നിർധനവിദ്യാർഥികൾക്ക് കൈത്താങ്ങുമായി മമ്മൂട്ടി; പ്ലസ് ടു കഴിഞ്ഞ 200 വിദ്യാർഥികൾക്ക് സഹായം പ്രഖ്യാപിച്ചു

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച 'വിദ്യാമൃതം'പദ്ധതിയുടെ മൂന്നാംഘട്ടമാണിത്

Written by - Zee Malayalam News Desk | Last Updated : May 29, 2023, 05:42 PM IST
  • 200 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
  • എന്‍ജിനീയറിങ്, ഫാര്‍മസി, ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്.
  • എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും.
നിർധനവിദ്യാർഥികൾക്ക് കൈത്താങ്ങുമായി മമ്മൂട്ടി; പ്ലസ് ടു കഴിഞ്ഞ 200 വിദ്യാർഥികൾക്ക് സഹായം പ്രഖ്യാപിച്ചു

പഠനത്തില്‍ മിടുക്കുകാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക്ക് കരുതലും കൈത്താങ്ങുമായി നടന്‍ മമ്മൂട്ടി. പ്ലസ് ടു വിജയിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂയൂഷന്‍സുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍.  200 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എം.ജി.എം.ഗ്രൂപ്പ് ടെക്നിക്കൽ കോളേജസ്  വൈസ് ചെയര്‍മാന്‍ വിനോദ് തോമസ് കൈമാറി. എന്‍ജിനീയറിങ്, ഫാര്‍മസി, ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും. 

ALSO READ : ഫാമിലി കണക്ട് ; പ്രവാസികൾക്കായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ഒരുക്കുന്ന പദ്ധതിക്ക് തുടക്കം

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച 'വിദ്യാമൃതം'പദ്ധതിയുടെ മൂന്നാംഘട്ടമാണിത്. 'വിദ്യാമൃതം-3' എന്നാണ് പേര്. വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് 'വിദ്യാമൃത'ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. 

കേരളത്തിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനമെന്ന് പേരെടുത്ത എം.ജി.എമ്മില്‍ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ കണ്ടെത്തുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനസൗകര്യമൊരുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എം.ജി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ഗീവര്‍ഗീസ് യോഹന്നാന്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി.രാജ്കുമാര്‍, ഫുട്‌ബോള്‍ താരം സി.കെ.വിനീത്, കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ് എം ജി എം റിലേഷൻസ് മാനേജർ നിധിൻ ചിറത്തിലാട്ട് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന പ്രസിഡന്റ് അരുൺ എന്നിവരും പങ്കെടുത്തു. പദ്ധതിയുടെ വിശദവിവരങ്ങള്‍ക്ക് 9946483111, 9946484111, 9946485111 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News