പരശുറാം എക്സ്പ്രസിന് നാലര മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്താമെന്ന് ആര്യാടൻ ഷൗക്കത്ത്. എന്നാൽ ഷൗക്കത്ത് പറയുന്ന കണക്കുകളും യാഥാർഥ്യവും തമ്മിൽ ബന്ധമില്ലെന്നാണ് സോഷ്യൽ മീഡിയയിലെ വാദം. സിൽവർ ലൈൻ പദ്ധതി അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയെ സംബന്ധിച്ചാണ് ഇപ്പോൾ വാദ പ്രതിവാദങ്ങൾ നടക്കുന്നത്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പദ്ധതികളിൽ പുലർത്തിയിരുന്ന ശ്രദ്ധയെ ചൂണ്ടിക്കാട്ടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വീഡിയോ ആരംഭിക്കുന്നത്.
പദ്ധതികൾക്ക് അംഗീകാരം നൽകാൻ രാഷ്ട്രശിൽപ്പിയായ നെഹ്റുവിന് ഒരു മാനദണ്ഡമുണ്ട്. അദ്ദേഹത്തിന്റെ അടുത്തേക്ക് നിരവധി പദ്ധതിയുമായി മന്ത്രിമാരും ഉദ്യോഗസ്ഥരും വരുമ്പോൾ അദ്ദേഹം ആദ്യം ആ പദ്ധതിയുടെ സാധ്യത പരിശോധിക്കുന്നത് ഇങ്ങനെയാണ്.. അദ്ദേഹം അവരോട് ചോദിക്കുന്നത് ഈ പദ്ധതി കൊണ്ട് ഈ രാജ്യത്തെ ഏറ്റവും താഴെത്തട്ടിൽ കിടക്കുന്ന അതി ദരിദ്രന് എന്ത് ഗുണമാണ് ലഭിക്കുന്നത്. നെഹ്റുവിന്റെ ആ ചോദ്യത്തിന് മറുപടി ലഭിച്ചാൽ മാത്രമേ നെഹ്റു ആ പദ്ധതി കേൾക്കാൻ തന്നെ തയ്യാറാകൂ എന്നതാണ് അദ്ദേഹത്തിന്റെ ശീലം. ഈ മാനദണ്ഡം വച്ച് സിൽവർ ലൈൻ പദ്ധതിയെ വിലയിരുത്തിയാൽ നമുക്ക് ആദ്യം തന്നെ ഈ പദ്ധതി തള്ളേണ്ടി വരും. കാരണം ആ പദ്ധതി വിശദീകരിക്കുന്ന തോമസ് ഐസക് വളരെ വ്യക്തമായി വസ്തുനിഷ്ഠമായി തന്നെ പറഞ്ഞിട്ടുണ്ട് ഈ പദ്ധതി കേരളത്തിലെ പകുതിയോളം വരുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന്.
നമ്മുടെ പരശുറാം എക്സ്പ്രസ്സിനും നാലര മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തെത്താനാവുമെന്നാണ് ഷൗക്കത്ത് വ്യക്തമാക്കുന്നത്. 48 സ്റ്റോപ്പുകളിൽ നിർത്തി പുറപ്പെടുന്നതിനായിട്ടാണ് പരശുറാം ആറ് മണിക്കൂർ 24 മിനിറ്റ് സമയമെടുക്കുന്നത്. ഓടിയെത്താൻ നാലര മണിക്കൂർ മാത്രം മതിയെന്നാണ് അദ്ദേഹം പറയുന്നത്. സിൽവർ ലൈൻ ട്രെയിനുകൾക്ക് ഒമ്പത് സ്റ്റോപ്പുകൾക്കായി അനുവദിച്ച സമയം ഒരുമണിക്കൂറാണ്. ഒമ്പത് സ്റ്റോപ്പുകളിൽ മാത്രമായി പരശുറാം എക്സ്പ്രസ്സിന്റെ യാത്രയും പരിമിതപ്പെടുത്തിയാൽ അഞ്ചര മണിക്കൂറുകൊണ്ട് തിരുവന്തപുരത്തെത്താനാവുമെന്നാണ് ആര്യാടൻ ഷൗക്കത്ത് വീഡിയോയിൽ പറയുന്നത്. എന്നാൽ യാഥാർത്ഥ്യം മറച്ച് വച്ചാണ് ആര്യാടൻ ഷൗക്കത്ത് സംസാരിക്കുന്നതെന്നാണ് സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർ കമന്റുകളിലൂടെ മറുപടി നൽകുന്നത്.
നിലവിൽ കേരളത്തിൽ തെക്കു വടക്ക് ഓടുന്ന പരശുറാം എക്സ്പ്രസ്സ്ന്റെ സ്റ്റോപ്പുകൾ 9 ആയി കുറച്ചാൽ അഞ്ചു അര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് എത്താം എന്ന് അദ്ദേഹം പറയുമ്പോൾ, ഇതേ റൂട്ടിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഓടുന്ന രാജധാനി എക്സ്പ്രസ്സ് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടാൽ 8 ആമത്തെ സ്റ്റോപ്പിൽ കാസർഗോഡ് എത്തും. എന്നാൽ ഇതേ രാജധാനി 9 മണിക്കൂർ കൊണ്ടാണ് ഇത്രയും ദൂരം ഓടുന്നത്. ഇവിടെ തന്നെ ആര്യാടൻ ഷൗക്കത്തിന്റെ വാദം പൊളിയുമെന്നാണ് സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർ കമന്റ് ചെയ്യുന്നത്. സിൽവർ ലൈനിന് 11 സ്റ്റേഷൻ ആണുള്ളത്, പുറപ്പെടുന്ന സ്റ്റേഷൻ മാറ്റി നിർത്തിയാൽ 10 സ്റ്റോപ്പ് ഉണ്ട്. 9 സ്റ്റോപ്പ് അല്ലെന്നും കമന്റുകൾ വരുന്നുണ്ട്. വസ്തുതകളെ വളച്ചൊടിച്ച് വികസനത്തെ എതിർക്കരുതെന്നും ചിലർ കമന്റുകളിലൂടെ പ്രതികരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...