെ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങളുടെ കുടുംബങ്ങൾ സന്തുഷ്ടരാണെന്നും ഗൗതം കാർത്തിക് പറഞ്ഞു.
സിമ്പുവിന്റെ ഗ്യാങ്സ്റ്റർ ചിത്രമായ ‘പത്ത് തല’, ‘1947 ആഗസ്റ്റ് 16’ എന്നിവയാണ് ഗൗതമിന്റെ പുതിയ ചിത്രങ്ങൾ. വിഷ്ണു വിശാലിന്റെ ‘എഫ്‌ഐആറി’ൽ ആണ് അവസാനമായി മഞ്ജിമയെ കണ്ടത്. ‘ഒക്ടോബർ 31 ലേഡീസ് നൈറ്റ്’ ആണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം.