ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഏറെ നാളുകൾക്ക് ശേഷം ദുൽഖറിന്റെ ഒരു മലയാള ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത കിംഗ് ഓഫ് കൊത്തയുമായി ബന്ധപ്പെട്ട് മറ്റൊരു ചർച്ച കൂടി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ബിഗ് ബോസ് താരം ബ്ലെസ്ലി ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ എന്ന തരത്തിലുള്ള ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നത്.
കിംഗ് ഓഫ് കൊത്തയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ബ്ലെസ്ലി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പങ്കുവെച്ചിരുന്നു. ഇതാണ് ചർച്ചയ്ക്ക് വഴി വെച്ചത്. ദുൽഖർ സൽമാനൊപ്പമുള്ള ചിത്രവും ബ്ലെസ്ലി പങ്കുവെച്ചിട്ടുണ്ട്. തമിഴ്നാട് കാരൈക്കുടി സെറ്റിലാണ് ബ്ലെസ്ലി എത്തിയത്.
ബ്ലെസ്ലിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ:
കൊത്ത ഗ്രാമത്തിൽ എത്തിപ്പെട്ടു ഗയ്സ്... അവിടത്തെ സിംഹത്തെ കാണാൻ. ദുൽഖർ സൽമാനൊപ്പം... എന്ന ക്യാപ്ഷനോടെയാണ് ബ്ലെസ്ലി ചിത്രം പങ്കുവെച്ചത്.
ഈ പോസ്റ്റിന് പിന്നാലെ നിരവധി ബ്ലെസ്ലി ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തിയത്. എന്തെങ്കിലും സർപ്രൈസ് ഉണ്ടോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
Happy news ഉണ്ടേൽ അത് direct ആയി അങ്ങ് പറഞ്ഞിരുന്നെങ്കിൽ ഞങ്ങക്ക് ആഘോഷം തുടങ്ങാമായിരുന്നു എന്നാണ് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചത്.
മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. അഭിലാഷ് സ്വതന്ത്ര സംവിധായകനായി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. ദുൽഖറിന്റെ വേഫെയറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമാണ സംരംഭമാണ് കിങ് ഓഫ് കൊത്ത.
ചിത്രം മികച്ച ഒരു തിയറ്റർ അനുഭവമാക്കി ഒരുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചുകൊണ്ട് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. പാൻ ഇന്ത്യ തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റി അവതരിപ്പിക്കും.
അഭിലാഷ് എസ് ചന്ദ്രനാണ് രചന നിർവഹിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്താണ് അഭിലാഷ്. ആക്ഷൻ ത്രില്ലറാണ് കിംഗ് ഓഫ് കൊത്ത. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിൽ ഗോകുൽ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.
തെലുങ്കിൽ സീതാ രാമം, ബോളിവുഡിൽ ചുപ് എന്നീ സിനിമകളുടെ വിജയത്തിന് ശേഷമാണ് ദുൽഖർ മലയാളത്തിലേക്ക് തിരികെയെത്തുന്നത്. കുറുപ്പിന് ശേഷം തിയേറ്ററുകളിലേക്കെത്താൻ ഒരുങ്ങുന്ന ദുൽഖറിന്റെ മലയാള ചിത്രമാണ് കിംഗ് ഓഫ് കൊത്ത. കുറുപ്പിന് ശേഷമെത്തിയ ദുൽഖറിന്റെ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് നേരിട്ട് ഒടിടിയിലൂടെയാണ് റിലീസ് ചെയ്തത്. ചുപ്പിന് പിന്നാലെ ദുൽഖർ നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഗൺ ആൻഡ് ഗുലാബ്സ് എന്ന വെബ് സീരിസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...