Vatakara Lok Sabha Election Result: വടകരയിൽ വെന്നിക്കൊടി പാറിച്ച് ഷാഫി! ശൈലജ ടീച്ചർക്ക് അടിപതറി, കരുത്ത് തെളിയിച്ച് ബിജെപിയും

Vatakara Lok Sabha Election Result 2024: അതി ശക്തമായ പോരാട്ടമായിരുന്നു വടകരയിൽ ഇത്തവണ അരങ്ങേറിയത്. അത് പലപ്പോഴും വ്യക്തിഹത്യയിലേക്കും അനുചിതമായ പരാമർശങ്ങളിലേക്കും എല്ലാം വ്യതിചലിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 4, 2024, 05:23 PM IST
  • 2009 മുതൽ വടകരയിൽ കോൺഗ്രസിനാണ് സർവ്വാധിപത്യം
  • പാലക്കാട് എംഎൽഎ ആയ ഷാഫി പറമ്പലിന് ഇനി എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടി വരും
  • കെകെ ശൈലജയുടെ തോൽവി സിപിഎമ്മിന് വലിയ തിരിച്ചടിയാണ്
Vatakara Lok Sabha Election Result: വടകരയിൽ വെന്നിക്കൊടി പാറിച്ച് ഷാഫി! ശൈലജ ടീച്ചർക്ക് അടിപതറി, കരുത്ത് തെളിയിച്ച് ബിജെപിയും

Vatakara Lok Sabha Election Result 2024: കേരളത്തിൽ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു വടകര. കടത്തനാടൻ കരളിമുറകളേക്കാൾ തീവ്രമായിരുന്നു പ്രചാരണ മുറകൾ. പരിചയ സമ്പന്നയായ കെകെ ശൈലജയെ സിപിഎം രംഗത്തിറക്കിയപ്പോൾ യുവതുർക്കിയായി ഷാഫി പറമ്പിലിനെ ആണ് കോൺഗ്രസ് പോരാട്ടത്തിനിറക്കിയത്. തീപാറുന്ന പോരാട്ടത്തിനൊടുവിൽ ഷാഫി പറമ്പിൽ വൻ വിജയത്തിലെത്തി

ഷാഫി പറമ്പിൽ 552490 വോട്ടുകൾ നേടി. കെകെ ശൈലജയ്ക്ക് 437333  വോട്ടുകളേ നേടാനായുള്ളു. ബിജെപി സ്ഥാനാർത്ഥിയായ പ്രഫുൽ കൃഷ്ണ 110701 വോട്ടുകൾ സ്വന്തമാക്കി. 115157 വോട്ടുകളാണ് ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണ 84,663 വോട്ടുകളായിരുന്നു കെ മുരളീധരൻ വടകരയിൽ നേടിയ ഭൂരിപക്ഷം.

വടകരയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത് തുടർച്ചയായ നാലാം തവണയാണ് യുഡിഎഫ് വിജയപതാക പാറിക്കുന്നത്. 2009 ലും 2014 ലും മുല്ലപ്പള്ളി രാമചന്ദ്രൻ ആയിരുന്നു ഇവിടെ വിജയിച്ചത്. 2019 ൽ കെ മുരളീധരനും. ഈ തിരഞ്ഞെടുപ്പിലും തുടക്കത്തിൽ മുരളീധരന്റെ പേരായിരുന്നു ഉയർന്ന് കേട്ടിരുന്നത് എങ്കിലും കെകെ ശൈലജ മത്സരിക്കാൻ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അതുപോലെ തന്നെ ആയിരുന്നു പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്ന സംഭവവും. ഇതോടെ കെ മുരളീധരൻ തൃശൂരിലേക്ക് തട്ടകം മാറ്റി.

ഇത്തവണ 11,14,950 പേരാണ് വടകരയിൽ വോട്ട് രേഖപ്പെടുത്തിയത്. ശതമാനം വോട്ടുകൾ സ്വന്തമാക്കിയാണ് ഷാഫിയുടെ വിജയം. ഇതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് ഷാഫി പറമ്പിലിന് രാജി വയ്‌ക്കേണ്ടിയും വരും.

വടകര മണ്ഡലത്തിന്റെ ചരിത്രം എടുത്താൽ പലപാർട്ടികൾ പലപ്പോഴായി ജയിച്ചുകയറിയിട്ടുള്ളതായി കാണാം. 1957 ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ കെബി മേനോൻ ആയിരുന്നു വിജയിച്ചത്. 1962 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ എവി രാഘവൻ വിജയിച്ചു. 1967 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി എ ശ്രീധരനും വിജയിച്ചു. സോഷ്യലിസ്റ്റ് പാർട്ടികൾക്ക് ഇപ്പോഴും നല്ല വളക്കൂറുള്ള മണ്ണാണ് വടകര.

1971 മുതൽ 1991 വരെയുള്ള നാല് തിരഞ്ഞെടുപ്പുകളിൽ കെപി ഉണ്ണികൃഷ്ണൻ ആയിരുന്നു വടകരയിലെ വിജയി. ആദ്യത്തെ രണ്ട് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിയായും പിന്നീട് ശരത് ചന്ദ്ര സിൻഹ വിഭാഗം സ്ഥാനാർത്ഥിയായും ആയിരുന്നു കെപി ഉണ്ണികൃഷ്ണന്റെ വിജയം. 1996 ലെ തിരഞ്ഞെടുപ്പിൽ ഒ ഭരതനിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 1998 ലും 1999 ലും സിപിഎമ്മിന്റെ തന്നെ എകെ പ്രേമജം ജയിച്ചുകയറി. 2004 ൽ പി സതീദേവിയും സിപിഎമ്മിന്റെ ചെങ്കൊടി വടകരയിൽ ഉയർത്തി.

ടിപി ചന്ദ്രശേഖരൻ വിവാദം മുതലിങ്ങോട്ടാണ് വടകര സിപിഎമ്മിന്റെ കൈപ്പിടിയിൽ ഒതുങ്ങാതെ പോയത് എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ സിപിഎമ്മിനെ സംബന്ധിച്ച് വടകര ഒരു ബാലികേറാമലയായി മാറുകയും ചെയ്തു.

കെകെ ശൈലജയെ ഇത്തവണ മത്സരത്തിനിറക്കുമ്പോൾ ഈ ഒരു പ്രതിസന്ധി പരിഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. കേരളത്തിൽ ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു നേതാവുണ്ടാവില്ല എന്ന വിലയിരുത്തലിൽ തന്നെ ആയിരുന്നു സിപിഎം. എന്നാൽ പ്രചാരണ വേളയിൽ വടകര കണ്ടത്, കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രവണതകൾ ആയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News