പത്തനംതിട്ട: ഇലന്തൂരിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. സുതൻ, ജോർജ് കോശി എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലന്തൂർ നെടുവേലി ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് ഇരുവർക്കും നായയുടെ കടിയേറ്റത്. ഒരാഴ്ച്ച മുൻപ് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷൻ ഭാഗത്ത് എട്ടോളം പേരെയും നിരവധി വളർത്ത് മൃഗങ്ങളെയും തെരുവ് നായ്ക്കളേയും കടിച്ച ശേഷം ചത്ത തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ആളുകളെ ആക്രമിച്ച നായയെ പിടികൂടാനായിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിൽ നാല് വയസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്. റീജിൻ-സരിത ദമ്പതികളുടെ മകൾ റോസ്ലിക്കാണ് കടിയേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റോസ്ലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Also Read: Crime News: 17 വർഷം, ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ്; രമാദേവി കൊലക്കേസിൽ പ്രതി ഭർത്താവ്
തിരൂര്‍ തിരുനാവായയിലും തെരുവ് നായയുടെ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റിരുന്നു. തെരുവ് നായ ശല്യം മൂലം കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. നിരവധി പേര്‍ക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലായിരുന്നു അവധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേരയാണ് (49) മരിച്ചത്. ജൂണിലാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. ജൂൺ ഏഴാം തീയതി സഹോദരന് കൂട്ടിരിക്കാനായാണ് സ്റ്റെഫിന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. എന്നാൽ, 9-ാം തിയതിയോടെ ഇവർ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. ഇതോടെ സ്റ്റെഫിനയെ ചികിത്സയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടർമാരോട് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...