മോട്ടോർ വാഹന വകുപ്പിൽ ജോലിക്ക് ആളില്ല; സെക്ഷൻ ക്ലർക്കുമാർ വെറുതെ,പരിശോധന പേരിന്,ഉദ്യോഗസ്ഥരിൽ കെടുകാര്യസ്ഥത

ഒരു സ്ക്വാഡിൽ എംവിഐ, എഎംവിഐ തുടങ്ങിയവരാണ് പരിശോധനകളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്, എന്നാൽ നിലവിൽ ആളില്ലാത്തത് വകുപ്പിനെ അലട്ടുന്നു

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 02:59 PM IST
  • ഡീസലടിക്കാൻ മതിയായ ഫണ്ട് സർക്കാരിൽ നിന്ന് അനുവദിക്കാത്തതിനാൽ പലപ്പോഴും റോഡ് പരിശോധനകൾ കാര്യക്ഷമമാകാതെയും വരുന്നുണ്ട്
  • ഇലക്ട്രിക് വാഹനങ്ങൾ ഉള്ളതുകൊണ്ടാണ് ഒരു പരിധിവരെയെങ്കിലും പരിശോധന മുടങ്ങാതെ നടക്കുന്നത്
  • 14 ജില്ലകളിൽ നിന്നായി 14 എൻഫോഴ്സ്മെൻ്റ് ആർടിഒമാരാണുള്ളത്
മോട്ടോർ വാഹന വകുപ്പിൽ ജോലിക്ക് ആളില്ല; സെക്ഷൻ ക്ലർക്കുമാർ വെറുതെ,പരിശോധന പേരിന്,ഉദ്യോഗസ്ഥരിൽ കെടുകാര്യസ്ഥത

തിരുവനന്തപുരം: കേരളത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ തുടർക്കഥയാകുമ്പോൾ മോട്ടോർ വാഹന വകുപ്പിന് മതിയായ പരിശോധനകൾ നടത്താൻ കഴിയാത്തത് മധ്യമേൽനോട്ട സംവിധാനം കാര്യക്ഷമല്ലാത്തതിനാൽ. എൻഫോഴ്സ്മെൻ്റ് ചുമതലയുള്ള 400 ഓളം ഉദ്യോഗസ്ഥർ സെയ്ഫ് കേരള പ്രോജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്തുള്ളപ്പോൾ അവരെ വേണ്ടവിധത്തിൽ വിനിയോഗിക്കാൻ സർക്കാരിന് കഴിയുന്നില്ല.

വകുപ്പിലെ സംവിധാനങ്ങൾ ഡിജിറ്റൽ മാതൃകയിലാക്കിയതോടെ ഓഫീസിൽ ജോലിയില്ലാതെ കുത്തിയിരിക്കുന്നവരെ ഫീൽഡിലേക്കിറക്കാനും മേലുദ്യോഗസ്ഥർക്ക് താത്പര്യമില്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം തകൃതിയായി പരിശോധനകൾ എന്ന നിലയിലേക്ക് ഗതാഗത വകുപ്പ് മാറുന്നതും ഇക്കാരണത്താലാണെന്നും ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.

ALSO READ: മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ വീണ്ടും കടുവയുടെ ആക്രമണം

ഒരു എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ എംവിഐ, എഎംവിഐ തുടങ്ങിയവരാണ് പരിശോധനകളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. എന്നാൽ, എൻഫോഴ്സ്മെന്റ് ആർടിഒമാർക്കൊപ്പം ജില്ല ഓഫീസുകളിൽ ജോലിചെയ്യുന്ന ക്ലാർക്കുമാർക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. വകുപ്പിലെ മുഴുവൻ കാര്യങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയതോടെ (വാഹൻ സാരഥി, പരിവാഹൻ) ഇവരിൽ പലർക്കും ഭാരിച്ച ഉത്തരവാദിത്വവുമില്ല.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ആർ സി ബുക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രാഥമിക തലത്തിലുള്ള സേവനങ്ങൾ പോലും ഓൺലൈനാണ്. പി എസ് സി മുഖേന എൽ.ഡി ക്ലർക്ക് ലിസ്റ്റിൽ നിന്ന് ജോലിക്ക് കയറുന്ന ഇത്തരക്കാരാകട്ടെ ഓഫീസ് ജോലിക്ക് പുറമേ മറ്റൊരു പ്രവർത്തനങ്ങളിലും താൽപര്യം കാണിക്കാറുമില്ല. 

ട്രാഫിക് പരിശോധനകൾക്കും നിയമലംഘനങ്ങൾ കണ്ടെത്താനുമായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അസിസ്റ്റൻറ് മോട്ടോർ ഇൻസ്പെക്ടർമാരും നിരത്തുകളിൽ ഇറങ്ങുമ്പോൾ ഇവരെ സഹായിക്കാൻ കൂടുതൽ ജീവനക്കാരുമില്ല. അതിനാൽ പല സ്ഥലങ്ങളിലും സമയബന്ധിതമായി നടത്തേണ്ട പരിശോധനകൾ വൈകുന്നത് നിയമന ലംഘനങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്. ഇത്തരത്തിൽ ജോലി ചെയ്യുന്ന ക്ലാർക്കുമാർ ഉൾപ്പെടെയുള്ളവരെ ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനകൾക്കായി നിയോഗിച്ചാൽ തന്നെ കൂടുതൽ സ്ക്വാഡുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. 

ഉദാഹരണത്തിന് രണ്ട് സ്ക്വാഡുകൾ വരെയുള്ള ഒരു താലൂക്കിൽ സഹായത്തിന് കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ അത് നാല് ആക്കി തിരിച്ചു കൊണ്ട് തന്നെ നിയമലംഘനങ്ങൾക്ക് മേലുള്ള പരിശോധനകൾ കർശനമാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നുണ്ട്. 14 ജില്ലകളിൽ നിന്നായി 14 എൻഫോഴ്സ്മെൻ്റ് ആർടിഒമാരാണുള്ളത്. ഇവരെ സഹായിക്കാനാണ് മതിയായ ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിൽ ഇല്ലാത്തത്. കാസർകോട് മുതൽ പാറശാല വരെയുള്ള കേന്ദ്രങ്ങളിൽ ഇതുതന്നെയാണ് സ്ഥിതി. 

ALSO READ: വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി : പൊളിക്കില്ലെന്ന് സമര സമിതി

ഡീസലടിക്കാൻ മതിയായ ഫണ്ട് സർക്കാരിൽ നിന്ന് അനുവദിക്കാത്തതിനാൽ പലപ്പോഴും റോഡ് പരിശോധനകൾ കാര്യക്ഷമമാകാതെയും വരുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ഉള്ളതുകൊണ്ടാണ് ഒരു പരിധിവരെയെങ്കിലും പരിശോധന മുടങ്ങാതെ നടക്കുന്നതെന്നുള്ളതും മറ്റൊരു പ്രധാനപ്പെട്ട സവിശേഷതയാണ്. അതുകൊണ്ടുതന്നെ അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം പേരിന് നടക്കുന്ന പരിശോധനകൾ ഒഴിവാക്കാൻ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നുള്ളതാണ് ഉയരുന്ന പ്രധാന ആവശ്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News