മലയാളത്തിന്റെ പ്രിയതാരം മാമുക്കോയ അന്തരിച്ചപ്പോള്‍ സൂപ്പര്‍ താരങ്ങളാരും അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ ചെല്ലാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിന്റെ പേരില്‍ ഇപ്പോള്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിടുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ തെലുങ്ക് സിനിമ 'ഏജന്റ്' ഏപ്രില്‍ 28, വെള്ളിയാഴ്ച റിലീസ് ചെയ്യുമ്പോള്‍ ഈ വിമര്‍ശനങ്ങള്‍ എങ്ങനെ ബാധിക്കും എന്നാണ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു മാമുക്കോയയുടെ ഖബറടക്കം. അന്ന് തന്നെ മമ്മൂട്ടി 'ഏജന്റി'ന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ തന്നെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. അതിന് പിറകെ, സിനിമയുടെ റിലീസ് ദിനത്തില്‍ തീയേറ്റര്‍ ലിസ്റ്റും പോസ്റ്റ് ചെയ്തു. ശരിക്കും 'പൊങ്കാല' ആണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇപ്പോള്‍ നടക്കുന്നത്.
നിലപാടുകൊണ്ട് നിങ്ങള്‍ മാമുക്കോയയെ അവഗണിച്ചെങ്കില്‍, അതേ നിലപാടുകൊണ്ട് ഈ സിനിമയും ഞങ്ങള്‍ ബഹിഷ്‌കരിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. എല്ലാ സൂപ്പര്‍ സ്റ്റാറുകളുടേയും നല്ല സിനിമയുടെ വിജയത്തിന് പിന്നില്‍ മാമുക്കോയയുടെ നല്ല അഭിനയ മുഹൂര്‍ത്തങ്ങളുണ്ട് എന്നാണ് മറ്റൊരാളുടെ അഭിപ്രായം. മാമുക്കോയയുടെ രാഷ്ട്രീയ നിലപാടുകള്‍ കാരണമാണ് വലിയ താരങ്ങള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പിക്കാന്‍ എത്താതിരുന്നത് എന്ന് വിലയിരുത്തുന്നവരും ഉണ്ട്.
എന്നാല്‍ ഈ വിമര്‍ശനങ്ങളില്‍ കഴമ്പില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. മമ്മൂട്ടി സ്ഥലത്തില്ലാത്തതിനാല്‍ ആണ് എത്താതിരുന്നത് എന്നാണ് വിശദീകരണം. അടുത്തിടെ ആയിരുന്നു മമ്മൂട്ടിയുടെ മാതാവ് മരണപ്പെട്ടത്. അതിന് ശേഷം ഉംറ നിര്‍വ്വഹിക്കാന്‍ അദ്ദേഹം മെക്കയിലേക്ക് പോയിരിക്കുകയാണ് എന്നും ചിലര്‍ ഈ പോസ്റ്റുകള്‍ക്കിടയില്‍ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല.
മോഹന്‍ലാലിന്റെ കാര്യത്തിലും വിശദീകരണങ്ങള്‍ വരുന്നുണ്ട്. അതും മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തന്നെ. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനായി അദ്ദേഹം ജപ്പാനില്‍ പോയിരിക്കുകയാണ് എന്നാണ് വിശദീകരണം. ഇന്നസെന്റ് മരിച്ചപ്പോള്‍, രാജസ്ഥാനില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് സെറ്റില്‍ ആയിരുന്നു മോഹന്‍ലാല്‍. അവിടെ നിന്ന് ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്തിട്ടായിരുന്നു അദ്ദേഹം ഓടിയെത്തിയത്.
Read Also: തഗ്ഗുകളുടെ സുൽത്താൻ... വിട പറഞ്ഞാലും വിടാതെ പിന്തുടരുന്ന ഡയലോഗുകൾ
മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖരും മാമുക്കോയയെ അവസാനമായി ഒന്ന് കാണാന്‍ എത്തിയില്ല. സുരേഷ് ഗോപിയും ദിലീപും, ജയറാമും, പൃഥ്വിരാജും എല്ലാം അതില്‍ ഉള്‍പ്പെടും. മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ച സംവിധായകരും എത്തിയില്ല എന്നത് ആരാധകരെ സംബന്ധിച്ച് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. പൃഥ്വിരാജിന്റെ കുരുതി ആയിരുന്നു മാമുക്കോയയെ അടുത്തകാലത്ത് ഏറെ ശ്രദ്ധേയനാക്കിയ കഥാപാത്രം. ഇത്രയും കാലം കാണാത്ത ഒരു താരശരീരമായിരുന്നു അന്ന് പ്രേക്ഷകര്‍ മാമുക്കോയയില്‍ കണ്ടത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു കുരുതിയിലെ ഹംസ.
താരങ്ങള്‍ മാമുക്കോയയെ കാണാന്‍ എത്താത്തതില്‍ മറ്റൊരു വിശദീകരണവുമായി വേറൊരു കൂട്ടരും എത്തുന്നുണ്ട്. ഇന്നസെന്റിനൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ച് തകര്‍ത്തിട്ടുള്ള മാമുക്കോയ, ഇന്നസെന്റ് മരിച്ചപ്പോള്‍ കാണാന്‍ എത്തിയിരുന്നില്ലല്ലോ എന്നാണ് ഇവരുടെ ചോദ്യം. ആ സമയത്ത് മാമുക്കോയ വിദേശത്തായിരുന്നു എന്നും അവിടെ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ഇന്നസെന്റിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തുകയായിരുന്നു എന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്.
എന്തായാലും, മാമുക്കോയയുടെ മരണം മലയാള സിനിമാലോകത്ത് പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ആണ് വഴിച്ചത്. ഇതിനിടെ സംവിധായകൻ വിഎം വിനു നടത്തിയ പ്രതികരണം വൈറൽ ആവുകയും ചെയ്തു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി എന്നും എറണാകുളത്ത് പോയി മരിച്ചിരുന്നെങ്കിൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയുടേതുൾപ്പെടെയുള്ള താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലെ കമന്റുകളിൽ ആരാധകർ ഏറ്റവും അധികം ഉപയോഗിക്കുന്നത് ഈ വാക്കുകളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...