പാലക്കാട്: വി.ടി ബൽറാം എംഎൽഎയുടെ ഓഫീസിനുനേരെ ഡിവൈഎഫ്ഐ ആക്രമണം. തൃത്താലയിലെ എംഎൽഎ ഓഫീസിന്റെ ബോർഡ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു.
എ.കെ ഗോപാലനെതിരെ ബൽറാം നടത്തിയ പരാമർശത്തിനെതിരെ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെയായിരുന്നു അക്രമം. ഓഫിസിനുനേരെ പ്രവർത്തകർ കരി ഓയിൽ പ്രയോഗവും നടത്തി.
എകെജിയുമായി ബന്ധപ്പെടുന്ന പരാമർശങ്ങൾ ഉൾപ്പെടുന്ന കുറിപ്പ് കഴിഞ്ഞ ദിവസം ബൽറാം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നു. എകെജി- സുശീലാ ഗോപാലൻ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വി. ടി ബല്‍റാം പോസ്റ്റിട്ടത്.
വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസ്സാണെന്നും 10 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ. കെ ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബൽറാം കുറിച്ചു. തുടര്‍ന്ന് അധിക്ഷേപകരമായ മറ്റു പരാമര്‍ശങ്ങളും ഉണ്ടായതോടെ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയിലൂടെ ബല്‍റാമിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി. അതിനോടൊപ്പം സിപിഎം നേതാക്കളും ഒന്നടങ്കം പ്രതിഷേധവുമായി എത്തി.