തിരുവനന്തപുരം: കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് ട്രെയിൻ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. കോച്ച് ഫാക്ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണ് ഉള്ളത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധന നടത്തും. യാത്രയ്ക്കിടയിൽ കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ വന്ദേഭാരത് അൽപനേരം നിർത്തിയിടുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് വന്ദേ ഭാരത് എത്തുന്ന വിവരം കേരളത്തിലെ റെയിൽവേ ഓഫീസുകളിൽ അറിയിച്ചത്. രാജ്യത്തെ പതിനാലാമത്തെ വന്ദേഭാരത് ട്രെയിനാണ് കേരളത്തിന് ലഭിക്കുന്ന തിരുവനന്തപുരം – കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്. ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ഏഴ് – ഏഴര മണിക്കൂർ കൊണ്ട് 501 കിമീ ദൂരം പിന്നിടുന്ന ടൈംടേബിളുകൾ ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിന് കൈമാറിയിട്ടുണ്ട്. 16 കോച്ചുകളുള്ള ട്രെയിനാണ് കേരളത്തിന് ലഭിക്കുക. ട്രാക്കുകളുടെ ശേഷി അനുസരിച്ച് 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ചവയാണ്.
വന്ദേഭാരത് ട്രെയിനുകൾക്ക് 52 സെക്കൻഡുകൾ കൊണ്ട് 100 കിമീ വേഗം കൈവരിക്കാൻ കഴിയും. മുന്നിലും പിറകിലും ഡ്രൈവർ ക്യാബിൻ ഉള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടം ഉണ്ടാകില്ല. പൂർണമായും എയർകണ്ടീഷൻഡ് ആണ്. വന്ദേഭാരത് ട്രെയിനിന് ഓട്ടമാറ്റിക് ഡോറുകളാണുള്ളത്. എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, എൽഇഡി ലൈറ്റിങ്, വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ എന്നിവയാണ് വന്ദേഭാരത് ട്രെയിനിന്റെ മറ്റ് പ്രത്യേകതകൾ.
കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍‘ എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ നാല് മണിക്കൂറിനുള്ളിൽ സമയം മാത്രമേ ആകൂവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. കെ- റെയിൽ പദ്ധതിയിൽ 11 സ്‌റ്റേഷനുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് (തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്). 11 ജില്ലകളിലൂടെ റെയിൽവേ പാത കടന്നുപോകും. 20 മിനിറ്റ് ഇടവേളകളിൽ ട്രെയിൻ സർവീസ് നടത്താനാണ് കെ-റെയിൽ ഉദ്ദേശിക്കുന്നത്.
675 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ലാസുള്ള ഇഎംയു (ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളാണ് ഈ ട്രാക്കുകളിലൂടെ സർവീസ് നടത്തുക. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്രാ സമയം 12 മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി ചുരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 560 കിലോമീറ്ററുളള യാത്രക്കായി ട്രെയിനുകൾ നിലവിൽ 12 മണിക്കൂറാണ് എടുക്കുന്നത്. നിലവിലെ റെയിൽവേ ലൈനിൽ ഇതിൽ കൂടുതൽ വേഗത കൈവരിക്കാൻ പരിമിതികളുമുണ്ട്. വളവുകളും, കയറ്റിറക്കങ്ങളും നിരവധിയുള്ളതാണ് നിലവിലെ പാതയ്ക്ക് തിരിച്ചടിയാകുന്നത്. കേവലം മൂന്നര-നാല് മണിക്കൂറിനുള്ളിൽ കേരളത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കഴിയുമെന്നാണ് കെ-റെയിൽ അധികൃതർ അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...