തിരുവനന്തപുരം: ആരോമൽ എന്ന പത്താംക്ലാസുകാരൻ എത്ര വലിയ യുദ്ധക്കപ്പലിനെയും (Warship) ചെറുതാക്കും. 200 മീറ്ററിലധികം ദൈർഘ്യമുള്ള യുദ്ധ കപ്പലുകളെ യഥാർഥ കപ്പലിന്റെ രൂപഘടനയോട് ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ അഞ്ച് മുതൽ പത്ത് സെൻ്റിമീറ്റർ വരെ നീളമുള്ള കുഞ്ഞൻ കപ്പലുകളാക്കും. യുദ്ധകപ്പലുകളുടെ ത്രീഡി മിനിയേച്ചർ സ്കെയിൽ മോഡലുകളുണ്ടാക്കി നാവിക സേനയുടെ (Indian Navy) പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ആരോമൽ.
പാഴ് വസ്തുക്കളിലും കാർഡ് ബോർഡിലുമാണ് ആരോമൽ യുദ്ധകപ്പലുകളുടെ മാതൃക തീർത്തത്. രാജ്യത്തിൻ്റെ അഭിമാനമായ യുദ്ധകപ്പലുകളെ കുറിച്ച് ആധികാരികമായ അറിവുമുണ്ട് ആരോമലിന്. ലോക്ഡൗൺ കാലത്തതാണ് ആരോമൽ കപ്പലുകളുടെ മാതൃകകൾ നിർമ്മിക്കാനാരംഭിച്ചത്. ഐ എൻ എസ് വിരാട് , വിക്രാന്ത്, വിശാൽ കൊൽക്കത്ത, വിശാഖപട്ടണം, ജലാശ്വ, തുടങ്ങിയ യുദ്ധകപ്പലുകളുo, അന്തർ വാഹനികളും അടക്കം 26 സ്റ്റെയിൽ മോഡലുകൾ ആരോമലിന്റെ കൈവശമുണ്ട്.
അമേരിക്കയുടെയും റഷ്യയുടെയും ഫ്ലാഗ്ഷിപ്പ് മോഡലുകളും ആരോമൽ നിർമിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പടക്കപ്പലുകളുടെ പണിപ്പുരയിലാണ് ആരോമലിപ്പോൾ. ഇന്ത്യയുടെ പടക്കപ്പലുക്കളെ കുറിച്ച് ഏവരെയും അതിശയിപ്പിക്കുന്ന അറിവാണ് അറാലുംമൂട് വിവേകാനന്ദ പബ്ലിക് സ്കൂളിലെ ഈ പത്താം ക്ലാസുകാരന്.
ആരോമൽ നിർമിച്ച കപ്പൽ മാതൃകകൾ നാവികസേനയുടെ ശ്രദ്ധയിലുമെത്തി. സതേൺ നേവൽ കമാൻഡൻ്റ് വൈസ് അഡ്മിറൽ എ.കെ.ചൗളയുടെ കൈയ്യിൽ നിന്ന് സമ്മാനവും പ്രശംസയും ലഭിച്ചതിൻ്റെ ആവേശത്തിലാണ് ആരോമൽ. സൈനിക പശ്ചാത്തലമുള്ള ആരും ആരോമലിൻ്റെ കുടുംബത്തിലില്ല. റസ്റ്ററൻ്റ് ജീവനക്കാരനായ ബാബുവിൻ്റെയും ശാലിനിയുടെയും മകനാണ് മിടുക്കൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...