തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ (Two-wheeler) കുട ചൂടി യാത്ര ചെയ്യുന്നത് ശിക്ഷാർഹം. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. കുട ചൂടി പിൻസീറ്റിലിരുന്നുള്ള യാത്ര അപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന് ഉത്തരവിൽ (Order) പറയുന്നു.
ഗതാഗത കമ്മീഷണർ എം.ആർ.അജിത്കുമാറാണ് ആർ.ടി.ഒമാർക്ക് നിർദേശം നൽകിയത്. നിലവിലെ ഗതാഗത നിയമപ്രകാരം കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണ്. എന്നാൽ ഇത് കർശനമായി നടപ്പാക്കുകയോ, നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിരുന്നില്ല.
അപകടങ്ങൾ വർധിച്ചതിനാലാണ് വാഹന പരിശോധനയിൽ ഇത്തരം യാത്രക്കാർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. വാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും നിയമം ബാധകമാണ്. 1000 മുതൽ 5000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ് ഇതെന്നാണ് ഗതാഗത വകുപ്പിന്റെ വിശദീകരണം.
1988ലെ മോട്ടോർ വാഹന നിയമത്തിലെ (Motor Vehicle Act) സെക്ഷൻ 184 (f) അനുസരിച്ച് ശിക്ഷാർഹവും, 2017 ലെ മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസിലെ 5 (6), 5 (17) എന്നിവയുടെ ലംഘനവുമാണെന്നാണ് പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. ഇരുചക്ര വാഹനങ്ങളിലെ കുട ചൂടിയുള്ള യാത്ര സെക്ഷൻ 177 എ പ്രകാരം ശിക്ഷാർഹമാണെന്ന് ഗതാഗത കമ്മീഷണർ (Transport Commissioner) ഉത്തരവിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...