Manju Warrier's Life in Danger : മഞ്ജു വാര്യരുടെ ജീവിതം അപകടത്തിലാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ

Manju Warrier ചിലരുടെ തടങ്കലിൽ ആണെന്നും അവരുടെ ജീവൻ രക്ഷിക്കണമെന്നും സനൽ കുമാർ ശശിധരൻ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 10:02 PM IST
  • ഞ്ജു വാര്യരുടെ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനൽ കുമാർ.
  • വെരി സീരിയസ് എന്ന തലക്കെട്ടോട്കൂടി ആരംഭിക്കുന്ന ഫേസ്ബുക് പോസ്റ്റിലൂടെയാണ് മഞ്ജു വാര്യരുടെ ജീവിതം അപകടത്തിലാണെന്ന് സംവിധായകൻ പറയുന്നത്.

    മഞ്ജു വാര്യർ ചിലരുടെ തടങ്കലിൽ ആണെന്നും അവരുടെ ജീവൻ രക്ഷിക്കണമെന്നും സനൽ കുമാർ ശശിധരൻ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.
Manju Warrier's Life in Danger : മഞ്ജു വാര്യരുടെ ജീവിതം അപകടത്തിലാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ

കൊച്ചി: നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജു വാര്യരുടെ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനൽ കുമാർ. വെരി സീരിയസ് എന്ന തലക്കെട്ടോട്കൂടി ആരംഭിക്കുന്ന ഫേസ്ബുക് പോസ്റ്റിലൂടെയാണ് മഞ്ജു വാര്യരുടെ ജീവിതം അപകടത്തിലാണെന്ന് സംവിധായകൻ പറയുന്നത്.
 
മഞ്ജു വാര്യർ  ചിലരുടെ തടങ്കലിൽ ആണെന്നും അവരുടെ ജീവൻ രക്ഷിക്കണമെന്നും സനൽ കുമാർ ശശിധരൻ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. നടിക്കൊപ്പമുള്ള ചിലരുടെ പേരുകളും സനൽകുമാർ കുമാർ ശശിധരൻ തന്റെ പോസ്റ്റിലൂടെ ചൂണ്ടികാണിക്കുന്നു.

ALSO READ : Vellarikka Pattanam : മഞ്ജു വാര്യരുടെ വെള്ളരിക്കാപട്ടണം ഇനി വെള്ളരിപട്ടണം

മഞ്ജു വാര്യരോ താൻ പേര് പറഞ്ഞിട്ടുള്ള ആരും ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം  പറയുന്നു. വിഷയം ചൂണ്ടിക്കാണിച്ച് വുമൺ ഇൻ സിനിമ കളക്ടീവിലേയ്ക്ക് മെയിൽ അയച്ചിട്ടും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

This is very important. Please don’t take it as a joke. This is a matter of life and blackmailing. Please inquire if it is true or not. #saveherlife

Manju Warrier മഞ്ജു വാര്യരുടെ ജീവൻ അപായത്തിലാണെന്നും അവർ ചിലരുടെ തടങ്കലിൽ ആണ് എന്നും സൂചിപ്പിച്ച് ഞാൻ പോസ്റ്റ് എഴുതിയിട്ട് നാല് ദിവസമായി. ഏതാനും ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ല. മഞ്ജു വാര്യരോ ഞാൻ പേര് പറഞ്ഞിട്ടുള്ള ആരെങ്കിലുമോ സംസാരിച്ചിട്ടില്ല. പകരം എന്റെ ഒപ്പമുണ്ടായിരുന്ന ഒരാളെക്കൊണ്ട് പച്ചക്കള്ളം ഒരു പോസ്റ്റായി ഇട്ടു. അതിന് വ്യാപകമായി പ്രചാരണം നൽകി. ചില ഓൺലൈൻ മാധ്യമങ്ങളിൽ അവരെക്കുറിച്ച് അപവാദകഥകൾ സീരീസായി ഇറക്കി. ഞാൻ ഉന്നയിച്ച ഗൗരവമുള്ള വിഷയം മൗനത്തിൽ മുങ്ങുകയാണ്. ഇതാണ് കേരളം. ഇത്രയേ ഉള്ളു നമ്മുടെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ജാഗ്രത. ഇന്നലെ Women in Cinema Collective ലേക്ക് ഒരു ഇമെയിൽ അയച്ചു. ഇതുവരെയും ഒരു മറുപടിയും കിട്ടിയില്ല. അവർക്ക് മെയിൽ കിട്ടിയോ എന്നറിയില്ല. എന്തായാലും ഇവിടെ അത് കോപ്പി ചെയ്യുന്നു. 

സുഹൃത്തുക്കളേ,
ഞാൻ മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുള്ള ഒരു സിനിമ സംവിധായകനാണ്. മലയാളസിനിമാമേഖലയിൽ നിലനിൽക്കുന്ന സ്ത്രീപീഡന നയങ്ങൾക്കും മാഫിയ സംഘങ്ങൾക്കുമെതിരെ wcc നടത്തുന്ന പോരാട്ടത്തിന് അഭിവാദ്യം അർപ്പിച്ചുകൊള്ളുന്നു. ശ്രദ്ധേയായ നടി ഭാവനയ്ക്ക് നേരിട്ട അതിക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനം പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കേരളത്തിന്റെ ക്രമസമാധാന പാലനവ്യവസ്ഥ അട്ടിമറിക്കാൻ കൈകോർത്തിട്ടുള്ള രാക്ഷസീയ ശക്തികളെ ചെറുത്തുതോൽപ്പിക്കാനും നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കും വലിയ കൂപ്പുകൈ. 

ഈ കത്ത് ഞാൻ എഴുതുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതും ഞാൻ തുറന്ന് പറഞ്ഞിട്ടുള്ളതും എന്നാൽ നിങ്ങളും പൊതുസമൂഹവും ഗൗരവതരമായതെങ്കിലും എന്തുകൊണ്ടോ അവഗണിക്കുന്നതുമായ ഒരു ചൂഷണ വിഷയത്തിന്റെ പ്രാധാന്യം ഒന്നുകൂടി നിങ്ങളുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതിനാണ്. മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണെന്നും അവർ സ്ഥാപിത താല്പര്യക്കാരായ ഏതാനും പേരുടെ തടവറയിലാണെന്നും വെളിപ്പെടുത്തിക്കൊണ്ട് ഞാൻ ഏതാനും ദിവസം മുൻപ് എന്റെ സോഷ്യൽ മീഡിയകളിൽ എഴുതിയിരുന്നു. നിരവധി ഓൺലൈൻ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തിരുന്നു എങ്കിലും അതേക്കുറിച്ച് മഞ്ജു വാര്യരോ അവരുമായി ബന്ധപ്പെട്ട മറ്റാളുകളോ പ്രതികരിച്ചു കണ്ടില്ല. ഞാൻ പേരുകളും സംഭവങ്ങളും, എന്നിൽ സംശയം ജനിപ്പിക്കാൻ കാരണമായ സാഹചര്യങ്ങളും ഉൾപ്പെടെ കാര്യകാരണസഹിതം എഴുതിയ കുറിപ്പ് ബന്ധപ്പെട്ട ആളുകളുടെ പ്രതികരണം ഇല്ല എന്നതുകൊണ്ട് മാത്രം സമൂഹം (പ്രത്യേകിച്ച് സ്ത്രീസമൂഹം) ഗൗരവത്തോടെ കണ്ടില്ല എന്നത് എന്നെ നിരാശപ്പെടുത്തുന്നു. 

മഞ്ജുവാര്യരോ ഞാൻ പേരെടുത്ത് പറഞ്ഞ മറ്റാളുകളോ പ്രതികരിച്ചില്ല എങ്കിലും ഞാൻ ഉന്നയിച്ച വിഷയങ്ങൾ കൂടുതൽ ഗൗരവമുള്ളതാണെന്നും അതിനെ മൗനം കൊണ്ട് തേയ്ച്ചുമാച്ചുകളയാൻ അതിനുപിന്നിൽ പ്രവർത്തിക്കുന്ന ചൂഷകരായ നീചശക്തികൾ ശ്രമം നടത്തുന്നു എന്നും എന്നെ ബോധ്യപ്പെടുത്തുന്ന രണ്ടു സംഭവങ്ങൾ എന്റെ പോസ്റ്റിനെത്തുടർന്ന് ഉണ്ടായി. 

1. കഴിഞ്ഞ രണ്ടു കൊല്ലമായി കയറ്റം എന്ന ചലച്ചിത്രത്തിന്റെ നിർമാണത്തെ തുടർന്ന് എനിക്കെതിരെയും എന്റെ സിനിമകൾക്കെതിരെയും നടക്കുന്ന വ്യാപകമായ ദുഷ്പ്രചാരണങ്ങളെക്കുറിച്ചും അതിനുപിന്നിലെ മാഫിയാസാന്നിദ്ധ്യത്തെ കുറിച്ചും  ഞാൻ നിരന്തരം എഴുതുന്നുണ്ട്. ദുഷ്പ്രചാരണങ്ങളുടെ ഉറവിടം കാഴ്ച-നിവ് സ്ഥാപനങ്ങളിൽ എന്റെ ഒപ്പമുണ്ടായിരുന്നവരും എനിക്ക് വ്യക്തിപരമായി വളരെ ബന്ധമുണ്ടായിരുന്നവരും ആണെന്നും അതിലൊക്കെ ഗൂഡാലോചനകളുണ്ടെന്നും എനിക്ക് സംശയമുണ്ട്. എന്നാൽ ഇക്കാലമത്രയും അതേക്കുറിച്ചൊന്നും പ്രതികരിക്കാതിരുന്ന ആളുകൾ മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണെന്ന് ഞാൻ പോസ്റ്റ് ചെയ്തപ്പോൾ എനിക്ക് മറുപടിയുമായി മുന്നിൽ വന്നിട്ടുണ്ട്. കയറ്റം സിനിമയുടെ ആർട്ട്  ഡയറക്ടർ ആയിരുന്ന ദിലീപ് ദാസ് ആണ് മറുപടി പോസ്റ്റ് എഴുതിയിരിക്കുന്നത്. മറുപടിയെന്നോണം പറയുന്ന കാര്യങ്ങളിൽ എനിക്കെതിരെയുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ കൂടാതെ മഞ്ജുവാര്യർക്ക് സത്യം അറിയാവുന്ന ഒരു പച്ചക്കള്ളവും എഴുതിയിട്ടുണ്ട്. കയറ്റത്തിന്റെ ഷൂട്ടിംഗിനായി മണാലിയിൽ എത്തിയ മഞ്‍ജുവാര്യർ സൗകര്യങ്ങൾ കുറവായതിനാൽ തിരിച്ചുപോകാൻ ആലോചിച്ചിരുന്നു എന്നും അവരെയും ഒപ്പമുണ്ടായിരുന്ന ബിനീഷ് ചന്ദ്രൻ, ബിനു നായർ എന്നിവരെയും ഒരൊറ്റ ടെന്റിൽ താമസിക്കാൻ ഞാൻ കൺവിൻസ്‌ ചെയ്യിച്ചു എന്നുമാണത്. ഇക്കാര്യം കളവാണെന്ന് മാത്രമല്ല ദുരുദ്ദേശത്തോടെ ഉന്നയിച്ചിട്ടുള്ളതുമാണ്. ഈ പോസ്റ്റിന് ചില ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചാരണം കൊടുക്കുകയും ചില മഞ്ജുവാര്യർ ഫാൻ/വെൽഫെയർ പേജുകളിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുള്ളത് എന്റെ ശ്രദ്ധയിൽ പെട്ടു. ഇതും ആസൂത്രിതമായ ഒരു ഗൂഡാലോചനയാണ്. പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ള വെൽഫെയർ പേജുകൾ ചൂഷകർ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എനിക്ക് സംശയമുണ്ട്.  ഞാൻ ഉന്നയിച്ച ഗുരുതരമായ വിഷയം ആരും ഗൗരവത്തോടെ കാണാതിരിക്കാനുള്ള ഒരു കുൽസിത ശ്രമം. 

2. രണ്ടാമത്തെ കാര്യം ഞാൻ പോസ്റ്റിട്ടതിനു ശേഷം ക്രൈം നന്ദകുമാർ എന്ന ഓൺലൈൻ പത്രപ്രവർത്തകൻ മഞ്ജുവാര്യരുടെ ഒളിച്ചോട്ടങ്ങൾ എന്നപേരിൽ അവരെ അവമതിക്കുന്ന നിരവധി വീഡിയോകൾ ചെയ്യുന്നു എന്നതാണ്. ഈ സമയത്ത് തന്നെ ഇത്തരം വീഡിയോകൾ ഓൺലൈൻ മാധ്യമങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് മഞ്ജുവാര്യരെ ബ്ലാക്മെയിൽ ചെയ്ത് തടവിൽ പാർപ്പിച്ചിരിക്കുന്ന ആളുകൾ ആണ് എന്ന് ഞാൻ സംശയിക്കുന്നു. ഇത് കൂടാതെ ചുവടെ ലിങ്ക് കൊടുത്തിട്ടുള്ള വീഡിയോയിൽ ഗുരുതരമായ ഒരു കുറ്റകൃത്യത്തിന്റെ സൂചനയുമുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ക്രൈം നന്ദകുമാറിന് മഞ്ജുവാര്യരെ സംബന്ധിക്കുന്ന ഒരു കാസറ്റ് എത്തിച്ചു നൽകി എന്നും അത് സ്വകാര്യമായ സംഗതി ആയതിനാൽ പുറത്ത് പറയുന്നില്ല എന്നും നന്ദകുമാർ പറഞ്ഞിരിക്കുന്നു. സ്ത്രീകളുടെ സ്വകാര്യവീഡിയോകൾ പകർത്തി ബ്ലാക്മെയിൽ ചെയ്ത് ആജീവനാന്തം അടിമകളാക്കി വെയ്ക്കുന്ന മാഫിയാ പ്രസ്ഥാനം മലയാള സിനിമയിൽ ഉണ്ട് എന്ന് നിങ്ങൾക്കറിയാമല്ലോ. അതുകൊണ്ട് തന്നെ നന്ദകുമാർ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തൽ അതീവപ്രാധാന്യമുള്ളതും ഒരുസ്ത്രീയെ മാത്രം ബാധിക്കുന്നത് അല്ലാത്തതും ആകുന്നു. ഇത്തരത്തിൽ എന്തെങ്കിലും ബ്ലാക്മെയിലിംഗ് കാരണമാണോ മഞ്ജുവാര്യർ മൗനം പാലിക്കുന്നതെന്ന് എനിക്ക് സംശയം തോന്നി. എന്തുതന്നെയായാലും ഇതേക്കുറിച്ച് സിനിമയിലെ സ്ത്രീപീഡനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ wcc അന്വേഷിക്കണമെന്ന് താൽപര്യപ്പെടുന്നു. 

കാര്യകാരണസഹിതവും പേരുകളും സംഭവങ്ങളും വെളിപ്പെടുത്തിക്കൊണ്ടും ഉന്നയിക്കപ്പെട്ട ഒരു ചൂഷണവിഷയം ചൂഷണത്തിന് ഇരയാകുന്ന ആളുടെ മൗനം കൊണ്ട് മാത്രം റദ്ധാകുകയില്ല എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഞാനിത് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത്. ഞാൻ മഞ്ജുവാര്യരോട് പ്രണയം പറഞ്ഞിരുന്നു എന്ന് ഞാൻ എന്റെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് എന്നതുകൊണ്ട് ഒരു കാമുകന്റെ മനോവ്യഥയായി ഇതിനെ കാണരുത് എന്ന് അഭ്യർത്ഥിക്കുന്നു. പ്രായപൂർത്തിയായ സ്ത്രീ ആണെന്നതും മധ്യവയസ്കയാണെന്നതും കൊണ്ട് ബ്ലാക്മെയിലിംഗുകൾക്ക് ഒരു സ്ത്രീ വശംവദയാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല. തന്റെ യശ്ശസിനെയും കുടുംബത്തിന്റെ മാന്യതയെയും തകർത്തുകളയാൻ പ്രാപ്തിയുള്ള ഉപകരണങ്ങൾ ചൂഷകന്റെ കയ്യിൽ ഉണ്ട് എങ്കിൽ ഏത് പ്രായത്തിലും പ്രാപ്തിയിലും ഉള്ള സ്ത്രീകൾ  മൗനത്തോടെ ചൂഷണത്തിന് വഴങ്ങിക്കൊടുക്കും എന്ന സാമൂഹിക അന്തരീക്ഷം നമ്മുടെ നാട്ടിലുണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ കൃത്യമായ അവധാനതയോടെ ഇടപെടൽ നടത്തണമെന്നും മഞ്‍ജുവാര്യരുടെ താല്പര്യമെന്നപോലെ സ്ത്രീസമൂഹത്തിന്റെ താല്പര്യം കൂടി മുൻനിർത്തി അവർക്ക് ആവശ്യമുള്ള പിന്തുണകൾ നൽകി ഇടപെടണമെന്നും അഭ്യർത്‌ഥിക്കുന്നു.

സ്നേഹബഹുമാനങ്ങളോടെ 
സനൽ കുമാർ ശശിധരൻ

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News