Thrissur Pooram 2023: പൂര ലഹരിയിൽ തൃശൂർ; വർണ്ണപ്പകിട്ടേറിയ ചമയ പ്രദർശനത്തിന് തുടക്കം

Thrissur Pooram Chamaya Pradarshanam: പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ നെറ്റിപ്പട്ടങ്ങൾ ഉൾപ്പെടെയുള്ള അലങ്കാരങ്ങളും കുടമാറ്റത്തിനുള്ള കുറച്ച് കുടകളുമാണ് ചമയ പ്രദർശനത്തിൽ ഉണ്ടാകുക. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2023, 01:33 PM IST
  • തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ചമയ പ്രദർശനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
  • തിരുവമ്പാടി ദേശത്തിന്റെ പൂര ആചാരങ്ങൾ വിവരിക്കുന്ന പുസ്തകത്തിൻറെ പ്രകാശനം മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു.
  • ഇരുവിഭാഗവും ആയിരത്തോളം കുടകളാണ് ഇത്തവണ കുടമാറ്റത്തിൽ കാഴ്ചക്കാരെ അമ്പരപ്പിക്കാൻ ഒരുക്കിയിരിക്കുന്നത്.
Thrissur Pooram 2023: പൂര ലഹരിയിൽ തൃശൂർ; വർണ്ണപ്പകിട്ടേറിയ ചമയ പ്രദർശനത്തിന് തുടക്കം

തൃശൂർ: തൃശൂർ പൂരത്തിന്റെ വർണ്ണപ്പകിട്ടേറിയ ചടങ്ങായ ചമയ പ്രദർശനത്തിന് തുടക്കമായി. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ചമയ പ്രദർശനം  മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഇരുവിഭാഗവും ആയിരത്തോളം കുടകളാണ് ഇത്തവണ കുടമാറ്റത്തിൽ കാഴ്ചക്കാരെ അമ്പരപ്പിക്കാൻ ഒരുക്കിയിരിക്കുന്നത്.

നെറ്റിപ്പട്ടങ്ങൾ, കച്ചക്കയർ, കുട മണി, പല നിറത്തിലുള്ള മുത്തുകൾ പിടിപ്പിച്ച ചുറ്റ് കയറ് തുടങ്ങി പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ അലങ്കാരങ്ങളും കുടമാറ്റത്തിനുള്ള കുറച്ച് കുടകളും അടങ്ങിയതാണ് ചമയ പ്രദർശനം. ഇരു വിഭാഗങ്ങളുടെയും സ്പെഷൽ സസ്പെൻസ് കുടകൾ ഒഴികെയുള്ള കുടകളാണ് പ്രദർശനത്തിൽ ഉള്ളത്. പാറമേക്കാവ് ക്ഷേത്രത്തോട് ചേർന്ന അഗ്രശാലയിലാണ്  പ്രദർശനം നടക്കുന്നത്. 

ALSO READ: കേരളത്തിലെ തിരുപ്പതി; തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നവീകരണ കലശം ആരംഭിച്ചു

തിരുവമ്പാടി ദേശത്തിന്റെ പൂര ആചാരങ്ങൾ വിവരിക്കുന്ന പുസ്തകത്തിൻറെ പ്രകാശനം മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു. ദേശത്തെ കുട്ടികൾ ഒരുക്കിയ കുടകളുടെ പ്രദർശനവും തിരുവമ്പാടി വിഭാഗം കൗസ്തുഭം ഹാളിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശനം കാണാൻ രാവിലെ മുതൽ തന്നെ ആളുകളുടെ നീണ്ട നിരയാണ്. തിരക്ക് പരിഗണിച്ച് നാളെയും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

തൃശൂര്‍ പൂരത്തിന് നാളെയാണ് കൊടിയേറുക. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രിൽ 30നാണ് ലോകപ്രസിദ്ധമായ തൃശൂർ പൂരം നടക്കുക. പൂജിച്ച കൊടിക്കൂറ രാവിലെ 11.30 നും 11.45 നും ഇടയിൽ തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിമരത്തില്‍ ചാര്‍ത്തും. തുടർന്ന് ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. വൈകുന്നേരം 3 മണിയോടെയാണ് തിരുവമ്പാടി ഭഗവതിയുടെ പൂരം പുറപ്പാട് നടക്കുക. തുട‍ർന്ന് 3.30 ന് ഭഗവതി നായ്ക്കനാലിൽ എത്തുമ്പോൾ നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിൽ പൂര പതാകകൾ ഉയരും. ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. ഇതിന് ശേഷമാണ് നടുവിൽ മഠത്തിൽ ആറാട്ട് നടക്കുക. വൈകിട്ട് 5 മണിയോടെ ഭഗവതി തിരുവമ്പാടി ക്ഷേത്രത്തിൽ തിരിച്ചെത്തും. 

അതേസമയം, പാറമേക്കാവ് ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് കൊടിയേറ്റം നടക്കുക. പാണികൊട്ടിന് ശേഷം പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തിയ ശേഷം കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിൽ ഉയര്‍ത്തും. ക്ഷേത്രത്തിന് മുന്നിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹ മുദ്രയുള്ള കൊടിക്കൂറ നാട്ടും. വലിയ പാണിക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളുന്ന പാറമേക്കാവിലമ്മയെ സാക്ഷിയാക്കിയാണ് ചടങ്ങുകൾ നടക്കുക. എഴുന്നള്ളിപ്പിൽ 5 ആനകളാണ് അണിനിരക്കുക. തുടർന്ന് വടക്കുംനാഥ ക്ഷേത്ര കൊക്കർണിയിൽ തന്ത്രിയുടെ നേതൃത്വത്തിൽ ഭഗവതിക്ക് ആറാട്ട് നടക്കും. ഘടക പൂരങ്ങൾ എഴുന്നള്ളിക്കുന്ന എട്ട് ക്ഷേത്രങ്ങളിലും രാവിലെ 8 നും രാത്രി 8.30 നും ഇടയ്ക്കുള്ള വിവിധ മുഹൂർത്തങ്ങളിലായിരിക്കും കൊടിയേറ്റ് നടക്കുക.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാർ എന്ന ആനയാണ് ഇത്തവണയും നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരം അറിയിക്കുക. നാളെ രാവിലെയാണ് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തള്ളി തുറക്കാനെത്തുക. 2020ൽ നടന്ന പൂരത്തിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പകരക്കാരനായി എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുരം തുറക്കാനെത്തിയത്. തെക്കേ ഗോപുരത്തിന് മുന്നിൽ നിൽക്കുന്ന ആള്‍ക്കൂട്ടത്തെ ഇത്തവണയും ശിവകുമാ‍ർ തന്നെ അഭിവാദ്യം ചെയ്യും. തുടർന്ന് ശ്രീമൂലസ്ഥാലത്തെ നിലപാട് തറയ്ക്ക് സമീപം മൂന്ന് തവണ ശംഖ് ഊതുന്നതോടെ പൂരവിളംബരം പൂര്‍ത്തിയാകും. മറ്റന്നാളാണ് തൃശൂര്‍ പൂരം നടക്കുക. മെയ് ഒന്നിനാണ് ഉപചാരം ചൊല്ലിപ്പിരിയൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News