Thiruvanathapuram Medical College : തിരുവനന്തപുരം മെഡിക്കൽ കോളേജ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജം

ആദ്യഘട്ടമായി കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു.

Written by - Zee Malayalam News Desk | Last Updated : May 3, 2022, 10:13 PM IST
  • ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ലാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തിൽ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.
  • മന്ത്രിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു.
  • ആദ്യഘട്ടമായി കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു.
Thiruvanathapuram Medical College : തിരുവനന്തപുരം മെഡിക്കൽ കോളേജ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് കരൾമാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ലാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തിൽ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.

മന്ത്രിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പ്രാവർത്തികമാക്കുന്നതിന് ചർച്ചകൾ നടത്തുകയും അതിന്റെ ഭാഗമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുകയും ചെയ്തു.

ഈ ആക്ഷൻ പ്ലാൻ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയബന്ധിതമായി സജ്ജീകരണങ്ങൾ ഒരുക്കാൻ സാധിച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണർ ഐസിയു കൂടാതെ ഓപ്പറേഷൻ തീയറ്റർ എന്നിവ മാനദണ്ഡങ്ങൾ പ്രകാരം സജ്ജമാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ലൈസൻസ് ലഭ്യമായി. മതിയായ ജീവനക്കാരെ വിന്യസിച്ച് പരിശീലനം പൂർത്തിയാക്കി വരുന്നു. കൂടുതൽ ജീവനക്കാർക്കുള്ള പരിശീലനം തുടരുന്നതാണ്.

സ്വീകർത്താക്കളുടെ വിശദമായ ടെസ്റ്റുകളും മറ്റും പുരോഗമിക്കുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം ട്രാൻസ്പ്ലാന്റേഷന് യോഗ്യരായ രോഗികളെ രജിസ്റ്റർ ചെയ്യും. അനുയോജ്യമായ ദാതാവിനെ ലഭിക്കുന്ന മുറയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള പ്രക്രിയ ആരംഭിക്കുന്നതാണ്. ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ടീം അംഗങ്ങൾക്ക് മന്ത്രി എല്ലാ ആശംസകളും നൽകി. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, സൂപ്രണ്ട് ഡോ. നിസാറുദീൻ, സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. രമേഷ് രാജൻ, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസ്, അനസ്തീഷ്യാ വിഭാഗം മേധാവി, ഡോ. ലിനറ്റ് മോറിസ്, കെ. സോട്ടോ എക്സി. ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, ഇന്റൻസിവിസ്റ്റ് ഡോ. അനിൽ സത്യദാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News