'നടപ്പാതയിൽ കൂടി നടന്നവരെയും അപൂർവമായി വണ്ടി തട്ടിയിട്ടുണ്ട് എന്നുപറഞ്ഞ് മെയിൻ റോഡിന് നടുവിൽ കൂടി നടന്നാൽ എങ്ങിനെ ഇരിക്കും?' വാവ സുരേഷിന്റെ പ്രതികരണത്തിൽ ഡോ.ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലൈസൻസ് ഇല്ലാത്തവരെയും സുരക്ഷാ മാർ​ഗങ്ങൾ പാലിക്കാത്തവരെയും പാമ്പ് പിടിത്തത്തിന് അനുവദിക്കരുതെന്നായിരുന്നു ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം

Written by - Zee Malayalam News Desk | Last Updated : Feb 11, 2022, 03:44 PM IST
  • പാമ്പിനെ റെസ്ക്യൂ ചെയ്യാൻ പരിശീലനം നൽകിയതും ലൈസൻസ് ഏർപ്പെടുത്തിയതും വനംവകുപ്പ് ചെയ്ത നല്ല കാര്യങ്ങളിൽ ഒന്നാണ്
  • അങ്ങനെയൊരു സാഹചര്യത്തിൽ ലൈസൻസ് ഇല്ലാത്ത ഒരാൾക്ക് പാമ്പിനെ പിടിക്കാൻ അനുവാദമില്ലാത്തതിനെ കുശുമ്പ് എന്ന് വിശേഷിപ്പിക്കുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല
  • അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രി തന്നെ ഇങ്ങനെ ചെയ്യുന്നത് തികച്ചും തെറ്റായ സന്ദേശം നൽകാൻ മാത്രമേ സഹായിക്കൂ
'നടപ്പാതയിൽ കൂടി നടന്നവരെയും അപൂർവമായി വണ്ടി തട്ടിയിട്ടുണ്ട് എന്നുപറഞ്ഞ് മെയിൻ റോഡിന് നടുവിൽ കൂടി നടന്നാൽ എങ്ങിനെ ഇരിക്കും?' വാവ സുരേഷിന്റെ പ്രതികരണത്തിൽ ഡോ.ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പാമ്പിനെ പിടിക്കാൻ സുരക്ഷിതമായ രീതി അവലംബിക്കണമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്. വാവ സുരേഷിന് പാമ്പ് പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് ​ഗുരുതരാവസ്ഥയിലായ സാഹചര്യത്തിലായിരുന്നു ഈ ചർച്ചകൾ. വാവ സുരേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി ചർച്ചകൾ ഉയർന്നുവന്നു. ലൈസൻസ് ഇല്ലാത്തവരെയും സുരക്ഷാ മാർ​ഗങ്ങൾ പാലിക്കാത്തവരെയും പാമ്പ് പിടിത്തത്തിന് അനുവദിക്കരുതെന്നായിരുന്നു ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. ഇതിനെതിരെ വാവ സുരേഷ് നടത്തിയ പ്രതികരണത്തെക്കുറിച്ച് ഡോ. ജിനേഷ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ജിനേഷ് പിഎസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: ഈ വിഷയം എഴുതണമെന്നു കരുതിയതല്ല. എന്നാൽ ചില പ്രതികരണങ്ങൾ കാണുമ്പോൾ എഴുതാതിരിക്കുന്നത് ശരിയാണെന്നും തോന്നുന്നില്ല. സുരേഷ് പാമ്പുകടിയേറ്റ് ഭാരത് ആശുപത്രിയിൽ എത്തുന്നത് മുതലുള്ള കാര്യങ്ങൾ അന്വേഷിച്ച് മനസ്സിലാക്കിയിരുന്നു. അദ്ദേഹം ആ അപകടം തരണം ചെയ്തു എന്നതിൽ സന്തോഷവും ആശ്വാസവും ഉണ്ട്. അദ്ദേഹം ഭാവിയിൽ ശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ പിടിക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചപ്പോളും വളരെയധികം സന്തോഷം തോന്നി. എന്നാൽ പിന്നീട് കാണാൻ കഴിഞ്ഞത് മറ്റൊരു കാഴ്ചയാണ്. തന്നെ വിമർശിക്കുന്നവർ എല്ലാം ശത്രുക്കളാണെന്ന സുരേഷിന്റെ പ്രസ്താവന. ലൈസൻസ് ഇല്ലാത്ത സുരേഷ് പാമ്പുകളെ പിടിക്കുന്നത് അനുവദിക്കാത്തത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കുശുമ്പ് ഉള്ളത് കൊണ്ടാണ് എന്ന വിഎൻ വാസവന്റെ പ്രസ്താവന. തുടർന്ന് പലരുടേയും പ്രസ്താവനകൾ...

എത്രമാത്രം ഗുരുതരമായ സാഹചര്യത്തിലാണ് ഇത്തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് എന്ന് സുരേഷിനും മറ്റുള്ളവർക്കും അറിയാത്തതല്ല. വെൻറിലേറ്റർ വരെ ആവശ്യം വന്നു. അതായത് സ്വന്തമായി ശ്വാസം വലിക്കാൻ പറ്റാത്തതിനാൽ സഹായത്തിനായി വെന്റിലേറ്റർ ഉപയോഗിക്കേണ്ടി വന്നു. കൂടാതെ ASV അടക്കമുള്ള നിരവധി മരുന്നുകളും. ആരോഗ്യവാനായി സുരേഷ് ജീവിതത്തിലേക്ക് തിരികെയെത്തിയത് കുറച്ച് ഡോക്ടർമാരും നേഴ്സുമാരും പരിശ്രമിച്ചത് കൊണ്ടുമാത്രമല്ല. സയൻസിന്റെ വളർച്ച, സാമൂഹ്യ സുരക്ഷ. 1895-ൽ ഫ്രഞ്ച് ഫിസിഷൻ ആയിരുന്ന ആൽബർട്ട് കാൽമെറ്റ് ആണ് ASV കണ്ടുപിടിച്ചത്, മൂർഖൻ പാമ്പിന്റെ വിഷത്തിനെതിരെ. ഗുരുതരമായ വിഷമുള്ള പാമ്പുകളുടെ കടിയേൽക്കുന്ന ബഹുഭൂരിപക്ഷം പേരും മരിച്ചിരുന്ന ഒരു കാലത്തുനിന്നും പാമ്പുകടി ഏൽക്കുന്ന ബഹുഭൂരിപക്ഷം പേരും കൃത്യമായ, ശാസ്ത്രീയമായ ചികിത്സ ലഭിച്ചാൽ രക്ഷപ്പെടുന്ന ഒരു കാലത്തിലേക്ക് നയിച്ച കണ്ടുപിടുത്തം. മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തമാണ് വെൻറിലേറ്റർ.

വെൻറിലേറ്റർ ലഭ്യമാക്കാൻ ഒരു മണിക്കൂർ താമസം ഉണ്ട് എന്ന് കരുതുക. അങ്ങനെയുള്ള സാഹചര്യത്തിൽ ഉപയോഗിക്കുന്ന താരതമ്യേന ലളിതമായ ഒരു ഉപകരണമാണ് ആംബു ബാഗ്. വെൻറിലേറ്ററുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. എങ്കിലും ഒരാൾ തുടർച്ചയായി ഞെക്കി കൊണ്ടിരുന്നാൽ ശ്വാസോച്ഛ്വാസത്തിന് ഈ ഉപകരണം സഹായിക്കും. മുൻപൊക്കെ ആശുപത്രികളിൽ ഇത് സ്ഥിരം കാഴ്ചയായിരുന്നു. ഇതൊക്കെ സയൻസ് വളർന്നത് മൂലമുണ്ടായ നേട്ടങ്ങളാണ്. ഇതുപോലെ ലളിതമായ ചില ഉപകരണങ്ങൾ പാമ്പുകളെ പിടിക്കുന്നതിനും ഉണ്ട്. വലിയ സംഭവമൊന്നുമല്ല. മെറ്റൽ ഹുക്കും പിവിസി പൈപ്പും കട്ടിയുള്ള തുണി സഞ്ചിയും ഒക്കെ തന്നെ. പാമ്പുകളെ കൈ കൊണ്ടുപിടിച്ച് ഷോ കാണുന്നതിനേക്കാൾ വളരെയധികം അപകടസാധ്യത കുറക്കും ഈ ഉപകരണങ്ങൾ. ഈ ഉപകരണങ്ങൾ ഉപയോഗിച്ചവർക്കും കടിയേറ്റിട്ടുണ്ട് എന്ന് സുരേഷ് ആരോപിക്കുന്നുണ്ട്. അപൂർവമായി അങ്ങനെയും സംഭവിച്ചിരിക്കാം. പക്ഷേ സുരക്ഷിതമായ റെസ്ക്യൂ അപകട സാധ്യത കുറയ്ക്കും എന്നതിൽ ഒരു സംശയവുമില്ല. റോഡിന് അരികിലുള്ള നടപ്പാതയിൽ കൂടി നടന്നവരെയും അപൂർവമായി വണ്ടി തട്ടിയിട്ടുണ്ട് എന്നുപറഞ്ഞ് മെയിൻ റോഡിന് നടുവിൽ കൂടി നടന്നാൽ എങ്ങിനെ ഇരിക്കും?

ഈ ഉപകരണങ്ങൾ ഉപയോഗിച്ച് പാമ്പിനെ റെസ്ക്യൂ ചെയ്യാൻ പരിശീലനം നൽകിയതും ലൈസൻസ് ഏർപ്പെടുത്തിയതും വനംവകുപ്പ് ചെയ്ത നല്ല കാര്യങ്ങളിൽ ഒന്നാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ലൈസൻസ് ഇല്ലാത്ത ഒരാൾക്ക് പാമ്പിനെ പിടിക്കാൻ അനുവാദമില്ലാത്തതിനെ കുശുമ്പ് എന്ന് വിശേഷിപ്പിക്കുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രി തന്നെ ഇങ്ങനെ ചെയ്യുന്നത് തികച്ചും തെറ്റായ സന്ദേശം നൽകാൻ മാത്രമേ സഹായിക്കൂ. ഉദാഹരണമായി ലൈസൻസ് ഇല്ലാത്ത ഒരാൾക്ക് അനുഭവ പരിചയം ഉണ്ട് എന്ന് കരുതി വാഹനം ഓടിക്കാനോ വിമാനം പറത്താനോ അനുവാദം നൽകുമോ??? ലൈസൻസ് ലഭിച്ച പലരും പാമ്പിനെ പിടിച്ച് വനത്തിൽ വിടാതെ, തല്ലിക്കൊല്ലുന്ന സാഹചര്യമുണ്ട് എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. അങ്ങനെയുണ്ടെങ്കിൽ അത് നിയമപരമായി കൈകാര്യം ചെയ്യണം. അതല്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരുത്തരവാദപരമായ കാര്യമാണ്. ലൈസൻസ് ലഭിച്ചവർ വിളിച്ചാൽ സമയത്ത് വരുന്നില്ല എന്ന അദ്ദേഹത്തിൻറെ ആരോപണം പരിശോധിക്കപ്പെടണം. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ തിരുത്താൻ ആവശ്യമായ നടപടികൾ ഉണ്ടാവുകയും വേണം. മറ്റ് പലരും പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ വിമർശകർ എല്ലാം ശത്രുക്കളാണ് എന്നാണ് സുരേഷ് ആരോപിച്ചത്, സുരേഷ് പ്രശസ്തൻ ആയതിൽ തോന്നുന്ന അസൂയയും ശത്രുതയും എന്ന്...

നമുക്ക് പരിചയമുള്ള അല്ലെങ്കിൽ നമുക്ക് അറിയാവുന്ന അതുമല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഒരാൾ പ്രശസ്തൻ ആയാൽ നമുക്ക് ഏവർക്കും സന്തോഷമല്ലേ ഉണ്ടാവുക! ഇവിടെ പ്രശ്നം സുരക്ഷിതമല്ലാത്ത രീതിയിൽ ഉള്ള പാമ്പ് പിടുത്തവും പാമ്പുകളെ വെച്ചുള്ള അപകടകരമായ പ്രദർശനവും ആണ്. ഈ നടപടികളെ വിമർശിക്കുന്നവർ എല്ലാം ശത്രുക്കളാണ് എന്ന് പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ ??? വിമർശിക്കുന്നവർ പാമ്പിനെ പിടിച്ചു കാണിക്കട്ടെ എന്നാണ് മറ്റു ചിലരുടെ വാദം. അതായത് എംഎൽഎയെ വിമർശിക്കണം എങ്കിൽ എംഎൽഎ ആവണമെന്നും പോലീസ് ഉദ്യോഗസ്ഥനെ വിമർശിക്കണം എങ്കിൽ പോലീസ് ഉദ്യോഗസ്ഥൻ ആകണമെന്നും സിനിമ നടനെ വിമർശിക്കണമെങ്കിൽ ഒരിക്കലെങ്കിലും അഭിനയിക്കണമെന്നും ഒക്കെയുള്ള വികല വാദങ്ങൾ പോലെയുള്ള ഒന്നു മാത്രമാണിത്. സുരേഷ് പാമ്പുകളെ റെസ്ക്യൂ ചെയ്യരുത് എന്ന് ആരും പറയുന്നില്ല. സുരേഷിനോട് ആർക്കും ശത്രുതയും ഇല്ല. പക്ഷേ വിമർശനങ്ങൾ ഉണ്ട്. സുരക്ഷിതമല്ലാത്ത, അശാസ്ത്രീയമായ രീതിയിൽ ഉള്ള പാമ്പ് പിടുത്തത്തോട് ശക്തമായ വിമർശനങ്ങൾ ഉണ്ട്. അത് ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്ക് ഉണ്ട്. അതിനെ കുശുമ്പ് എന്നുപറഞ്ഞ് പുച്ഛിക്കുന്നതും അവഹേളിക്കുന്നതും സംവേദനാത്മകമായ സമൂഹത്തിന് ചേർന്നതല്ല. സുരേഷിന് പാമ്പുകളെ റെസ്ക്യൂ ചെയ്യുന്നത് വളരെ താല്പര്യമുള്ള കാര്യമാണ്. അത് സുരക്ഷിതമായ രീതിയിൽ ചെയ്യണം എന്ന് മാത്രമേ ഉള്ളൂ. മറ്റുള്ളവരെ പോലെ തന്നെ അതിനുവേണ്ട ലൈസൻസ് കൈവരിച്ച്, അദ്ദേഹത്തിന് ഇഷ്ടമുള്ള ഈ പ്രവർത്തി ചെയ്യുന്നതിൽ ആരും എതിരല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News