പുന്നപ്ര-വയലാർ സമരത്തിൽ നിന്ന് വിഎസ് ഒളിച്ചോടിയെന്ന് പറയുന്നത് പാർട്ടിയിലെ ചിലർ നടത്തിയ ദുർവ്യാഖ്യാനം: പിരപ്പൻകോട് മുരളി

VS Achathanandan Political Life തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുന്നപ്ര-വയലാർ സമരത്തിലെ വി എസിന്റെ പങ്കിനുള്ള തെളിവുകളുണ്ടെന്ന് പിരപ്പൻകോട് മുരളി

Written by - ആർ ബിനോയ് കൃഷ്ണൻ | Edited by - Jenish Thomas | Last Updated : Oct 20, 2022, 03:48 PM IST
  • പുന്നപ്ര-വയലാർ സമരത്തിൽ നിന്ന് വി എസ് ഒളിച്ചോടിയെന്നത് പിൽക്കാലത്ത് പാർട്ടിയിലെ ചിലർ നടത്തിയ ദുർവ്യാഖ്യാനമാണ്.
  • പാർട്ടി നടപടികൾ മറച്ചുവച്ചാണ് ഇത്തരം പ്രചരണങ്ങൾ.
  • ഇതടക്കമുളള വസ്തുകതൾ പണിപ്പുരയിലുളള വി എസിന്റെ ജീവചരിത്രത്തിൽ വിശദീകരിക്കുമെന്നും പിരപ്പൻകോട് മുരളി
പുന്നപ്ര-വയലാർ സമരത്തിൽ നിന്ന് വിഎസ് ഒളിച്ചോടിയെന്ന് പറയുന്നത് പാർട്ടിയിലെ ചിലർ നടത്തിയ ദുർവ്യാഖ്യാനം: പിരപ്പൻകോട് മുരളി

VS Achuthanandan Birthday : വി എസ് അച്യുതാനന്ദന്റെ ജനസ്വാധീനം പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തിന്  അസ്വസ്ഥതയുണ്ടാക്കിയിരുന്നുവെന്ന് സിപിഎം മുതിർന്ന നേതാവും പാർട്ടി മുൻ സംസ്ഥാന കമ്മിറ്റിയംഗവുമായ പിരപ്പൻകോട് മുരളി. പുന്നപ്ര-വയലാർ സമരത്തിൽ നിന്ന് വി എസ് ഒളിച്ചോടിയെന്നത് പിൽക്കാലത്ത് പാർട്ടിയിലെ ചിലർ നടത്തിയ ദുർവ്യാഖ്യാനമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. പാർട്ടി നടപടികൾ മറച്ചുവച്ചാണ് ഇത്തരം പ്രചരണങ്ങൾ. ഇതടക്കമുളള വസ്തുകതൾ പണിപ്പുരയിലുളള വി എസിന്റെ ജീവചരിത്രത്തിൽ വിശദീകരിക്കുമെന്നും പിരപ്പൻകോട് മുരളി സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

തെരഞ്ഞെടുപ്പിൽ മത്സരിക്കൽ മാത്രമാണ് നിലവിൽ പാർട്ടിപ്രവർത്തനം. കർഷകരുടെയും തൊഴിലാളികളുടെയും പാർട്ടിയിൽ സമ്പന്നർ കടന്നുകൂടി. വർഗശത്രുക്കളായി കരുതിയിരുന്നവരുടെ അധീനതയിലേക്ക് പാർട്ടിയെ വിട്ടുകൊടുത്ത നയവ്യതിയാനത്തോടാണ് പാർട്ടിയിൽ വി എസ് കലഹിച്ചത്. ഉൾപ്പാർട്ടി ജനാധിപത്യം പാർട്ടിയിൽ ഇല്ലാതായി. ഇതിനെതിരെ വി എസിന് ശബ്ദമുയർത്തേണ്ടിവന്നു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ അനുശോചിച്ച് അദ്ദേഹത്തിന്റെ വിധവയെ കാണാൻ വി എസ് പോയത് പാർട്ടിക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം വി എസ് പോയി എന്നതല്ല, പോകാനുണ്ടായ സാഹചര്യമാണ് ചർച്ച ചെയ്യേണ്ടതെന്നും പിരപ്പൻകോട് മുരളി ചൂണ്ടിക്കാട്ടുന്നു. 

ALSO READ : V. S. Achuthanandan : സിപിഎമ്മിന്‍റെ സമര യൗവ്വനം വിഎസ് അച്യുതാനന്ദൻ ശതാബ്ദിയിലേക്ക്

ചട്ടപ്പടി അച്ചടക്കം അംഗീകരിക്കുന്നയാളായിരുന്നില്ല വി എസ്. പാർട്ടി കമ്മിറ്റിയിൽ ആലോചിച്ചല്ല വി എസ് ഒരു സമരത്തിനും നേത്യത്വം നൽകിയത്. ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കേണ്ട സാഹചര്യങ്ങളിലെ പെട്ടെന്നുളള തീരുമാനങ്ങളായിരുന്നു എല്ലാം. കണ്ണൂരിൽ സമരം ചെയ്ത പിണറായി വിജയനെയും എം വി രാഘവനെയും പോലീസ് അടിവസ്ത്രമുടുപ്പിച്ച് തെരുവിൽ നിർത്തിയ സംഭവത്തിലും ഇതുതന്നെയാണ് ഉണ്ടായത്. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഉടൻ വി എസിനോട് താനാണ് വിവരം പറഞ്ഞത്. മറ്റൊന്നും ആലോചിക്കാതെ അപ്പോൾ തന്നെ കണ്ണൂരിന് വണ്ടി കയറി. ഈ പ്രത്യുത്പന്നമതിത്വമാണ് വി എസിന്റെ ജനസ്വാധീനത്തിന് പിന്നിൽ. അത് എല്ലാവർക്കും സാധ്യമായ കാര്യമല്ല. 

പുന്നപ്ര-വയലാർ സമരത്തിലെ വി എസിന്റെ പങ്കിന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ രേഖകളുണ്ട്. അദ്ദേഹത്തിനെതിരെ മൂന്നു കേസുണ്ടായിരുന്നു. അക്കാലത്ത് സർ സിപിയുടെ അഞ്ചു രൂപ പോലീസിനെ നേരിടാൻ തൊഴിലാളികൾക്ക് ആയുധ പരിശീലനം നൽകിയത് പട്ടാളത്തിൽ നിന്ന് പിരിഞ്ഞുപോന്ന കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നു. കർഷകർക്ക് രാഷട്രീയ വിദ്യാഭ്യാസം നൽകലും സംഘടിപ്പിക്കലുമായിരുന്നു അന്ന് 23 വയസ്സു മാത്രമുണ്ടായിരുന്ന വി എസിന്റെ ചുമതല. പുന്നപ്ര- വയലാർ പ്രക്ഷോഭം രൂപപ്പെട്ടുവരുന്ന കാലത്ത് പാർട്ടി വി എസിനെ പൂഞ്ഞാറിലെ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകാൻ അയച്ചു. പ്രക്ഷോഭം ശക്തിപ്പെടുത്താൻ പാർട്ടി തീരുമാനിച്ചപ്പോൾ വി എസിനെ തിരികെ വിളിച്ച് സമരത്തെ നയിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിക്കാൻ ഒരു സംഘം പ്രവർത്തകർ ജാഥയായി പോകുന്ന ഘട്ടത്തിലാണ് വി എസിനെ വീണ്ടും പൂഞ്ഞാറിലേക്ക് അയയ്ക്കുന്നത്. ഇതാണ് വി എസ് സമരത്തിൽ നിന്ന് ഒളിച്ചോടിയെന്ന് ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ചത്. 

ALSO READ : Kodiyeri Balakrishnan: 'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി'- വിഎ അരുൺകുമാറിന്റെ കുറിപ്പ്

ഒളിവിൽ പോയതും സമരം നയിച്ചതുമെല്ലാം പാർട്ടി നിർദ്ദേശപ്രകാരമാണ്. പാർട്ടി നടപടികൾ മറച്ചുവച്ചാണ് ഇത്തരം പ്രചരണങ്ങൾ. പിന്നീട് വി എസിനെ അറസ്റ്റു ചെയ്ത് ലോക്കപ്പിലടച്ചു. പോലീസ് ക്രൂരമായി മർദ്ദിച്ചു. മരിച്ചെന്നു കരുതി ഉപേക്ഷിച്ച വി എസിന്റെ ശരീരത്ത് ജീവന്റെ തുടിപ്പുകണ്ട ഒരു കള്ളനാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തെ അവിടെ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പുന്നപ്ര-വയലാർ സമരത്തിലെ വി എസിന്റെ പങ്ക് നിഷേധിക്കുന്നവർ അദ്ദേഹത്തിന്റെ ത്യാഗത്തെയും നിഷേധിക്കുകയാണെന്ന് പിരപ്പൻകോട് മുരളി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News